വിയന്നയിലെ പ്രോസി ഗ്രൂപ്പിന് ഓസ്ട്രിയൻ ഇക്കണോമിക് ചേംബറിന്റെ ഗെനൂസ് പുരസ്‌കാരം

Mail This Article
വിയന്ന ∙ ഓസ്ട്രിയൻ ഇക്കണോമിക് ചേംബറിന്റെ നേതൃത്വത്തിൽ ഫുഡ് സൂപ്പർമാർകെറ്റുകൾക്കുവേണ്ടി സംഘടിപ്പിച്ച മത്സരത്തിൽ ഡെലിക്കസി വിഭാഗത്തിനുവേണ്ടിയുള്ള ഗെനൂസ് പുരസ്‌കാരം മലയാളികൾ നേതൃത്വം നൽകുന്ന പ്രോസി ഗ്രൂപ്പിന് ലഭിച്ചു. ഈ വിഭാഗത്തിൽ മത്സരിച്ച ഇരുപതോളം സ്ഥാപനങ്ങളെ പിന്തള്ളിയാണ് പ്രോസി എക്‌സോട്ടിക്ക് സൂപ്പർ മാർക്കറ്റിന് പുരസ്‌കാരം ലഭിച്ചത്.
സെപ്റ്റംബർ 22-ന് വിയന്നയിൽ നടക്കുന്ന വർണ്ണശബളമായ ചടങ്ങിൽ പുരസ്‌കാരം സമ്മാനിയ്ക്കും. പ്രോസി ഗ്രൂപ്പിനുവേണ്ടി സ്ഥാപകചെയർമാൻ ഡോ. പ്രിൻസ് പള്ളിക്കുന്നേൽ അവാർഡ് ഏറ്റുവാങ്ങും. ഈ വർഷം സിൽവർ ജൂബിലി ആഘോഷിക്കുന്ന പ്രോസി ഗ്രൂപ്പിനെ സംബന്ധിച്ച് ഓസ്ട്രിയ സർക്കാരിന്റെ സ്ഥാപനത്തിൽ നിന്ന് ലഭിക്കുന്ന പുരസ്കാരത്തിന് ഏറെ പ്രസക്തിയുണ്ടെന്നും, പുരസ്‌കാരം പ്രോസിയെ പിന്തുണയ്ക്കുന്നവർക്കും, ആയിരകണക്കിന് ഉപഭോക്താക്കൾക്കുമായി സമർപ്പിക്കുന്നുവെന്ന് ഡോ. പ്രിൻസ് പറഞ്ഞു.
1999-ല്‍ പ്രോസി എന്ന പേരില്‍ വിയന്നയിൽ ആരംഭിച്ച ഇന്റർനാഷണൽ ഫുഡ് സ്റ്റോർ ഇന്ന് ലോകമെമ്പാടുനിന്നും 10,000-ലധികം വിദേശ ഉല്‍പ്പന്നങ്ങളും, 150-ലധികം രാജ്യങ്ങളില്‍ നിന്നുള്ള ഉപഭോക്താക്കളുമായി മുന്നേറുന്ന പ്രസ്ഥാനമാണ്. സൂപ്പർമാർക്കറ്റുകൾക്ക് പുറമെ ഇന്ത്യൻ റെസ്റ്ററണ്ടും, കോസ്മെറ്റിക് ഷോപ്പും, അന്താരാഷ്ട്ര കുക്കിംഗ് ക്ലാസും ഉൾപ്പെടെ പ്രോസി അപ്പാർട്മെന്റും പ്രോസി ഗ്രൂപ്പിന്റേതായി വിയന്നയിൽ പ്രവർത്തിക്കുന്നുണ്ട്.