വിഥിൻഷോ സെന്‍റ് ആന്‍റണീസ് ദേവാലയത്തിൽ തിരുനാൾ ആഘോഷം സംഘടിപ്പിച്ചു

Mail This Article
മാഞ്ചസ്റ്റർ ∙ വിശ്വാസത്തിന്‍റെയും സാംസ്കാരിക പാരമ്പര്യത്തിന്‍റെയും മനോഹരമായ ഒരു ആഘോഷമായി മാഞ്ചസ്റ്ററിലെ വിഥിൻഷോ സെന്‍റ് ആന്‍റണീസ് ദേവാലയത്തിൽ നടന്ന വാർഷിക തിരുനാൾ ആഘോഷം. കേരളത്തിലെ പള്ളിപ്പെരുന്നാളിന്‍റെ സമാനമായ അനുഭവം പകർന്നുകൊണ്ട്, പരമ്പരാഗത കേരള വസ്ത്രങ്ങൾ അണിഞ്ഞ വിശ്വാസികൾ ദേവാലയത്തിൽ അണിനിരന്നു.
രാവിലെ ഒൻപതിന് വൈദികരെ സ്വീകരിച്ച് സെന്‍റ് ആന്‍റണീസ് ദേവാലയത്തിന്‍റെ അൾത്താരയിലേക്ക് ആനയിച്ചതോടെ അത്യാഘോഷപൂർവ്വമായ റാസാകുർബാനക്ക് തുടക്കമായി. പ്രിസ്റ്റൺ കത്തീഡ്രൽ വികാരി ഫാ. ബാബു പുത്തൻപുരയിൽ മുഖ്യകാർമ്മികനായി. ഡീക്കൻ ടോണി കോച്ചേരി ദിവ്യബലിമധ്യേ സന്ദേശം നൽകി.
റാസ കുർബാനയ്ക്ക് ശേഷം വിശുദ്ധരുടെ തിരുസ്വരൂപങ്ങൾ വഹിച്ച പ്രദക്ഷിണവും നടത്തി. ചെണ്ടമേളങ്ങളും, സ്കോർടീഷ് പൈപ്പ് ബാൻഡുമെല്ലാം അണിനിരന്ന പ്രദക്ഷിണത്തിൽ നൂറുകണക്കിന് മുത്തുക്കുടകളും ഉണ്ടായിരുന്നു. ഫാമിലി യൂണിറ്റുകളുടെയും, സന്നദ്ധ സംഘടനകളുമെല്ലാം സജീവമായി പങ്കെടുത്തു. പ്രദക്ഷിണം തിരികെ പള്ളിക്കു മുന്നിലെ കുരിശടിയിൽ എത്തി പ്രത്യേക പ്രാർത്ഥനകൾക്ക് ശേഷം തിരികെ ദേവാലയത്തിൽ പ്രവേശിച്ച ശേഷം ലദീഞ്ഞും, വിശുദ്ധ കുർബാനയുടെ ആശീർവാദവും നടന്നു. ബ്രിട്ടിഷ് പാർലമെന്‍റിലേക്കു വിജയിച്ച വിഷിൻഷോ എംപി മൈക്ക് കെയിലെ മിഷൻ ഡയറക്‌ടർ ഫാ. ജോസ് കുന്നുംപുറം അനുമോദിച്ചു.
തുടർന്ന് തിരുനാൾ വിജയത്തിനായി സഹകരിച്ച എല്ലാവർക്കും ഫാ. ജോസ് കുന്നുംപുറം നന്ദി രേഖപ്പെടുത്തി.ഇന്ന് വൈകുന്നേരം നാലിന് ദിവ്യബലിയെ തുടർന്ന് മിഷൻ ഡയറക്‌ടർ ഫാ. ജോസ് കുന്നുംപുറം കൊടിയിറക്കുന്നതോടെയാവും ഒരാഴ്ചക്കാലമായി നടന്നുവരുന്ന തിരുന്നാൾ ആഘോഷങ്ങൾ സമാപിക്കുക.