മാഞ്ചെസ്റ്റെർ തിരുനാളിന്റെ പ്രധാന തിരുക്കർമങ്ങൾ ഇന്ന്

Mail This Article
മാഞ്ചസ്റ്റർ ∙ യുകെയിലെ മലയാറ്റൂർ എന്നറിയപ്പെടുന്ന മാഞ്ചെസ്റ്റെർ തിരുനാളിന്റെ പ്രധാന തിരുക്കർമ്മങ്ങൾ ഇന്ന് നടക്കും. വിശുദ്ധ തോമാസ്ലീഹായുടെയും വിശുദ്ധ അൽഫോൻസാമ്മയുടെയും സംയുക്ത തിരുനാളാണ് ഇവിടെ ആഘോഷിക്കുന്നത്.

യുകെയിലെ മലയാളികളെ മുഴുവൻ പങ്കെടുപ്പിച്ചുകൊണ്ട് നാട്ടിലെ തിരുനാൾ ആഘോഷങ്ങളോട് സമാനമായ നിലയിൽ ആരംഭിച്ച മാഞ്ചെസ്റ്ററിൽ നടക്കുന്ന വിശുദ്ധ തോമാശ്ലീഹായുടെ ദുക്റാന തിരുനാൾ പ്രൗഢി ചോരാതെ ഇക്കൊല്ലവും പൂർവാധികം ഭക്തി നിർഭരമായി ആഘോഷിക്കുകയാണെന്ന് സംഘാടകർ പറഞ്ഞു.

മാഞ്ചെസ്റ്റെർ സെന്റ് തോമസ് മിഷന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന തിരുനാൾ ആഘോഷങ്ങൾ ജൂൺ 30ന് മിഷൻ ഡയറക്ടർ റവ.ഫാ. ജോസ് കുന്നുംപുറം നടത്തിയ കൊടിയേറ്റ് കർമ്മത്തോടെയാണ് ആരംഭിച്ചത്. തുടര്‍ന്ന് ജൂലൈ ഒന്ന് മുതല്‍ അഞ്ചുവരെ ദിവസവും വൈകുന്നേരം 5.30ന് വിശുദ്ധ കുർബാനയും മധ്യസ്ഥ പ്രാർഥനകളും നടന്നുവരുന്നു.
പ്രധാന തിരുനാള്‍ ദിനമായ ജൂൺ 6ന് രാവിലെ 9.30ന് നടക്കുന്ന സിറോമലബാര്‍ സഭയുടെ ഏറ്റവും ആഘോഷപൂര്‍വമായ റാസ കുർബാനക്ക് പ്രെസ്റ്റൻ സെന്റ് അൽഫോൻസാ കത്തീഡ്രൽ വികാരി റവ.ഡോ. ബാബു പുത്തന്‍പുരയില്‍ കാര്‍മികനാകും. തുടര്‍ന്ന് തിരുനാള്‍ പ്രദക്ഷണവും സ്‌നേഹവിരുന്നും നടക്കും.
ജൂലൈ 7ന് വൈകുന്നേരം 4ന് വിശുദ്ധ കുർബാനയെ തുടര്‍ന്ന് മിഷന്‍ ഡയറക്ടര്‍ ഫാ. ജോസ് കുന്നുംപുറം കൊടിയിറക്ക് കർമ്മം നിര്‍വഹിക്കുന്നതോടെ ഈ വർഷത്തെ തിരുനാള്‍ ആഘോഷങ്ങള്‍ക്ക് സമാപനം കുറിക്കും.