സ്വീഡിഷ് പാര്‍ലമെന്റ് ആക്രമിക്കാന്‍ പദ്ധതിയിട്ട ഐഎസ് ഭീകരരെ ജര്‍മനിയിൽ പിടിയിൽ

Mail This Article
ബര്‍ലിന്‍ ∙ സ്വീഡനില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ടതായി സംശയിക്കുന്ന രണ്ടു പേരെ ജര്‍മന്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവരും ഇസ്ലാമിക് സ്റ്റേറ്റ് ഭീകര സംഘടനയുടെ പ്രവര്ത്തകരനാണെന്നാണ് സംശിക്കുന്നത്. സ്വീഡിഷ് പാര്‍ലമെന്റായിരുന്നു ഇവരുടെ ലക്ഷ്യമെന്നാണ് സൂചന. തുരിംഗിയയില്‍ നിന്നാണ് ഇവരെ പിടികൂടിയത്. ഇരുവരും അഫ്ഗാനിസ്ഥാന് പൗരന്മാരാണ്. സ്വീഡനില്‍ ഖുറാന് കത്തിച്ച പ്രതിഷേധ പ്രകടനങ്ങള്‍ക്ക് പ്രതികാരമെന്നോണമാണ് ഇവര്‍ പാര്‍ലമെന്റ് ആക്രമണ പദ്ധതി ആസൂത്രണം ചെയ്തതെന്ന് പ്രോസിക്യൂട്ടര്‍മാര്‍ പറയുന്നു.
സ്റ്റോക്ക്ഹോമില്‍ സ്ഥിതിചെയ്യുന്ന പാർലമെന്റ് വളപ്പില്‍ കടന്ന് ആക്രമണം നടത്തി പൊലീസ് ഉദ്യോഗസ്ഥരെയും പൊതു ജനങ്ങളെയും കൊല്ലുകയായിരുന്നു ഇവരുടെ ലക്ഷ്യം. സ്വീഡനില്‍ പ്രക്ഷോഭകര്‍ ഖുറാന് കത്തിച്ചതിനു പിന്നാലെ 2023ലാണ് ഇസ്ലാമിക് സ്റേററ്റ് ഇവരെ ആക്രമണ ദൗത്യം ഏല്‍പ്പിച്ചതെന്നും കണ്ടെത്തിയിട്ടുണ്ട്. പദ്ധതി തയാറാക്കാന്‍ ജര്‍മനിയിലെത്തിയ ഇബ്രാഹിം, രമിന്‍ എന്നീ ഭീകരര്‍ രണ്ടായിരം യൂറോയുടെ സംഭാവനയും ഇതിനകം ശേഖരിച്ചുകഴിഞ്ഞിരുന്നു.