സെന്‍റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ദേവാലയ കൂദാശ നടത്തി

Mail This Article
ന്യൂകാസിൽ∙ സെന്‍റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് ന്യൂകാസിൽ ദേവാലയ കൂദാശയ്ക്ക് ഇന്ത്യൻ ഓർത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷൻ മോറാൻ മോർ ബസേലിയോസ് മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ മുഖ്യകാർമികത്വം വഹിച്ചു. ഏബ്രഹാം മാർ സ്‌റ്റെഫാനോസ് (ഭദ്രാസന മെത്രാപ്പൊലീത്ത),ഗേറ്റ്‌സ്‌ഹെഡ് മേയർ കൗൺസിലർ കാത്ത് മക്കാർട്ട്‌നി എന്നിവർ പൊതുയോഗത്തിൽ പങ്കെടുത്തു.

ഈ അവസരത്തിൽ റവ. ടോം കൊറിയർ (റോമൻ കത്തോലിക്കാ സഭ), ന്യൂകാസിൽ ഡീൻ റവ. ലീ ബാറ്റ്‌സൺ (ചർച്ച് ഓഫ് ഇംഗ്ലണ്ട്), റവ.ഫാ. ദിമിത്രി (റഷ്യൻ ഓർത്തഡോക്‌സ് സഭ), ഭദ്രാസന പ്രതിനിധികൾ, സഭാ ഭദ്രാസന ഭാരവാഹികൾ, മുൻ വികാരിമാർ എന്നിവർ അനുമോദനങ്ങൾ അറിയിച്ചു.

കോപ്റ്റിക് ഓർത്തഡോക്സ് ചർച്ച്, ഇത്യോപ്യൻ ഓർത്തഡോക്സ് ചർച്ച്, എറിട്രിയൻ ഓർത്തഡോക്സ് ചർച്ച്, ഗ്രീക്ക് ഓർത്തഡോക്സ് ചർച്ച്, റൊമാനിയൻ ഓർത്തഡോക്സ് ചർച്ച്, യാക്കോബായ സഭ, കത്തോലിക്കാ സഭ (മലയാളം) പ്രതിനിധികളും വിവിധ അയൽ സഭാ പ്രതിനിധികളും ചടങ്ങിന് സാക്ഷികളായി. എല്ലാ യുകെ റീജനൽ ഓർത്തഡോക്സ് വികാരിമാരും കൂദാശയിൽ പങ്കെടുത്തു.


2004 ഓഗസ്റ്റ് 1ന് ഔദ്യോഗികമായി ആരംഭിച്ച ഈ കൂട്ടായ്മ, 2008 ജനുവരി 5-ന് ഡോ. തോമസ് മാർ മക്കാറിയോസ് സഭയിലെ ഒരു ദേവാലയമായി പ്രഖ്യാപിച്ചു. സെന്‍റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് , ഇംഗ്ലണ്ടിന്‍റെ വടക്കുകിഴക്കൻ ഭാഗത്തുള്ള ഓർത്തഡോക്സ് സമൂഹത്തിന് സാംസ്കാരിക, സാമൂഹിക - മത പ്രവർത്തനങ്ങൾക്ക് ഒരു വേദി നൽകുന്നു. വടക്കുകിഴക്കൻ ഇംഗ്ലണ്ടിൽ സ്വന്തമായി ദേവാലയം ഉള്ള ആദ്യത്തെ ഇന്ത്യൻ ഓർത്തഡോക്സ് ദേവാലയമാണ്. ചടങ്ങിൽ വികാരി റവ.ഫാ. ടിജി തങ്കച്ചൻ ഏവരെയും സ്വാഗതം ചെയ്തു, ട്രഷറർ ബിജു വർഗീസ് പള്ളിയുടെ താക്കോൽ ഏറ്റുവാങ്ങി , സെക്രട്ടറി റെജി തോമസ് നന്ദിയും പറഞ്ഞു.