ADVERTISEMENT

ലണ്ടൻ ∙ ഖത്തറിലെ പ്രമുഖ സാംസ്കാരിക കൂട്ടായ്മയായ ഖത്തർ സംസ്കൃതിയുടെ പത്താമത് സാഹിത്യ പുരസ്കാരം യുവ കഥാകൃത്തായ ലണ്ടനിലെ മലയാളി നഴ്സ് ലിൻസി വർക്കിയ്ക്ക്. ലിൻസിയുട ‘പാദാൻ ആരാമിലെ പ്രണയികൾ’ എന്ന ചെറുകഥയ്ക്കാണ് പുരസ്കാരം. 50,000 രൂപയും പ്രശസ്തി ഫലകവും അടങ്ങുന്ന പുരസ്കാരം ഡിസംബറിൽ ദോഹയിൽ നടത്തുന്ന സാസ്കാരിക സമ്മേളനത്തിൽ സമ്മാനിക്കും. ഇടുക്കി ജില്ലയിലെ കട്ടപ്പന സ്വദേശിനിയായ ലിൻസി വർക്കി കുടുംബസമ്മേതം ഇംഗ്ലണ്ടിലെ കെന്റിൽ റെയ്നാമിലാണ് താമസം. ഇംഗ്ലണ്ടിലെ നാഷണൽ ഹെൽത്ത് സർവീസിൽ (എൻ.എച്ച്.എസ്) നഴ്സാണ് ലിൻസി. ഭർത്താവ് റെന്നി വർക്കിയും എൻ.എച്ച്.എസ് .ഉദ്യോഗസ്ഥനാണ്. മക്കൾ- വിദ്യാർഥികളായ വിവേക്, വിനയ. 

വർഷങ്ങളായി ഓൺലൈൻ പ്ലാറ്റ്ഫോമിലും ആനുകാലികങ്ങളിലും കഥകൾ എഴുതുന്ന ഈ യുവ സാഹിത്യകാരിയുടെ ദേശാഭിമാനിയിൽ പ്രസിദ്ധീകരിച്ച ഓഷുൻ എന്ന കഥ ഏറെ ശ്രദ്ധേയമായിരുന്നു. വിവിധ ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ച ഹാർട്ട് പെപ്പർ റോസ്റ്റ്, മിയ മാക്സിമ കുൽപ, നിശാചരൻ, കുട്ടിയച്ചനും കുട്ടിച്ചാത്തനും ഡിറ്റൻഷൻ, വാലന്റൈൻ എന്നീ കഥകൾ ഏറെ നിരൂപക പ്രശംസ പിടിച്ചുപറ്റിയവയാണ്. തെസ്ലോനിക്കയിലെ വിശുദ്ധൻ എന്ന കഥയ്ക്ക് നല്ലെഴുത്ത് ഓൺലൈൻ കൂട്ടായ്മ സംഘടിപ്പിച്ച കഥോദയം അവാർഡ് ലഭിച്ചിരുന്നു. ഡി.സി. ബുക്സുമായി ചേർന്ന് അഥിനീയം –യുകെ നടത്തിയ സാഹിത്യ മൽസരത്തിൽ ലിൻസിയുടെ ദ്രവശില എന്ന കഥയ്ക്കായിരുന്നു ഒന്നാം സമ്മാനം. അഡ്രിയാന എന്ന കഥയ്ക്ക് തായംപൊയിൽ ലൈബ്രറിയുടെ സുഗതകുമാരി സ്മാരക അവാർഡും ലഭിച്ചു. 

ഇംഗ്ലണ്ടിലെ വിവിധ സാംസ്കാരിക കൂട്ടായ്മകളിലും സാഹിത്യ സദസുകളിലും സജീവ സാന്നിധ്യമാണ് ലിൻസി. ഇന്ത്യക്കു പുറത്തുള്ള രാജ്യങ്ങളിൽ സ്ഥിരതാമസക്കാരായ 18 വയസിനു മുകളിൽ പ്രായമുള്ളവരുടെ, മുൻപ് പ്രസിദ്ധീകരിച്ചിട്ടില്ലാത്ത മൌലികമായ രചനകളാണ്  സംസ്കൃതി അവാർഡിനായി പരിഗണിച്ചത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള 75 എൻട്രികളിൽനിന്നാണ് ലിൻസിയുടെ കഥ അവാർഡിന് തിരഞ്ഞെടുത്തത്. പ്രശസ്ത സാഹിത്യകാരൻ ടി.ഡി. രാമകൃഷ്ണൻ, വി.ഷിനിലാൽ, എസ്. സിതാര എന്നിവരടങ്ങിയ ജൂറിയാണ് പുരസ്കാര നിർണയം നടത്തിയത്. സംസ്കൃതി പ്രസിഡന്റ് അഹമ്മദ്കുട്ടി ആറളയിൽ, ജനറൽ സെക്രട്ടറി എ.കെ. ജലീൽ, പ്രവാസി ക്ഷേമബോർഡ് ഡയറക്ടറും സംസ്കൃതി മുൻ ജനറൽ സെക്രട്ടറിയുമായ ഇ.എം. സുധീർ, സാഹിത്യ പുരസ്കാര സമിതി കൺവീനർ ബിജു പി. മംഗലം, എന്നിവർ ദോഹയിൽ വാർത്താസമ്മേളനത്തിലാണ് അവാർഡ് വിവരങ്ങൾ പ്രഖ്യാപിച്ചത്. 

English Summary:

The 10th Literary Award of Qatar Samskrithi, a leading cultural organization in Qatar, was awarded to a young storyteller, Malayalee nurse Lincy Varki from London.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT