റെജി ജോണിന് യുകെ മലയാളികൾ അന്ത്യഞ്ജലി നൽകി; സംസ്കാരം ഒക്ടോബർ 7 ന് കോന്നി കിഴവള്ളൂരിൽ

Mail This Article
ലണ്ടൻ ∙ യുകെ ഹേവാർഡ്സ് ഹീത്തിൽ അന്തരിച്ച പത്തനംതിട്ട കോന്നി സ്വദേശി റെജി ജോണിന് (53) യുകെ മലയാളികൾ അന്ത്യഞ്ജലി നൽകി. സംസ്കാരം ഒക്ടോബർ 7 ശനിയാഴ്ച കോന്നി കിഴവള്ളൂരിൽ നടക്കും. ചൊവ്വാഴ്ച രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1.30 വരെ ക്രോളി ഹോളി ട്രിനിറ്റി ഇന്ത്യൻ ഓർത്തോഡോക്സ് പള്ളിയിൽ വച്ച് നടന്ന പൊതുദർശനത്തിൽ നൂറുകണക്കിന് യുകെ മലയാളികളാണ് അന്ത്യഞ്ജലിയേകാൻ എത്തിയത്. ഹേവാർഡ്സ് ഹീത്ത് എൻഎച്ച്എസ് ആശുപത്രി ജീവനക്കാരനായിരുന്നു റെജി. ജോലിസ്ഥലത്തിന് സമീപത്തെ പാർക്കിങ് സ്ഥലത്ത് കാറിനുള്ളിൽ അവശ നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് ചികിത്സയ്ക്കിടം സെപ്റ്റംബർ 13 നായിരുന്നു മരണം. ശ്വാസകോശ സംബന്ധമായ രോഗങ്ങളാണ് മരണ കാരണം.


പൊതുദർശന ശുശ്രൂഷയ്ക്ക് ഇന്ത്യൻ ഓർത്തഡോക്സ് സഭയുടെ യുകെ, യൂറോപ്പ് ആൻഡ് ആഫ്രിക്ക ഭദ്രാസനാധിപൻ എബ്രഹാം മാർ സ്തേഫാനോസ് മെത്രാപ്പൊലീത്ത, ഇടവക വികാരി ഫാ. മോബിൻ വർഗീസ് എന്നിവർ നേതൃത്വം നൽകി. ഓർത്തഡോക്സ് സഭയുടെ വിവിധ ദേവാലയങ്ങളിൽ നിന്നുള്ള വൈദീകരും ശുശ്രൂഷകളിൽ പങ്കെടുത്തു. സംസ്കാരം ഒക്ടോബർ 7 ശനിയാഴ്ച രാവിലെ 9 മണിക്ക് ഭവനത്തില്‍ നടക്കുമ്മ ശുശ്രൂഷകൾക്ക് ശേഷം 11 ന് കോന്നി കിഴവള്ളൂർ സെന്റ്. പീറ്റർ ഓർത്തഡോക്സ് പള്ളിയിൽ വച്ച് നടക്കും.
സംസ്കാര ശുശ്രൂഷകൾക്ക് മലങ്കര ഓർത്തഡോക്സ് സഭയുടെ വലിയ മെത്രാപ്പൊലീത്ത കുര്യാക്കോസ് മാർ ക്ളീമിസ്, തുമ്പമൺ ഭദ്രാസനാധിപൻ ഡോ. എബ്രഹാം മാർ സെറാഫിം എന്നിവർ നേതൃത്വം നൽകും. പത്തനംതിട്ട കോന്നി കിഴവള്ളൂർ വലിയപറമ്പില്‍ കുടുംബാംഗമാണ് റെജി. ഹേവാർഡ്സ് ഹീത്ത് എൻഎച്ച്എസ് ഹോസ്പിറ്റലിൽ നഴ്‌സായ ബിന്‍സിമോള്‍ കുര്യാക്കോസാണ് ഭാര്യ. മക്കൾ: അന്യ മേരി റെജി, ആബേല്‍ റെജി