ഡാൻസ്- യോഗാ ക്ലാസിലേക്ക് ഓടിക്കയറി കുട്ടികളെ ആക്രമിച്ച് യുവാവ്; 2 കുട്ടികൾ കൊല്ലപ്പെട്ടു
Mail This Article
ലണ്ടൻ∙ ലിവർപൂളിനു സമീപമുള്ള തുറമുഖ പട്ടണമായ സൗത്ത് പോർട്ടിൽ യുവാവായ അക്രമിയുടെ കുത്തേറ്റ് രണ്ടു കുട്ടികൾക്ക് ദാരുണാന്ത്യം. സൗത്ത് പോർട്ടിലെ ഹാർട്ട് സ്ട്രീറ്റിൽ കുട്ടികൾക്കായി നടത്തുന്ന ഡാൻസ്- യോഗാ ക്ലാസിലേക്ക് ഓടിക്കയറിയ അക്രമി കുത്തിവീഴ്ത്തിയത് 11 കുട്ടികളെയാണ്. ആക്രമണത്തിൽ പരുക്കേറ്റ ആറു കുട്ടികളുടെ നില ഗുരുതരമാണ്. രണ്ട് മുതിർന്നവർക്കും സംഭവത്തിൽ പരുക്കുണ്ട്.
17 വയസ്സുള്ള അക്രമിയെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവം ഭീകരാക്രമണമല്ലെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്നലെ രാവിലെ 11.50നാണ് രാജ്യത്തെ നടുക്കിയ ഈ സംഭവം. സംഭവത്തിൽ ചാൾസ് മൂന്നാമൻ രാജാവും പ്രധാനമന്ത്രി സർ കെയ്ർ സ്റ്റാമർ ഉൾപ്പെടെയുള്ള നേതാക്കളും നടുക്കവും ദു:ഖവും രേഖപ്പെടുത്തി.
പരുക്കേറ്റ കുട്ടികൾ ലിവർപൂളിലെ അൾഡർ ഹെ ചിൽഡ്രൻസ് ഹോസ്പിറ്റൽ, എയ്ൻട്രീ യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ, സൗത്ത്പോർട്ട് ആൻഡ് ഫോംബൈ ഹോസ്പിറ്റൽ എന്നിവിടങ്ങളിൽ ചികിത്സയിലാണ്. അക്രമിയെ തിരിച്ചറിഞ്ഞതായും ആക്രമണത്തിന് ഉപയോഗിച്ച ആയുധമുൾപ്പെടെ കസ്റ്റഡിയിൽ എടുത്തതായും മേർസിസൈഡ് പൊലീസ് ചീഫ് കോൺസ്റ്റബിൾ സെരീന കെന്നഡി പറഞ്ഞു.
കുട്ടികളെ അക്രമിയിൽ നിന്നും രക്ഷിക്കാൻ സധൈര്യം ശ്രമിക്കുന്നതിനിടെയാണ് പ്രായപൂർത്തിയായ രണ്ടുപേർക്ക് ഗുരുതരമായി കുത്തേറ്റതെന്ന് പൊലീസ് വ്യക്തമാക്കി. ആറുവയസ്സു മുതൽ പത്തുവയസ്സുവരെ പ്രായമുള്ള കുട്ടികൾക്കായുള്ള ഡാൻസ്- യോഗാ ക്ലാസാണ് ഇവിടെ നടന്നിരുന്നത്.
ആക്രമണം നടത്താനുള്ള കാരണവും മറ്റു വിശദാംശങ്ങളും ഇനിയും വ്യക്തമാക്കാറായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. സംഭവസ്ഥലത്തേക്ക് ടാക്സിയിലെത്തിയ യുവാവായ അക്രമി മാസ്ക് ധരിച്ചിരുന്നതായും ടാക്സിക്കൂലി കൊടുക്കാൻ വിസമ്മതിച്ചതായും ദൃക്സാക്ഷികളിൽ ഒരാൾ വെളിപ്പെടുത്തി. സങ്കൽപ്പിക്കാനാവാത്ത ദുരന്തമാണ് ഈ കുട്ടികളുടെ കുടുംബൾക്ക് ഉണ്ടായിരിക്കുന്നതെന്നും രാജ്യത്തെ എല്ലാവരുടെയും പ്രാർഥനയും അനുശോചനവും ജീവൻ നഷ്ടപ്പെട്ട കുട്ടികളുടെ കുടുംബാംഗങ്ങളെ അറിയിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു.