ADVERTISEMENT

ലണ്ടൻ ∙ യുകെയിൽ ഹെൽത്ത് ആൻഡ് കെയർ ജോലിക്കാർക്ക് ഇനിമുതൽ പങ്കാളിയെയോ കുട്ടികളെയോ ആശ്രിതരായി കൊണ്ടുവരാനാകില്ലെന്ന നിയമഭേദഗതി രാജ്യത്ത് നിലവിലുള്ളവരെ ബാധിക്കാനിടയില്ല. ഏപ്രിൽ മുതലാണ് പുതിയ നിയമഭേദഗതി പ്രാബല്യത്തിലാകുന്നത്. മുൻകാല പ്രാബല്യത്തോടെ എമിഗ്രേഷൻ നിയമങ്ങൾ പരിഷ്കരിക്കുന്നത് ബ്രിട്ടനിൽ പതിവില്ലാത്തതിനാൽ ഇതിനോടകം കെയർ വിസയിൽ എത്തിയവർക്ക് പുതുതായി ഏർപ്പെടുത്തിയ കനത്ത നിയന്ത്രണങ്ങൾ ബാധകമായേക്കില്ലെന്നാണ് എമിഗ്രേഷൻ സോളിസിറ്റർമാരുടെ വിലയിരുത്തൽ. എന്നാൽ ഇക്കാര്യത്തിൽ സർക്കാർ ഔദ്യോഗിക വിശദീകരണം നൽകിയിട്ടില്ല.

യുകെ ജോലിക്കായി വിസ ലഭിക്കാനും ഫാമിലി വീസ ലഭിക്കാനുമുള്ള കുറഞ്ഞ വാർഷിക ശമ്പളം നിലവിലെ 26,200 പൗണ്ടിൽനിന്നും 38,700 പൗണ്ടായി ഉയർത്തിയ തീരുമാനം എൻ.എച്ച്.എസ് നഴ്സുമാരുടെ റിക്രൂട്ട്മെന്റിന് ബാധകമായിരിക്കില്ല എന്ന് സർക്കാർ വെബ്സൈറ്റിൽ കൃത്യമായി പറയുന്നുണ്ട്. എഡിറ്റർമാർക്കുള്ള പ്രത്യേക കുറിപ്പായി തന്നെ ഇത് മന്ത്രിയുടെ പ്രസ്താവനയ്ക്കൊപ്പം ചേർത്തിട്ടുണ്ട്. ഐ.ഇ.എൽ.ടി.എസോ അല്ലെങ്കിൽ ഒ.ഇ.ടിയോ പാസായി എൻ.എച്ച്.എസ് ട്രസ്റ്റുകൾ ചുമതലപ്പെടുത്തുന്ന ഏജൻസികൾവഴി എത്തുന്ന നഴ്സുമാർക്ക് ഇനിയും ബ്രിട്ടനിലേക്കുള്ള അവസരം തുടരുമെന്ന് ചുരുക്കം. ഒപ്പം നഴ്സിങ് ജോലിയുടെ മറവിൽ ലക്ഷങ്ങൾ വാങ്ങി ചില ഏജന്റുമാർ നടത്തിവന്ന ‘’കെയർ വിസ കൊള്ള’’ ഒറ്റയടിക്ക് ഇല്ലാതാകുകയും ചെയ്യും.

