പീഡന കേസ്: ബ്രിട്ടീഷ് പാർലമെന്റംഗം അറസ്റ്റിൽ
Mail This Article
ലണ്ടൻ∙ ബ്രിട്ടീഷ് പാർലമെന്റ് അംഗവും മുതിർന്ന ടോറി നേതാവുമായ ക്രിസ്പിൻ ബ്ലണ്ടിനെ പീഡന കേസിൽ പോലീസ് അറസ്റ്റുചെയ്തു. രണ്ടുവട്ടം വിശദമായി ചോദ്യം ചെയ്ത ശേഷമായിരുന്നു പൊലീസ് മുൻ മന്ത്രികൂടിയായ ബ്ലണ്ടിനെ അറസ്റ്റുചെയ്തത്. ബുധനാഴ്ച പോലീസ് തന്നെ അറസ്റ്റുചെയ്തതായി അദ്ദേഹം തന്നെയാണ് പ്രസ്താവനയിൽ സ്ഥിരീകരിച്ചത്.
1997 മുതൽ റായ്ഗേറ്റിൽ നിന്നുള്ള പാർലമെന്റ് അംഗമാണ് ക്രിസ്പിൻ ബ്ലണ്ട്. 2010 മുതൽ 2012 വരെ ജസ്റ്റിസ് മിനിസ്റ്ററായും പിന്നീട് ഫോറിൻ അഫയേഴ്സ് കമ്മിറ്റി അംഗമായും പ്രവർത്തിച്ചുട്ടുള്ള ക്രിസ്പിൻ ഭരണക്ഷിയിലെ പ്രമുഖ നേതാവാണ്. ആരോപണങ്ങൾ നിഷേധിച്ച അദ്ദേഹം അന്വേഷണത്തിന് സറെ പൊലീസുമായി എല്ലാവിധത്തിലും സഹകരിക്കുന്നുണ്ടെന്നും വ്യക്തമാക്കി. അറസ്റ്റു രേഖപ്പെടുത്തിയ എംപിയെ പോലീസ് ചില നിബന്ധനകളോടെ ജാമ്യത്തിൽ വിട്ടു. സംഭവത്തെക്കുറിച്ച് കൺസർവേറ്റീവ് പാർട്ടി ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.