തെക്കന്‍ ജര്‍മനിയില്‍ വെള്ളപ്പൊക്കത്തില്‍ അഗ്നിശമന സേനാംഗം ഉള്‍പ്പടെ നാല് പേര്‍ മരിച്ചു
Mail This Article
ബര്‍ലിന്‍ ∙ തെക്കന്‍ ജര്‍മനിയില്‍ വെള്ളപ്പൊക്കത്തില്‍ അഗ്നിശമന സേനാംഗം ഉള്‍പ്പടെ നാല് പേര്‍ മരിച്ചു. ബവേറിയയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ ഓടിച്ചിരുന്ന റബ്ബര്‍ ഡിങ്കി മറിഞ്ഞാണ് അഗ്നിശമന സേനാംഗം മരിച്ചത്. വീട്ടിൽ വെള്ളം കയറിയതിനെ തുടർന്നാണ് ബാക്കിയുള്ളവർ മരിച്ചത്.
ബവേറിയയുടെ സ്റേററ്റ് പ്രീമിയറും കണ്‍സര്‍വേറ്റീവ് ക്രിസ്ത്യന്‍ സോഷ്യല്‍ യൂണിയന്‍ പാര്‍ട്ടിയുടെ നേതാവുമായ മാര്‍ക്കുസ് സോഡറും ജർമന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സും റൈഷര്‍ട്സ്ഹോഫെനിലെ വെള്ളപ്പൊക്കത്തില്‍ തകര്‍ന്ന പ്രദേശങ്ങൾ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. വെള്ളിയാഴ്ച മുതല്‍ പെയ്ത കനത്ത മഴയെതുടര്‍ന്നാണ് ബവേറിയിലും ബാഡന്‍-വുര്‍ട്ടംബര്‍ഗിലും വെള്ളപ്പൊക്കം ഉണ്ടായത്. ഈ പ്രദേശങ്ങൾ നിന്ന് നിരവധി ഒഴിപ്പിച്ചിരുന്നു.
ബവേറിയയില്‍, തിങ്കളാഴ്ച പുലര്‍ച്ചെ അണക്കെട്ട് പൊട്ടിയെതിനാല്‍ എബെന്‍ഹൗസന്‍-വെര്‍ക്ക് പ്രദേശത്ത് നിന്ന് 800 ഓളം ആളുകളെ ഒഴിപ്പിച്ചു. മ്യൂണിക്കിന് വടക്കാണ് വെള്ളപ്പൊക്ക ബാധിത പ്രദേശമായ റൈഷര്‍ട്സ്ഹോഫെന്‍. ബവേറിയയിലെ ചില പ്രദേശങ്ങളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം, ബോട്ട് മറിഞ്ഞതിനെത്തുടര്‍ന്ന് 22 വയസ്സുകാരനായ ഒരു സന്നദ്ധപ്രവര്‍ത്തകനെ കാണാതായി. വ്യാപകമായ വെള്ളപ്പൊക്കവും തുടര്‍ച്ചയായ മഴയും ഈ മേഖലയിലെ ഗതാഗതത്തെ ബാധിച്ചിട്ടുണ്ട്. നിരവധി ട്രെയിനുകൾ റദ്ദാക്കി. ബവേറിയ, ബാഡന്‍ വുര്‍ട്ടെംബര്‍ഗ് ഭാഗങ്ങളില്‍ മഴ തുടരുന്നതിനാണ് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ അറിയിച്ചു.