ഗീബൽസിന്‍റെ വീട് വെറുതേ നൽകാമെന്ന് സർക്കാർ; ഏറ്റെടുക്കാൻ മടിച്ച് ജർമൻ ജനത

Mail This Article
ബര്‍ലിന്‍ ∙ കേരളത്തിലെ രാഷ്ട്രീയ പ്രസംഗങ്ങളിൽ പലപ്പോഴും ഉയർന്നുവരുന്ന പേരാണ് ഗീബൽസ് എന്നുള്ളത്. ജോസഫ് ഗീബൽസ് ആരാണെന്ന് പലർക്കും അറിവില്ലായിരിക്കാം. അഡോൾഫ് ഹിറ്റ്ലറുടെ ഭരണകാലത്ത് ജർമനിയിൽ പ്രചാരണ മന്ത്രിയായി (പ്രോപ്പഗണ്ട മിനിസ്റ്റർ) സേവനമനുഷ്ഠിച്ച വ്യക്തിയായിരുന്നു അദ്ദേഹം. നാസി പ്രത്യയശാസ്ത്രം പ്രചരിപ്പിക്കാനും ജനങ്ങളെ യുദ്ധത്തിന് അനുകൂലരാക്കാനും ഗീബൽസ് വ്യാപകമായ പ്രചാരണ തന്ത്രങ്ങൾ ഉപയോഗിച്ചു.
ജർമനിയിലെയും യൂറോപ്പിലെയും ഇരുണ്ട കാലഘട്ടത്തിന്‍റെ പ്രതീകങ്ങളിലൊന്നായി ഗീബൽസ് ചരിത്രത്തിൽ ഇടം നേടിയത്. അദ്ദേഹത്തിന്‍റെ പ്രചാരണ തന്ത്രങ്ങളും രാഷ്ട്രീയ സ്വാധീനവും യൂറോപ്പിൽ ദശലക്ഷക്കണക്കിന് ആളുകളുടെ ജീവിതത്തെ സ്വാധീനിച്ചു. ഗീബൽസിന്‍റെ രണ്ടാം വീട്, അദ്ദേഹത്തിന്‍റെ കുടുംബത്തോടൊപ്പം താമസിച്ചിരുന്ന സ്ഥലം, ഈ ചരിത്രത്തിന്‍റെ ഭാഗമാണ്. ഇത് പല പ്രധാന സംഭവങ്ങൾക്കും സാക്ഷിയായിട്ടുണ്ട്, അതേസമയം അദ്ദേഹത്തിന്‍റെ വിവാഹേതര ബന്ധങ്ങളുടെയും രഹസ്യ കാര്യങ്ങളുടെയും കേന്ദ്രമായിരുന്നു. എന്നാൽ ഇന്ന് ഈ വീട് തകർച്ചയുടെ വക്കിലാണ്. ഭാരിച്ച ചെലവ് വരുമെന്നതിനാൽ ബർലിൻ ഭരണകൂടം പുനരുദ്ധാരണത്തിന് ധനസഹായം നൽകാൻ തയ്യാറല്ല. വീട് പൊളിച്ചുകളയാമെന്ന് ചിലർ നിർദ്ദേശിക്കുന്നു, എന്നാൽ പ്രതിഷേധക്കാർ ഇതിനെ എതിർക്കുന്നു.
ഈ വീട് ആര്‍ക്കെങ്കിലും വെറുതേ കൊടുക്കാമെന്ന് തീരുമാനിക്കുകയും അതിനുള്ള പ്രഖ്യാപനവും സംസ്ഥാന ഭരണകൂടം നടത്തിയെങ്കിലും, ഏറ്റെടുക്കാന്‍ ആരും മുന്നോട്ടു വരുന്നില്ല. നിയോ-നാസി സംഘടനകൾ ഈ വീടിനെ ഒരു തീർഥാടന കേന്ദ്രമാക്കി മാറ്റാൻ ശ്രമിക്കുമെന്ന് ഭരണകൂടം ആശങ്കപ്പെടുന്നു. അതിനാൽ നിയോനാസി സംഘടനകള്‍ക്ക് വീട് കൊടുക്കില്ലെന്ന് ഭരണകൂടം തീരുമാനിച്ചിട്ടുണ്ട്. കുറച്ചു ദിവസം കൂടി ആരെങ്കിലും വീട് ഏറ്റെടുക്കാൻ വരുമോയെന്ന് സർക്കാർ നോക്കും. ജീവിച്ചിരുന്ന കാലത്ത് അപകടകാരിയായിരുന്ന ഗീബൽസിന്‍റെ ഓർമ്മകൾ നിലനിൽക്കുന്ന വീട് ആരും ഏറ്റെടുക്കാൻ വരാത്ത പക്ഷം പൊളിച്ച് കളയാനാണ് ഭരണക്കൂടം ആലോചിക്കുന്നത്.