ചേർത്തല സംഗമം യുകെ. പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

Mail This Article
ലണ്ടൻ ∙ യു കെ യിൽ ജീവിക്കുന്ന ചേർത്തല നിവാസികളുടെ ആറാമത് സംഗമം ജൂൺ 29 –ാം തീയതി ശനിയാഴ്ച കൊവെൻട്രിയിൽ വെച്ച് നടന്നു.
സ്‌കൂൾ കോളേജ് കാലഘട്ടങ്ങളിലെ ഓർമ്മകളും, നാട്ടു വിശേഷങ്ങളും പങ്കു വച്ച് ആട്ടവും പാട്ടുമായി ചേർത്തലക്കാർ ഒരു ദിവസം മനസ്സ് തുറന്നു ആഘോഷിച്ചു. പ്രഡിഡന്റ് ആൻഡ്രൂസ് മൈക്കിളിന്റെ അധ്യക്ഷതയിൽ കൂടിയ ചടങ്ങിൽ, ആറാമത് ചേർത്തല സംഗമം രക്ഷാധികാരി കൂടിയായ ഡോക്ട്ടർ പ്രേംചന്ദ് ഉദ്ഘാടനം ചെയ്തു ആശംസകൾ അർപ്പിച്ചതോടെ പരിപാടികൾക്ക് തുടക്കമായി. നിലവിലെ പ്രസിഡന്റ് ആൻഡ്രൂസ് മൈക്കിൾ, സെക്രട്ടറി ജോസ് പീറ്റർ, ചാരിറ്റി കോർഡിനേറ്റർ ലിനി പോൾ എന്നിവർ വേദിയിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
തുടർന്ന് അംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാ പരിപാടികൾ വേദിയിൽ അരങ്ങേറി .തുടർന്ന് നടന്ന 2024 -25 കാലഘട്ടത്തിലേക്കുള്ള തിരഞ്ഞെടുപ്പിൽ ചേർത്തല സംഗമം പ്രസിഡന്റ് ആയി വർഗീസ് ജോണിനെയും സെക്രട്ടറി ആയി പ്രസന്ന ഷൈനെയും, ട്രെഷററായി സജിബെന്നിനെയും, ചാരിറ്റി കോർഡിനേറ്ററായി കനേഷ്യസ് അത്തിപ്പൊഴിയെയും, എക്സിക്യൂടീവ് കമ്മിറ്റി അംഗങ്ങളായി ജോസ് പീറ്റർ, സാജൻ മാടമന, മനോജ് ജേക്കബ്, ലിനി പോൾ എന്നിവരെയും തിരഞ്ഞെടുത്തു.
ചേർത്തല സംഗമം രൂപീകൃതമായതിനു ശേഷം എല്ലാ സംഗമ വേളകളിലും പ്രത്യേകിച്ചു പ്രളയകാലത്തും കോവിഡ് കാലത്തും നിരവധി ചാരിറ്റി പ്രവർത്തനങ്ങളാണ് നടത്തിയിട്ടുള്ളത്. സംഗമ വേദിയിൽ ലേലം വിളിയിലൂടെ സമാഹരിച്ച തുകയ്ക്ക് പുറമെ കൂടുതൽ പണം കണ്ടെത്തി ചാരിറ്റി പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുവാനും ,അടുത്ത വർഷം യു കെ യിലെ വിവിധ ഭാഗങ്ങളിലായി ചിതറി കിടക്കുന്ന ചേർത്തലക്കാരെ കണ്ടെത്തി കൂടുതൽ വിപുലമായി പരിപാടികൾ സംഘടിപ്പിക്കുവാനും തീരുമാനം എടുത്തു കൊണ്ടാണ് ആറാമത് ചേർത്തല സംഗമത്തിന് തിരശീല വീണത്.