ADVERTISEMENT

ലണ്ടന്‍∙ ലേബര്‍ പാര്‍ട്ടിയുടെയും രാഷ്ട്രീയ നിരീക്ഷകരുടെയും കണക്കുകൂട്ടലുകള്‍ തെറ്റിച്ചുകൊണ്ട് ഋഷി സുനകിന്റെ നേതൃത്വത്തിൽ കൺസർവേറ്റീവ് പാര്‍ട്ടി നില മെച്ചപ്പെടുത്തുന്നു. ഒരു മാസം മുന്‍പ് വരെ ബ്രിട്ടനിലെ മുഖ്യ പ്രതിപക്ഷമായ ലേബർ പാർട്ടിയുമായി ഉണ്ടായിരുന്ന വലിയ വ്യത്യാസം കുറഞ്ഞു വരികയാണ്. ഹരിത നയത്തില്‍ വരുത്തിയ മാറ്റങ്ങളും റുവാണ്ട പദ്ധതിയുമെല്ലാം ജനങ്ങള്‍ക്കിടയില്‍ ഋഷി സുനകിന്റെ ജനപ്രീതി സാവധാനം ഉയര്‍ത്തുന്നതായാണ് ഇപ്പോള്‍ കാണാൻ കഴിയുന്നത്.

 

ഇന്ന് മാഞ്ചസ്റ്ററിൽ ആരംഭിക്കുന്ന കണ്‍സര്‍വേറ്റീവ് പാര്‍ട്ടി സമ്മേളനത്തിന് മുന്‍പായി നടന്ന അഭിപ്രായ സര്‍വ്വേയില്‍ ഋഷി സുനക് ധീരമായി എടുത്ത തീരുമാനങ്ങള്‍ ജനങ്ങളെ പാര്‍ട്ടിയിലേക്ക് തിരികെ കൊണ്ടു വരുന്നുവെന്നാണ് തെളിഞ്ഞത്. ഇതോടൊപ്പം ജനപ്രീതിക്ക് കൂടുതൽ നികുതി ഇളവുകള്‍ വേണമെന്നും ആവശ്യം ഉയരുന്നുണ്ട്. ദേശീയ കടം കുറച്ചു കൊണ്ടുവരുന്ന കാര്യത്തില്‍ ജനങ്ങള്‍ ലേബര്‍ പാർട്ടി നേതാവ് സര്‍ കീര്‍ സ്റ്റാര്‍മറെക്കാള്‍ കൂടുതലായി വിശ്വസിക്കുന്നത് ഇപ്പോൾ ഋഷി സുനകിനെയെന്നാണ് പൊതുവിൽ ഉയരുന്ന അഭിപ്രായം.

 

അനധികൃത അഭയാര്‍ത്ഥികളെ റുവാണ്ടയിലേക്ക് നാടുകടത്തുന്ന കാര്യത്തിലും പെട്രോള്‍, ഡീസല്‍ കാറുകളുടെ വില്‍പന നിരോധിക്കുന്നത് നീട്ടിയതുള്‍പ്പടെയുള്ള ഹരിത നയങ്ങളിലും ജനങ്ങള്‍ പൂര്‍ണ്ണമായും ഋഷി സുനകിന് അനുകൂലമാണ്. പകുതിയിലധികം പേര്‍ സര്‍ക്കാരിന്റെ പുതിയ ഹരിത നയങ്ങളെ അനുകൂലിച്ചപ്പോള്‍ വെറും 36 ശതമാനം പേര്‍ മാത്രമായിരുന്നു എതിര്‍ത്തത്. പുതിയ പെട്രോള്‍, ഡീസല്‍ കാറുകളുടെ വില്‍പന 2030 ആകുമ്പോൾ നിരോധിക്കാനായിരുന്നു നേരത്തേ തീരുമാനിച്ചത്. എന്നാല്‍ പോയ വാരത്തിൽ ഋഷി സുനക് ഇത് 2035 വരെ നീട്ടിയിരുന്നു.

 

Read also: ദുബായുടെ ചിരകാല സ്വപ്നം യഥാർത്ഥ്യമായിട്ട് ഇന്നേക്ക് 63 വർഷം


 

ജനപ്രീതിയില്‍ ഇപ്പോഴും ലേബര്‍ പാര്‍ട്ടി തന്നെയാണ് മുന്‍പിലെങ്കിലും, ഇരു പാര്‍ട്ടികളും തമ്മിലുള്ള വിടവ് കുറയ്ക്കാന്‍ ടോറികള്‍ക്കായിട്ടുണ്ട്. ഒരു മാസത്തിനിടയില്‍ ഇത് മൂന്നാം തവണയാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ഈ വിടവ് കുറച്ചു കൊണ്ടു വരുന്നത്. ഒരു മാസം മുന്‍പ് ഇതുവരുടെയും ജനപ്രീതികള്‍ക്കിടയില്‍ ഉണ്ടായിരുന്ന വ്യത്യാസം 21 പോയിന്റാണെങ്കില്‍, ഈയാഴ്ച്ച അത് 18 പോയിന്റ് ആയിട്ടുണ്ട്. ഇതു നൽകുന്ന സൂചന ജനകീയ പദ്ധതികൾ പ്രഖ്യാപിച്ച് ഋഷി സുനക് മുന്നോട്ടു പോവുകയാണെങ്കിൽ ടോറികൾക്ക് 2024 മേയിൽ നടക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ നില മെച്ചപ്പെടുത്തി വീണ്ടും അധികാരത്തിൽ എത്താൻ കഴിയുമെന്ന് തന്നെയാണ്.അതിനായുള്ള ചർച്ചകളും നീക്കങ്ങളും ഇന്ന് മുതൽ ആരംഭിക്കുന്ന കൺസർവേറ്റീവ് പാർട്ടി സമ്മേളനത്തിൽ ഉണ്ടാകും.

 

ഇന്ന് മുതൽ ഒക്ടോബർ 4 വരെ മാഞ്ചസ്റ്റർ സെന്ററിൽ വെച്ചാണ് സമ്മേളനം. സമ്മേളനത്തിനായി ഋഷി സുനകും ഭാര്യ അക്ഷത മൂർത്തിയും മാഞ്ചസ്റ്ററിൽ കഴിഞ്ഞ ദിവസം എത്തിയിരുന്നു. പാർട്ടി വീണ്ടും അധികാരത്തിൽ വന്നാൽ ഋഷി സുനകിന് പ്രധാനമന്ത്രിപദത്തില്‍ രണ്ടാമൂഴം നൽകണമെന്ന ആവശ്യം സമ്മേളനത്തിൽ ഒരുപക്ഷെ ഉണ്ടായേക്കാമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. മുൻ പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ രാജിയെ തുടർന്ന് ഉണ്ടായ സംഭവവികാസങ്ങള്‍ ഏറെ പരമ്പരാഗത വോട്ടര്‍മാരെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ നിന്നും അകറ്റിയിരുന്നു. എന്നാൽ വരുന്ന മാസങ്ങളില്‍ മെച്ചപ്പെട്ട നയങ്ങളും പദ്ധതികളും വഴി കുറേപ്പേരെ കൂടി പാര്‍ട്ടിയിലേക്ക് അടുപ്പിക്കാന്‍ സാധിച്ചാല്‍ ഋഷി സുനകിന് രണ്ടാമൂഴം ലഭിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ  വിലയിരുത്തൽ.

 

 

English Summary: Conservatives improve their position in Britain under Rishi Sunak; the party's conference begins in Manchester today.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com