ഹെല്‍ത്ത് ഇമിഗ്രേഷന്‍ സര്‍ച്ചാര്‍ജ്ജിൽ വരുത്തിയ  66 ശതമാനം വർധന മാത്രമാകും എൻ.എച്ച്.എസിലേക്ക് എത്തുന്ന നഴ്സുമാർക്ക് അധികഭാരമാകുക.  624 പൗണ്ട് ആയിരുന്ന സര്‍ചാര്‍ജ് 1035 പൗണ്ട് ആക്കിയാണ് ഉയര്‍ത്തിയിരിക്കുന്നത്. ഇത് അവരുടെ ആശ്രിത വിസകൾക്കും ബാധകമാകും. ‘’ഇതുവരെയുള്ളതൊക്കെ മതി, ഇനിയും സഹിക്കാനാകില്ല’’ എന്ന ആമുഖത്തോടെയായിരുന്നു ഹോം സെക്രട്ടറി ജെയിംസ് ക്ലവേർലി കഴിഞ്ഞ ദിവസം പാർലമെന്റിൽ കുടിയേറ്റ നിയമഭേദഗതികളെ ന്യായീകരിച്ചത്.  സ്വർണ ഖനിപോലെ തുറന്നു കിട്ടിയ അവസരം മലയാളികൾ ഉൾപ്പെടെയുള്ളവർ ഒരു മന:സാക്ഷിയുമില്ലാതെ ദുരുപയോഗം ചെയ്ത് മുതലെടുപ്പു നടത്തിയതോടെയാണ് ഒടുവിൽ ഈ അവസരം തന്നെ ഇല്ലാതാകുന്നത്. കൂണുപോലെ മുളച്ചുപൊങ്ങിയ റിക്രൂട്ട്മെന്റ് ഏജൻസികളുടെ ആർത്തികൂടി ആയതോടെ ഈ അവസരത്തിന്റെ അന്ത്യകൂദാശ എളുപ്പമായി. കെയർ വിസയിൽ എത്തിയ പല കുടുംബങ്ങളും മെച്ചപ്പെട്ട ജീവിത നിലവാരം കണ്ടെത്താനാകാതെ ബുദ്ധിമുട്ടുന്ന കഥകൾ പരാതിയായും മാധ്യമ റിപ്പോർട്ടുകളായും ഹോം ഓഫിസിന്റെ ശ്രദ്ധയിൽ എത്തിയിരുന്നു. പലരും ഫുഡ് ബാങ്കിനെയും ചാരിറ്റികളെയും  ആശ്രയിച്ചു കഴിയുന്ന സാഹചര്യവും നിവേദനങ്ങളായി സർക്കാരിന്റെ ശ്രദ്ധയിലെത്തി. 

സ്റ്റുഡന്റ് വിസയിലും കെയർ വിസയിലും വർഷങ്ങളായി ഏറെ ദുരുപയോഗം നടന്നതായുള്ള മന്ത്രിയുടെ വെളിപ്പെടുത്തൽ ഇതിന്റെ തെളിവാണ്. റിക്രൂട്ട്മെന്റ് ഏജൻസിയുടെ ആർത്തിയുടെ ഫലമായി വിദ്യാർഥി വിസയിലെത്തിയയാൾ ആത്മഹത്യ ചെയ്ത സംഭവവും ഒരു വീട്ടിൽ നാലു കുടുംബത്തിലെ പതിനൊന്നു പേരുൾപ്പെടെ 16 പേർ  ഒരുമിച്ചു താമസിച്ചതുമെല്ലാം   വാർത്തകളായയത് സർക്കിന്റെ ശ്രദ്ധിയിലുണ്ട്. ഗാർഡിയൻ, ടെലഗ്രാഫ്, ഡെയ്ലി മെയിൽ, സ്കൈ ന്യൂസ് തുടങ്ങിയ ദേശീയ മാധ്യമങ്ങളിൽ വരെ കെയർ വിസയുടെ മറവിൽ നടക്കുന്ന ചതികളും ലക്ഷങ്ങൾ വാങ്ങിയുള്ള ഏജന്റുമാരുടെ തട്ടിപ്പുകളും വാർത്തയായി. ഈ സാഹചര്യത്തിൽ ഇതെക്കുറിച്ച് പഠിക്കാനും നടപടികൾ സ്വീകരിക്കാനും ഹോം ഓഫിസ് എൻഫോഴ്സ്മെന്റ് ടീമിനെ തന്നെ നിശ്ചയിച്ചിരുന്നു. മുൻ ഹോം സെക്രട്ടറി സുവെല്ല ബ്രേവർമാന്റെ കാലത്തു നടന്ന ഈ നടപടികളുടെ പൂർത്തീകരണം മാത്രമാണ് ജെയിംസ് ക്ലെവർലി നടത്തിയത്. കഴിഞ്ഞ മൂന്നു വർഷക്കാലത്തിനിടെ സ്റ്റുഡന്റ് വിസയിലും കെയർ വിസയിലും ബ്രിട്ടനിലെത്തിയ പതിനായിരക്കണക്കിന് മലയാളികളിൽ പഠിക്കാനോ കെയർ ജോലി ചെയ്യാനാ ഉള്ള ഇഷ്ടം കൊണ്ടു  വന്നവരല്ല. എങ്ങനെയും യുകെയിലെത്തി ജീവിതം കരുപ്പിടിപ്പിക്കുക എന്ന ലക്ഷ്യം മാത്രമായിരുന്നു ഇവരിൽ മഹാഭൂരിപക്ഷത്തിനും. ഇതിൽ പലരും കുടുംബത്തെക്കൂടി കൂടെ കൂട്ടിയതോടെ യുകെയിലെ ജീവിത സാഹചര്യത്തിൽ നിത്യചെലവിനു പോലും ഗതിയില്ലാത്ത സ്ഥിതിയിലായി. ഒരു വീട്ടിൽ പലകുടുംബം താമസമായി. പലരും ചാരിറ്റി സംഘടനകളുടെ പോലും സഹായം തേടിയാണ് ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നത്. ഇതെല്ലാം മനസിലാക്കിയാണ് കെയർ വിസയുടെ പേരിൽ നടക്കുന്ന കുടിയേറ്റത്തിന് തടയിടാൻ സർക്കാർ തീരുമാനിച്ചത്.

