യുകെ മലയാളികളുടെ ഏറ്റവും വലിയ കായിക മാമാങ്കം 'യുക്മ ദേശീയ കായികമേള' ഇന്ന് സട്ടൻ കോൾഡ് ഫീൽഡിൽ

Mail This Article
ലണ്ടൻ ∙ യുകെ മലയാളികളുടെ ഏറ്റവും വലിയ കായിക മാമാങ്കമായ യുക്മ ദേശീയ കായികമേളയുടെ ഒരുക്കങ്ങൾ പൂർത്തിയായി. യുക്മയുടെ വിവിധ റീജിയനുകളിൽ നിന്നും വിജയിച്ച ഏകദേശം എഴുന്നൂറോളം കായിക താരങ്ങൾ മത്സരത്തിനെത്തുന്ന യുക്മ ദേശീയ കായിക മേളക്ക് വലിയ ആവേശത്തോടെയാണ് കായിക പ്രേമികൾ ഇന്ന് സട്ടൻ കോർഡ് ഫീൽഡിലേക്ക് എത്തിച്ചേരുന്നത്.
രാവിലെ 9 മണി മുതൽ രജിസ്ട്രേഷൻ ആരംഭിക്കും. 10 മണിക്ക് മാർച്ച് പാസ്റ്റ് . യുക്മ ദേശീയ ഭാരവാഹികൾ മാർച്ച് പാസ്റ്റിന് നേതൃത്വം കൊടുക്കും. യുക്മ പ്രസിഡന്റ് ഡോ.ബിജു പെരിങ്ങത്തറ മാർച്ച് പാസ്റ്റ് ഫ്ലാഗ്ഓഫ് ചെയ്യും. ഓരോ റീജിയനിൽ നിന്നും എത്തുന്ന കായിക താരങ്ങൾ അതാതു റീജിയനുകളുടെ ബാനറിൽ അണിനിരക്കും. റീജിയൻ ഭാരവാഹികൾ ഓരോ റീജിയനെയും നയിക്കും. കഴിഞ്ഞ വർഷത്തെ വ്യക്തിഗത ചാമ്പ്യൻമാർ ദീപശിഖാ പ്രയാണത്തിന് നേതൃത്വം നൽകും. തുടർന്ന് കായിക താരങ്ങൾക്ക് പ്രതിജ്ഞയെടുക്കും.
യുക്മ ജനറൽ സെക്രട്ടറി കുര്യൻ ജോർജ് പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. മാർച്ച്പാസ്റ്റ് അവസാനിക്കുന്നതോടെ ട്രാക്കിലും ഫീൽഡിലും മത്സരങ്ങൾ ആരംഭിക്കും. തുടർന്ന് തുടർച്ചയായി മത്സരങ്ങൾ പുരോഗമിക്കും. ഉച്ചകഴിഞ്ഞ് 12 ടീമുകൾ മത്സരിക്കുന്ന ഏറ്റവും ആവേശം നിറഞ്ഞ വടംവലി മത്സരവും നടക്കും. യുക്മ ദേശീയ കായിക മേളയുടെ ചുമതല വഹിക്കുന്ന നാഷനൽ ജോയിന്റ് സെക്രട്ടറിമാരായ പീറ്റർ താണോലിൽ, സ്മിതാ തോട്ടം എന്നിവരുടെ നേതൃത്വത്തിലാണ് കായിക മേളയുടെ ഒരുക്കങ്ങൾ പൂർത്തിയാക്കിയത്. യുക്മ ദേശീയ കായിക മേളയിലേക്ക് എല്ലാ കായിക പ്രേമികളെയും യുക്മ ദേശീയ സമിതി സ്വാഗതം ചെയ്യുന്നു.
(വാർത്ത: അലക്സ് വർഗീസ് )