യൂറോപ്പിൽ ആദ്യമായി ശ്രീനാരായണ ദിവ്യപ്രബോധനവും ധ്യാനവും
Mail This Article
ലണ്ടൻ ∙ യൂറോപ്പിൽ ആദ്യമായി ശിവഗിരി ധർമ്മസംഘം ട്രസ്റ്റ് ബോർഡ് പ്രസിഡന്‍റ‌് സ്വാമി ശ്രീമദ് സച്ചിദാനന്ദയുടെ ദിവ്യ പ്രബോധനവും ധ്യാനവും മേയ് 4, 5 തീയതികളിൽ യുകെയിലെ ശിവഗിരി ആശ്രമത്തിൽ വച്ച് നടത്തപ്പെടുന്നു. ശ്രീനാരായണ ഗുരുവിന്‍റെ സന്ദേശങ്ങളും ആത്മീയദർശനവും ജനഹൃദയങ്ങളിൽ എത്തിക്കുവാൻ സച്ചിദാനന്ദസ്വാമികൾ ആരംഭിച്ചിരിക്കുന്ന ദിവ്യപ്രബോധനവും ധ്യാനവും നിർവ്വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ശ്രീനാരായണഗുരുവിന്‍റെ ജീവിതവും ദർശനവുമാണ് സ്വാമികൾ ദിവ്യപ്രബോധനവും ധ്യാനത്തിലൂടെ പകർന്നു നല്‌കുന്നത്. 419 സ്ഥലങ്ങളിൽ ഈ ദിവ്യപ്രബോധനവും ധ്യാനവും ഇതിനകം നടന്നുകഴിഞ്ഞു.
സ്വാമി ശ്രീമദ് സച്ചിദാനന്ദ നടത്തുന്ന ദിവ്യപ്രബോധന ധ്യാനയജ്ഞസരണിയിലൂടെ ഒരു പുത്തൻ സംസ്‌കാരം ശ്രീനാരായണ സമൂഹത്തിനു സംജാതമായി. ശ്രീമദ് സച്ചിദാനന്ദയുടെ നിർദ്ദേശാനുസരണം പ്രസിദ്ധീകരിച്ച ശ്രീനാരായണ ദിവ്യസ്തോത്രമഞ്ജരി എന്ന പ്രാർത്ഥനാപുസ്‌തകം കേരളത്തിന് അകത്തും പുറത്തും അന്യനാടുകളിൽ ഉള്ള മലയാളികളിലും എത്തിച്ചു. മാസചതയാചരണവും കുടുംബപ്രാർഥനാ കൂട്ടങ്ങളുമെല്ലാം സ്വാമികളുടെ ഉദ്ബോധനത്തിന്‍റെ ഫലമാണ്. കുടുംബയൂണിറ്റുകളിലെല്ലാം പ്രാർത്ഥനാസംഘങ്ങളുണ്ടായി.