ലണ്ടനിൽ യുവതിക്കും പെൺമക്കൾക്കും കെമിക്കൽ ആക്രമണം; പ്രതിയെ പിടിക്കാനാകാതെ പൊലീസ്
Mail This Article
ലണ്ടൻ ∙ സൗത്ത് ലണ്ടനിലെ ക്ലാപ്പമിൽ യുവതിക്കും രണ്ട് പെൺകുട്ടികൾക്കും നേരേ കെമിക്കൽ ആക്രമണം. ബുധനാഴ്ച വൈകുന്നേരമാണ് സമീപവാസികളെയും പൊലീസിനെയും ഞെട്ടിച്ച് മൂന്നും എട്ടും വയസ്സുള്ള പെൺകുട്ടികൾക്കും അവരുടെ 31 വയസ്സുള്ള അമ്മയ്ക്കും നേരെ രാസവസ്തുക്കൾ ഉപയോഗിച്ച് ആക്രമണം നടത്തിയത്.
ആസിഡ് ആക്രണമല്ല എന്ന് പൊലീസ് സ്ഥിരീകരിച്ചു. ശരീരത്തിന് ഗുരുതരമായ പൊള്ളലേൽക്കുന്ന രാസവസ്തുവാണ് ആക്രമണത്തിന് ഉപയോഗിച്ചിരിക്കുന്നത്. അക്രമി ന്യൂകാസിൽ നിന്നെത്തിയ അബ്ദുൽ ഷുക്കൂർ ഇസീദിയാണെന്ന് പൊലീസ് വ്യക്തമാക്കി. എന്നാൽ സംഭവം നടന്ന് 48 മണിക്കൂർ പിന്നിട്ടിട്ടും പ്രതിയെ പിടികൂടാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. പ്രതിയുടെ ചിത്രം ഉൾപ്പെടെയുള്ള വിവിരങ്ങൾ പൊലീസിന്റെ പക്കലുണ്ടെങ്കിലും അന്വേഷണം അറസ്റ്റിലേക്ക് എത്തിക്കാൻ കഴിയാത്തത് മെട്രോപൊളിറ്റൻ പോലീസിന് തലവേദനയാകുകയാണ്.
ആക്രമണത്തിൽ പരുക്കേറ്റ യുവതിയുടെ നില ഗുരുതരമാണ്. കുട്ടികൾ അപകടാവസ്ഥ തരണം ചെയ്തു എന്നാണ് മെട്രോപൊളിറ്റൻ പൊലീസ് കമാൻഡർ ജോൺ സാവെൽ വ്യക്തമാക്കുന്നത്. അന്വേഷണത്തിന്റെ ഇതുവരെയുള്ള പുരോഗതി ഇന്നലെ വൈകിട്ട് അദ്ദേഹം മാധ്യമങ്ങളോട് വിശദീകരിച്ചു. ആക്രമണം നടത്തിയ പ്രതി രാത്രി ഒൻപത് മണിക്ക് ലണ്ടൻ കിംങ് ക്രോസ് സ്റ്റേഷനിൽനിന്നും വിക്ടോറിയ ലൈനിൽ കയറിയതായാണ് ഒടുവിൽ ലഭിച്ചിട്ടുള്ള വിവരം.
2016ൽ അഫ്ഗാനിസ്ഥാനിൽ നിന്നും ഒരു ലോറിയിൽ ബ്രിട്ടനിലെത്തിയ അബ്ദുൽ ഷുക്കൂർ 2018ൽ ലൈംഗീകാതിക്രമ കേസിൽ പ്രതിയാണ്. നിരവധി കേസുകളിൽ പ്രതിയായിട്ടുള്ള ഇയാൾ ലണ്ടനിലെത്തി ആക്രമണം നടത്താനുള്ള കാരണം വ്യക്തമല്ല.