പാർലമെന്‍റ് തിരഞ്ഞെടുപ്പിലെ മികച്ച പ്രകടനം ആഘോഷമാക്കി സ്റ്റീവനേജിലെ കോൺഗ്രസുകാർ
Mail This Article
ലണ്ടൻ ∙ ഇന്ത്യയിലെ പാർലമെന്‍റ് തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്‍റെയും ഇന്ത്യാ മുന്നണിയുടെയും മികച്ച പ്രകടനം ആഘോഷമാക്കി ലണ്ടൻ സ്റ്റീവനേജിലെ കോൺഗ്രസ് പ്രവർത്തകരായ യുകെ മലയാളികൾ. ഫലപ്രഖ്യാപനങ്ങൾ ഒത്തുകൂടിയിരുന്ന് ടിവിയിൽ കണ്ടും ചർച്ച ചെയ്തും ഓരോ മുന്നേറ്റങ്ങളുടെയും ആഹ്ളാദം പങ്കിട്ടാണ് സ്റ്റീവനേജിലെ കോൺഗ്രസുകാർ 'ജനവിധി' ആഘോഷമാക്കിയത്.
ഇന്ത്യൻ ഓവർസീസ് കോൺഗ്രസിന്‍റെ നേതൃത്വത്തിൽ ഒരുക്കിയ ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടുവാൻ ചെണ്ട മേളവും ഒരുക്കിയിരുന്നു. ഐഒസി യുകെ കേരള ചാപ്റ്റർ പ്രസിഡന്‍റ് സുജു കെ ഡാനിയേൽ, വക്താവ് അജിത് മുതലയിൽ, മഹാരാഷ്‌ട്രാ ചാപ്റ്റർ ലീഡർ അവിനേഷ് ഷിൻഡെ, നേതാക്കളായ അപ്പച്ചൻ കണ്ണഞ്ചിറ, സാംസൺ ജോസഫ്, അജിമോൻ സെബാസ്റ്റ്യൻ, ജിമ്മി ജോർജ്, ജോണി കല്ലടാന്തിയിൽ, സിജോ ജോസ്, ജിനേഷ് ജോർജ്, ഷൈൻ ജേക്കബ്, മെൽവിൻ അഗസ്റ്റിൻ, തോംസൺ സോജിമോൻ, ആദർശ്, ടിജു, സോജി കുരിക്കട്ടുകുന്നേൽ എന്നിവർ നേതൃത്വം നൽകി.
തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിനത്തിൽ പുലർച്ചെ തന്നെ വന്ന പ്രതീക്ഷാനിർഭരമായ വിജയവാർത്തകളുടെ ആവേശത്തോടൊപ്പം ഒരുമിച്ചു കൂടിയാണ് ഐഒസി നേതാക്കൾ ആഘോഷങ്ങൾ സംഘടിപ്പിച്ചത്. ഇന്ത്യൻ നാഷണൽ കോൺഗ്രസിനും സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖർഗെ, കെ സുധാകരൻ എന്നിവരടക്കമുള്ള നേതാക്കൾക്കും ജയ് വിളിച്ച് നൃത്തച്ചുവടുകളുമായി കോൺഗ്രസ് പാതകയുമായാണ് ചെണ്ടമേളത്തിന്‍റെ അകമ്പടിയോടെ സന്തോഷം പങ്കിട്ടത്. തുടർന്ന് സ്നേഹ വിരുന്നും ഒരുക്കിയിരുന്നു.