വിദ്യാർഥി വീസയിലെത്തിയ പലരും ക്യാംപസ് പോലും കാണാത്തവരായുണ്ട്. പഠനത്തിന്റെ മറവിൽ ജോലിചെയ്യാനായി മാത്രം എത്തിയവരാണിവർ. ഇത്തരക്കാർ പല മികച്ച യൂണിവേഴ്സിറ്റികൾക്കും വരുത്തിവച്ച വിനയും ചില്ലറയല്ല. ചില  യൂണിവേഴ്സിറ്റികളുടെ സ്കോറിംങ് റേറ്റ്  പോലും വിദേശ വിദ്യാർഥികൾ മൂലം നഷ്ടമായി. കോഴ്സിനു ചേർന്ന എല്ലാവരും തോറ്റതോടെ ആ കോഴ്സുതന്നെ നഷ്ടമായ യൂണിവേഴ്സിറ്റി പോലുമുണ്ട്. ഈ കഥയിലെ വില്ലന്മാർ ഏറെയും മലയാളികളായിരുന്നു.

വിദ്യാർഥികളായെത്തിയ നൂറുകണക്കിനാളുകൾ വിസ സ്വിച്ചിംങ്ങിലൂടെ കെയർമാരും കെയർ അസിസ്റ്റന്റുമാരും ആയിമാറി. എങ്ങനെയും യുകെയിൽ കഴിയുക എന്ന ലക്ഷ്യം മാത്രമായിരുന്നു ഈ മാറ്റത്തിനു പിന്നിൽ. ഏറെ അർപ്പണ മനോഭാവത്തോടും ക്ഷമയോയും കരുതലോടെയും ചെയ്യേണ്ട കെയർ ജോലിയിൽ യാതൊരു താൽപര്യവുമില്ലാത്തവർ കടന്നുകൂടിയതോടെ നഴ്സിംങ് ഹോമുകളിൽ നിന്ന് ഇവരെ പലരെയും പുറത്താക്കുന്ന സാഹചര്യവുമുണ്ടായി. വീടുകളിലെത്തി രോഗികളെ പരിചരിക്കുന്ന ഡൊമൈസിലറി കെയർ വിസയുടെ മറവിലായിരുന്നു ഏജന്റുമാരുടെ മറ്റൊരു തട്ടിപ്പ്. വീടും സ്ഥലവും വിറ്റും പണയം വച്ചം ലക്ഷങ്ങൾ ഏജന്റിനു നൽകി, വ്യാജ സർട്ടിഫിക്കറ്റും ഇല്ലാത്ത ജോലി പരിചയവുമെല്ലാം കാണിച്ച് ഡൊമൈസിലറി കെയറിനായി എത്തിയവർ ആഴ്ചയിൽ ഒരു ദിവസം പോലും പണിയില്ലാതെ ഏജന്റുമാരുടെ പുറകെ നടക്കുന്ന സംഭവങ്ങൾ നിരവധിയാണ്. ഇവരിൽ ചിലരൊക്കെ ഇക്കാര്യം പരസ്യമായി പറഞ്ഞ് രംഗത്തെത്തിയതും മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും അടുത്തിടെ വലിയ വാർത്തയായിരുന്നു.

English Summary:

Everything to know about the Changes to UK Visa Requirements

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com