കുടിയേറ്റ വിവാദം: ഋഷി സുനക് മന്ത്രിസഭയിൽ നിന്ന് ഇമിഗ്രേഷൻ മന്ത്രി രാജിവച്ചു
Mail This Article
ലണ്ടൻ∙ ബ്രിട്ടനിലെ കുടിയേറ്റക്കാരെ സംബന്ധിച്ച ഋഷി സുനക് സർക്കാരിന്റെ റുവാണ്ട നിയമനിർമ്മാണം ശരിയായ ദിശയിലല്ല നീങ്ങുന്നതെന്ന് ആരോപിച്ച് റോബർട്ട് ജെൻറിക്ക് ഇമിഗ്രേഷൻ മന്ത്രി സ്ഥാനം രാജിവച്ചു. മധ്യ ആഫ്രിക്കയിലേക്ക് അഭയാർഥികളെ അയ്ക്കുന്നത് തടയാനുള്ള രാജ്യാന്തര നിയമങ്ങളെ മറികടക്കാൻ നിലവിലെ നിയമനിർമ്മാണം സർക്കാരിനെ അനുവദിക്കുന്നില്ലെന്ന വസ്തുത വ്യക്തമായതിനെ തുടർന്നാണ് റോബർട്ട് ജെൻറിക്ക് രാജി വെച്ചത്. റുവാണ്ട പദ്ധതി ദുർബലപ്പെടുത്തുവാൻ സാധ്യതയുള്ള നിയമപരമായ വെല്ലുവിളികൾ അവസാനിപ്പിക്കാൻ ശക്തമായ രീതിയിലുള്ള പ്രതിരോധം ആവശ്യമാണെന്ന് റോബർട്ട് ജെൻറിക്ക് പറഞ്ഞു.
പ്രധാനമന്ത്രി ഋഷി സുനക് റുവാണ്ട കുടിയേറ്റ ബിൽ അവതരിപ്പിച്ച് മണിക്കൂറുകൾക്ക് ശേഷം ഇമിഗ്രേഷൻ മന്ത്രി രാജിവച്ചതോടെ സർക്കാർ കൂടുതൽ പ്രതിസന്ധിയിലായിരിക്കുകയാണ്. നിലവിൽ നിർദ്ദേശിച്ചിരിക്കുന്ന നിയമനിർമ്മാണം ഹൗസ് ഓഫ് കോമൺസിലൂടെ പാസാക്കുവാൻ തനിക്ക് സാധിക്കില്ലെന്ന് റോബർട്ട് ജെൻറിക്ക് ചൂണ്ടിക്കാട്ടി. രാജ്യാന്തര നിയമങ്ങളെ പോലും പ്രതിരോധിക്കുന്ന തരത്തിൽ ബ്രിട്ടന് ഒറ്റയ്ക്ക് തീരുമാനങ്ങൾ എടുക്കാൻ സാധിക്കുന്ന രീതിയിലേക്ക് കുടിയേറ്റ നിയമനിർമ്മാണം കൊണ്ടുവരണമെന്ന ആവശ്യമാണ് റോബർട്ട് ജെൻറിക്ക് ഉൾപ്പെടെയുള്ള ഭരണകക്ഷിയിലെ തന്നെ വലതുപക്ഷവാദികൾ ആവശ്യപ്പെടുന്നത്.
റോബർട്ട് ജെൻറിക്കിന്റെ രാജി നിരാശാജനകവും സാഹചര്യങ്ങളെ സംബന്ധിച്ചുള്ള തെറ്റിധാരണ മൂലവുമാണെന്ന് പ്രധാനമന്ത്രി ഋഷി സുനക് പ്രതികരിച്ചു. കോടതികളെ മുഴുവൻ ഒഴിവാക്കി തികച്ചും സ്വതന്ത്രമായ നിയമനിർമ്മാണം നടത്തുകയാണെങ്കിൽ റുവാണ്ട പദ്ധതി തകരാറിലാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. അതോടൊപ്പം തന്നെ രാജ്യാന്തര നിയമനിർമാണങ്ങളെ ലംഘിച്ച് ബ്രിട്ടൻ നടത്തുന്ന ഒരു നിയമനിർമ്മാണവും അംഗീകരിക്കില്ലെന്ന് റുവാണ്ടൻ സർക്കാരും വ്യക്തമാക്കിയിട്ടുണ്ട്. ബ്രിട്ടനിൽ നിന്നും കുടിയേറ്റക്കാരെ ആഫ്രിക്കൻ രാജ്യമായ റുവാണ്ടയിലേക്ക് അയക്കുവാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. എന്നാൽ നിയമപരമായ വെല്ലുവിളികൾ മൂലം ഇതുവരെയും പദ്ധതി പൂർണമായും പൂർണ്ണ തോതിൽ നടപ്പിലായിട്ടില്ല.