യുക്മ കലാമേളയുടെ നിയമാവലി പരിഷ്കരിച്ചു; റീജനൽ കലാമേളകൾ ഒക്ടോബറിൽ, ദേശീയ കലാമേള നവംബർ 2 ന്
Mail This Article
ലണ്ടൻ∙ യുകെയിലെ മലയാളി കലാകാരന്മാർക്ക് വളരെയധികം ആവേശം നൽകുന്ന 2024 ലെ യുക്മ കലാമേളയുടെ പുതുക്കിയ നിയമാവലി യുക്മ ദേശീയ സമിതി പ്രസിദ്ധീകരിച്ചു. യുക്മയുടെ 15–ാം വാർഷികം ആഘോഷിക്കുന്ന ഈ വർഷം, കലാമേള കൂടുതൽ മികച്ചതും സംഘടിതവുമാക്കാൻ യുക്മ റീജനൽ, ദേശീയ നേതൃത്വങ്ങൾ ഒന്നിച്ച് പ്രവർത്തിക്കും.
2024 ലെ യുക്മ ദേശീയ കലാമേളയ്ക്കും റീജനൽ കലാമേളകൾക്കും മുന്നോടിയായിയാണ് കലാമേള മാനുവൽ (നിയമാവലി) പുതുക്കിയത്. കഴിഞ്ഞ വർഷത്തെ നിയമാവലിയിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തിയാണ് ഈ വർഷത്തെ മാനുവൽ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഓരോ വർഷത്തെ കലാമേളയിൽ നിന്നുള്ള പഠനങ്ങളും പരിഗണിച്ചാണ് യുക്മ ദേശീയ സമിതി 2024 ലെ കലാമേള നിയമാവലി പരിഷ്കരിച്ചിരിക്കുന്നത്.
2023 ലെ കലാമേളക്ക് ശേഷം, ഈ മേഖലയിലെ വിദഗ്ദ്ധരുടെയും, മത്സരാർഥികളുടെയും, പൊതുജനങ്ങളുടെയും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ശേഖരിച്ച് 2024 ലെ യുക്മ കലാമേള നിയമാവലിയിൽ യുക്മ ദേശീയ സമിതി കാര്യമായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. നിയമാവലി ഭേദഗതിക്കായി നിയോഗിച്ച സമിതിയുടെ ശുപാർശകളും ഈ മാറ്റങ്ങളിൽ ഉൾപ്പെടുന്നു.
ജയകുമാർ നായർ അധ്യക്ഷനായ കമ്മിറ്റിയിൽ ഡോ.ബിജു പെരിങ്ങത്തറ, കുര്യൻ ജോർജ്, ഡിക്സ് ജോർജ്, ഷീജോ വർഗീസ്, ലീനുമോൾ ചാക്കോ, സ്മിതാ തോട്ടം, മനോജ് കുമാർ പിള്ള, അലക്സ് വർഗീസ്, അഡ്വ.എബി സെബാസ്റ്റ്യൻ, ലിറ്റി ജിജോ, സുരേന്ദ്രൻ ആരക്കോട്ട്, വർഗീസ് ഡാനിയേൽ, സണ്ണിമോൻ മത്തായി തുടങ്ങിയവരുൾപ്പെട്ട കമ്മിറ്റിയുടെ നിർദ്ദേശങ്ങൾ കൂടി ഉൾപ്പെടുത്തിയാണ് നിയമാവലി പ്രസിദ്ധീകരിച്ചിരിക്കുന്നത്.
പുതുക്കിയ കലാമേള നിയമാവലി ഇതിനോടകം റീജനുകൾ വഴി അസോസിയേഷനുകളിൽ എത്തിച്ചതായി യുക്മ ദേശീയ പ്രസിഡൻറും ദേശീയ കലാമേള ചെയർമാനുമായ ഡോ. ബിജു പെരിങ്ങത്തറ, ജനറൽ സെക്രട്ടറിയും ദേശീയ കലാമേള ചീഫ് കോർഡിനേറ്ററുമായ കുര്യൻ ജോർജ്, യുക്മ ദേശീയ സമിതിയംഗവും ദേശീയ കലാമേള ജനറൽ കൺവീനറുമായ ജയകുമാർ നായർ എന്നിവർ അറിയിച്ചു.
പരിഷ്ക്കരിച്ച കലാമേള നിയമാവലിയിലെ നിബന്ധനകളുടെ അടിസ്ഥാനത്തിലാകും റീജനൽ, നാഷനൽ കലാമേളകളിൽ മത്സരങ്ങൾ സംഘടിപ്പിക്കുക.4 ഒക്‌ടോബർ മാസം റീജനൽ കലാമേളകൾ പൂർത്തിയാക്കി നവംബർ 2 ന് ദേശീയ കലാമേളയും എന്ന രീതിയിലാണ് കലാമേള ഷെഡ്യൂൾ ക്രമീകരിച്ചിരിക്കുന്നത്. യുക്മ റീജനൽ, നാഷനൽ കലാമേളകളുടെ റജിസ്ട്രേഷൻ ഓൺലൈനിലാണ് തയ്യാർ ചെയ്തിരിക്കുന്നത്. യുക്മ സൗത്ത് ഈസ്റ്റ് മുൻ ജനറൽ സെക്രട്ടറിയും, സഹയാത്രികനും കൂടിയായ ജോസ് പി.എമ്മിന്‍റെ ഉടമസ്ഥതയിൽ ലണ്ടൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ജെഎംപി സോഫ്റ്റ് വെയറാണ് ഇതിനുള്ള സാങ്കേതിക സഹായം ചെയ്തിരിക്കുന്നത്.