യുകെ സൗത്താംപ്ടൻ മലയാളി നാട്ടിൽ ചികിത്സയിലിരിക്കെ അന്തരിച്ചു; വിടവാങ്ങിയത് മുണ്ടക്കയം സ്വദേശി ഷിബു തോമസ്
Mail This Article
സൗത്താംപ്ടൺ/മുണ്ടക്കയം ∙ യുകെ മലയാളികൾക്കിടയിൽ പ്രത്യേകിച്ച് സംഗീതപ്രേമികൾക്കിടയിൽ സജീവ സാന്നിധ്യമായിരുന്ന സൗത്താംപ്ടൺ മലയാളി ഷിബു തോമസ് (54) നാട്ടിൽ ചികിത്സയിലിരിക്കെ അന്തരിച്ചു. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ഒന്നര മാസമായി ചികിത്സയിലായിരുന്നു. അതിനിടെയാണ് മരണം തേടിയെത്തിയത്. മുണ്ടക്കയം കോരുത്തോട് താണ്ടാംപറമ്പില്‍ കുടുംബാംഗമായ ഷിബു തോമസ് ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീബാ മെഡിക്കല്‍ സിറ്റി ആശുപത്രിയില്‍ വെച്ചാണ് മരണമടഞ്ഞത്.
കരള്‍ സംബന്ധമായ പ്രശ്‌നങ്ങളെ തുടര്‍ന്ന് കുറച്ചു കാലമായി ചികിത്സയിലായിരുന്നു. സൗത്താംപ്ടണിൽ കുടുംബമായി താമസിച്ചു വരികയായിരുന്നു ഷിബു തോമസ്. ഈമാസം അവസാനം യുകെയിലേക്ക് തിരിച്ചു വരാന്‍ ടിക്കറ്റ് ബുക്ക് ചെയ്തിരിക്കെയാണ് മരണം സംഭവിച്ചത്. ഭാര്യ ഷീല മരണസമയത്ത് അരികിലുണ്ടായിരുന്നു. യുകെ മലയാളിയും യുക്മ ദേശീയ നിർവ്വാഹക സമിതിയംഗവും മുന്‍ ട്രഷററുമായ ഷാജി തോമസിന്റെ സഹോദരനാണ്.