അഞ്ചു വയസ്സുകാരി മലയാളി പെൺകുട്ടി യുകെയിൽ അന്തരിച്ചു; വിടപറഞ്ഞത് മല്ലപ്പള്ളി സ്വദേശിനി ഹന്ന മേരി ഫിലിപ്പ്
Mail This Article
ബർമിങ്ഹാം/മല്ലപ്പള്ളി ∙ പനി ബാധിച്ച ചികിത്സയിൽ കഴിഞ്ഞിരുന്ന മലയാളി പെൺകുട്ടി യുകെയിൽ അന്തരിച്ചു. ബർമിങ്ഹാമിലെ വൂൾവർഹാംപ്‌റ്റനിൽ താമസിക്കുന്ന ബിൽസെന്‍റ് ഫിലിപ്പ്, ജെയ്മോൾ വർക്കി ദമ്പതികളുടെ മകൾ ഹന്ന മേരി ഫിലിപ്പ് (5) ആണ് മരിച്ചത്. പനി വന്നതിനെ തുടർന്നാണ് ഒരു മാസം മുൻപ് ഹന്നയ്ക്ക് ചികിത്സ ആരംഭിച്ചു. പനി വിട്ടു മാറാത്തതിനെ തുടർന്ന് ബർമിങ്ഹാം വിമൺസ് ആൻഡ് ചിൽഡ്രൻസ് എൻഎച്ച്എസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. തുടർന്ന് വിദഗ്ദ ചികിത്സയിൽ തുടരവേയാണ് ഹന്ന വിടവാങ്ങിയത്.
ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. എട്ട് മാസം മുൻപാണ് ഹന്നയും ഇളയ സഹോദൻ ആൽബിനും മല്ലപ്പള്ളിയിലെ തുരുത്തിക്കാട് നിന്നും പിതാവ് ബിൽസെന്‍റിന് ഒപ്പം യുകെയിൽ എത്തുന്നത്. നഴ്സായ ഹന്നയുടെ അമ്മ ജെയ്മോൾ സ്വകാര്യ കെയർ ഹോമിൽ ജോലി ചെയ്‌തുവരികയായിരുന്നു. ഹന്നയുടെ അകാല വേർപാടിൽ കുടുംബത്തിന് താങ്ങായി യുകെയിൽ തന്നെയുള്ള ബന്ധുക്കളും സുഹൃത്തുക്കളും മലയാളിസമൂഹവും ഒപ്പമുണ്ട്. യുകെയിൽ ബർമിങ്ഹാം ഹെർമ്മോൻ മാർത്തോമാ ദേവാലയത്തിലെ സജീവമായി പങ്കെടുക്കുന്നവരാണ് ഹന്നയുടെ കുടുംബം.
നാട്ടിൽ തുരുത്തിക്കാട് മാർത്തോമാ ദേവലായ അംഗങ്ങളാണ് . ഹന്നയുടെ മൃതദേഹം തുടർനടപടികൾക്ക് ശേഷം നാട്ടിൽ എത്തിക്കുന്നതിനും കുടുംബത്തെ സഹായിക്കുന്നതിനുമായി യുകെയിൽ തന്നെയുള്ള പിതൃസഹോദരി ബിന്ദു ഫിലിപ്പ്, കുടുംബ സുഹൃത്തുക്കളായ സാം മാത്യു, ജിബു ചെറിയാൻ എന്നിവരുടെ പേരിൽ ഫണ്ട് ശേഖരണം ആരംഭിച്ചിട്ടുണ്ട്. ഹന്നയുടെ കുടുംബത്തെ സഹായിക്കുന്നതിന് ഗോഫണ്ട് മീ പേജിലൂടെ സാധിക്കുന്നതാണ് .