ബ്രിട്ടിഷ് പാസ്പോർട്ട് അപേക്ഷാ ഫീസിൽ 7% വർധന; ഏപ്രിൽ 11 മുതൽ പുതിയ നിരക്ക്
Mail This Article
ലണ്ടൻ ∙ ബ്രിട്ടിഷ് പാസ്പോർട്ട് പുതുക്കുന്നതിനുള്ള അപേക്ഷകൾക്ക് ഫീസ് വർധിപ്പിച്ചു. ഏഴ് ശതമാനം വർധന ഈ മാസം 11 മുതൽ പ്രാബല്യത്തിലാകും. 16 വയസ്സിനു മുകളിലുള്ളവർക്ക് നിലവിലുണ്ടായിരുന്ന ഓൺലൈൻ അപേക്ഷാ ഫീസ് 82.50 പൗണ്ടിൽ നിന്നും 88.50 പൗണ്ടായി ഉയരും. 16 വയസ്സിൽ താഴെയുള്ളവരുടെ സ്റ്റാൻഡേർഡ് ഓൺലൈൻ അപേക്ഷാ ഫീസ് 57.50 പൗണ്ടായും വർധിക്കും. സ്റ്റാൻഡേർഡ് പോസ്റ്റൽ അപേക്ഷകൾക്ക് 16 വയസ്സിനു മുകളിൽ 100 പൗണ്ടും 16 വയസ്സിൽ താഴെ 69 പൗണ്ടുമാണ് പുതിയ ഫീസ്.
വിദേശത്തുനിന്നും ഓൺലൈനായി അപേക്ഷിക്കുമ്പോൾ 16 വയസ്സിനു മുകളിലുള്ളവർക്ക് 101 പൗണ്ടും 16 വയസിൽ താഴെയുള്ളവർക്ക് 65.50 പൗണ്ടുമാണ് ഫീസ്. വിദേശത്തുനിന്നുള്ള സ്റ്റാൻഡേർഡ് പേപ്പർ അപേക്ഷകൾക്ക് ഇത് യഥാക്രമം 112.50 പൗണ്ടു, 77 പൗണ്ടും ആയി മാറും.
കഴിഞ്ഞ ഫെബ്രുവരിയിൽ പാസ്പോർട്ട് അപേക്ഷകൾക്ക് ഒൻപതു ശതമാനം ഫീസ് വർധിപ്പിച്ചിരുന്നു. ഇതിനു പുറമെയാണ് ഇപ്പോൾ മറ്റൊരു വർധനകൂടി നടപ്പിലാക്കുന്നത്. നികുതി വിഹിതം ഉപയോഗിക്കാതെതന്നെ അപേക്ഷകർക്ക് മികച്ച സേവനം ലഭ്യമാക്കാനാണ് ഫീസ് വർധനയെന്നാണ് ഹോം ഓഫിസിന്റെ വിശദീകരണം. ഫീസ് വർധയുടെ ലക്ഷ്യം മികച്ച സേവനം മാത്രമാണെന്നും ലാഭം ലഭ്യമിടുന്നില്ലെന്നും ഹോം ഓഫിസ് വ്യക്തമാക്കുന്നു.