യുകെ മാഞ്ചസ്റ്ററിൽ ദുക്റാന തിരുനാളിന് നാളെ തുടക്കമാകും

Mail This Article
മാഞ്ചസ്റ്റർ ∙ മാഞ്ചസ്റ്ററിൽ പ്രധാന തിരുനാൾ ആഘോഷങ്ങൾക്ക് നാളെ നടക്കും. വിഥിൻഷോ സെന്‍റ് ആന്‍റണീസ് ദേവാലയവും പ്രദക്ഷിണ വഴികളുമെല്ലാം കൊടിതോരണങ്ങളാൽ അലങ്കരിച്ചു മോടിപിടിപ്പിച്ചുകഴിഞ്ഞു. തിരുനാൾ ആഘോഷങ്ങൾക്ക് ഇനി മണിക്കൂറുകൾ മാത്രം അവശേഷിക്കെ എല്ലാം ഒരുക്കങ്ങളും പൂർത്തിയായതായി മിഷൻ ഡയറക്‌ടർ ഫാ. ജോസ് കുന്നുംപുറം അറിയിച്ചു.


രാവിലെ ഒൻപതിന് വൈദികരെയും അൾത്താര സംഘത്തെയും, പ്രസിദേന്തിമാരെയും ചെണ്ടമേളങ്ങളുടെയും മുത്തുക്കുടകളുടെയും അകമ്പടിയോടെ സ്വീകരിച്ചു സെന്‍റ് ആന്‍റണീസ് ദേവാലയത്തിലേക്ക് ആനയിക്കുന്നതോടെ കുർബാനയ്ക്ക് തുടക്കമാകും. പ്രിസ്റ്റൺ കത്തീഡ്രൽ വികാരി ഫാ. ബാബു പുത്തൻപുരയിൽ മുഖ്യ കാർമികനാക്കുമ്പോൾ യുകെയുടെ പലഭാഗങ്ങളിൽ നിന്നായി എത്തിച്ചേരുന്ന വൈദീകർ സഹ കാർമികരാകും.


ദിവ്യബലിയെ തുടർന്നാണ് തിരുനാൾ പ്രദക്ഷിണം ആരംഭിക്കുക. നൂറുകണക്കിന് മുത്തുക്കുടകളും പൊൻ - വെള്ളി കുരിശുകളുമെല്ലാം അകമ്പടി സേവിക്കുന്ന തിരുനാൾ പ്രദക്ഷിണത്തിൽ വിശുദ്ധ തോമാശ്ലീഹായുടെയും, വിശുദ്ധ അൽഫോൻസാമ്മയുടെയും, വിശുദ്ധ സെബാസ്‌ത്യാനോസിന്‍റേയും,പരിശുദ്ധ മാതാവിന്‍റേയും തിരുസ്വരൂപങ്ങൾ സംവഹിക്കും. മേളപ്പെരുമഴ തീർത്തു ചെണ്ടമേളങ്ങളും,സ്കോർടീഷ് പൈപ്പ് ബാൻഡുമെല്ലാം പ്രദക്ഷിണത്തിൽ അണിനിരക്കുമ്പോൾ മറുനാട്ടിലെ വിശ്വാസ പ്രഘോഷണമാകും തിരുനാൾ പ്രദക്ഷിണം.

യുകെയുടെ നാനാ ഭാഗങ്ങളിൽ നിന്നായി ആയിരങ്ങൾ നാളെ വിഥിൻഷോയിൽ എത്തിച്ചേരുമെന്നാണ് കണക്കാക്കപ്പെടുന്നത്. പള്ളിയുടെ മുൻവശത്തു തയാറാക്കുന്ന കുരിശും തൊട്ടി ചുറ്റി പ്രാർഥനക്ക് ശേഷമാകും പ്രദക്ഷിണം തിരികെ പള്ളിയിൽ പ്രവേശിക്കുക. തുടർന്ന് വിശുദ്ധ കുർബാനയുടെ ആശീർവാദവും, പാച്ചോർ നേർച്ചയും, സ്നേഹവിരുന്നും ഉണ്ടായിരിക്കും.

നാളെ വൈകുന്നേരം നാലിന് ദിവ്യബലിയെ തുടർന്ന് മിഷൻ ഡയറക്‌ടർ ഫാ. ജോസ് കുന്നുംപുറം കൊടിയിറക്കുന്നതോടെയാവും ഒരാഴ്ചക്കാലമായി നടന്നുവരുന്ന തിരുനാൾ ആഘോഷങ്ങൾ സമാപിക്കുക. മിഷൻ ഡയറകടർ ഫാ. ജോസ് കുന്നുംപുറം, കൈക്കാരന്മാരായ ട്വിങ്കിൾ ഈപ്പൻ, റോസ്ബിൻ സെബാസ്റ്റ്യൻ, ജോബിൻ ജോസഫ് എന്നിവരുടെയും, പാരിഷ് കമ്മറ്റിയുടെയും നേതൃത്വത്തിൽ ആണ് തിരുനാൾ വിജയത്തിനായുള്ള ക്രമീകരങ്ങൾ നടന്നുവരുന്നത്.


ഗതാഗത തടസം ഉണ്ടാവാതിരിക്കുവാൻ വിപുലമായ ക്രമീകരങ്ങളാണ് തിരുനാൾ കമ്മറ്റി ഒരുക്കിയിരിക്കുന്നത്. പള്ളിയുടെ മുൻ വശങ്ങളിലും,പ്രദക്ഷിണ വഴികളിലും വാഹനങ്ങൾ പാർക്കുചെയ്യുവാൻ അനുവാദമുണ്ടായിരിക്കുന്നതല്ല. പള്ളിക്കു സമീപമുള്ള സെന്‍റ് അന്‍റണീസ് സ്കൂൾ ഗ്രൗണ്ടിലും, കോർണീഷ് മാൻ പബ്ബിലുമായിട്ടാണ് വാഹങ്ങൾ പാർക്ക് ചെയ്യേണ്ടത്. തിരുനാൾ തിരുക്കർമ്മങ്ങളിൽ പങ്കെടുത്ത് വിശുദ്ധരുടെ അനുഗ്രഹങ്ങൾ പ്രാപിക്കുവാൻ ഏവരെയും സ്വാഗതം ചെയ്യുന്നതായി ഫാ. ജോസ് കുന്നുംപുറം അറിയിച്ചു.