ബ്രിട്ടനിൽ മഞ്ഞുവീഴ്ച രൂക്ഷമാകുമെന്ന് മുന്നറിയിപ്പ്; ജാഗ്രത നിർദേശം

Mail This Article
ലണ്ടൻ• ബ്രിട്ടനിൽ മഞ്ഞുവീഴ്ച രൂക്ഷമാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രമായ എക്‌സീറ്ററിലെ മെറ്റ് ഓഫിസ് മുന്നറിയിപ്പ് നൽകി. മഞ്ഞുവീഴ്ച മൂലംറോഡുകളിൽ ഐസ് രൂപപ്പെടുമെന്നതിനാൽ വാഹനയാത്ര ദുരിതം സൃഷ്ടിക്കുമെന്ന് മുന്നറിയിപ്പിൽ പറയുന്നുണ്ട്. ആര്‍ട്ടിക് കാറ്റ് മൂലം താപനില -11 സെല്‍ഷ്യസ് വരെ താഴ്‌ന്നേക്കുമെന്നും മുന്നറിയിപ്പുണ്ട്. ചില ഭാഗങ്ങളില്‍ 20 സെന്റിമീറ്റര്‍ വരെ മഞ്ഞ് വീഴുമെന്നാണ് മെറ്റ് ഓഫിസ് പറയുന്നത്.
നോര്‍ത്ത് ഇംഗ്ലണ്ടിലെ ചില ഭാഗങ്ങളിലും വെയില്‍സിലും നാല് ഇഞ്ച് വരെ മഞ്ഞ് വീഴുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്‌കോട്ടിഷ് ഹൈലാന്‍ഡ്‌സില്‍ എട്ട് ഇഞ്ച് മഞ്ഞ് വീഴുമെന്നും പ്രവചിക്കപ്പെടുന്നു. ഇന്നലെ മുതല്‍ തന്നെ ആദ്യത്തെ ശൈത്യകാല കാലാവസ്ഥ എത്തിച്ചേര്‍ന്നിരുന്നു. കൂടുതല്‍ ശക്തമായ മഞ്ഞ് കംബ്രിയയിലെ നോര്‍ത്തംബര്‍ലാന്‍ഡിലും, നോര്‍ത്തിലെ പെന്നൈന്‍സിലും എത്തിച്ചേർന്നിട്ടുണ്ട്. വ്യാഴാഴ്ച വരെ നീളുന്ന കാലാവസ്ഥാ മുന്നറിയിപ്പാണ് മെറ്റ് ഓഫിസ് നല്‍കിയിരിക്കുന്നത്.
വെസ്റ്റേണ്‍ പെന്നൈന്‍സ്, ലേക് ഡിസ്ട്രിക്ട്, നോര്‍ത്ത് വെസ്റ്റ് ഇംഗ്ലണ്ട്, നോര്‍ത്ത് വെസ്റ്റ് വെയില്‍സ് എന്നിവിടങ്ങളില്‍ വാഹനങ്ങൾ ഓടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നാണ് മുന്നറിയിപ്പ് ഉണ്ട്. വാഹനങ്ങളില്‍ യാത്ര തുടങ്ങുമ്പോള്‍ ചൂടുള്ള വസ്ത്രങ്ങള്‍, ഭക്ഷണം, വെള്ളം, ബ്ലാങ്കെറ്റ്, ടോര്‍ച്ച്, ഫുള്‍ ചാര്‍ജ് ചെയ്ത ഫോണ്‍, ബാക്ക് അപ്പ് ചാര്‍ജർ എന്നിവ കൈവശം വയ്ക്കാനാണ് നിര്‍ദ്ദേശം. 2018 മാര്‍ച്ചിലാണ് ഇതിന് മുന്‍പ് മഞ്ഞുവീഴ്‌ച ഗുരുതര പ്രതിസന്ധി സൃഷ്ടിച്ചത്.