വയനാട് ദുരന്തം: സഹായഹസ്തം അഭ്യർഥിച്ച് യുക്മ ചാരിറ്റി ഫൗണ്ടേഷൻ

Mail This Article
ലണ്ടൻ ∙ വയനാട് ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് യുക്മ ദേശീയ സമിതി ആദരാഞ്ജലികൾ അർപ്പിച്ചു. ഇന്നലെ യുക്മ പ്രസിഡന്‍റ് ഡോ. ബിജു പെരിങ്ങത്തറയുടെ അധ്യക്ഷതയിൽ കൂടിയ അടിയന്തിര യുക്മ ദേശീയ സമിതി യോഗത്തിൽ സാധ്യമായ എല്ലാ സഹായവും ദുരിത ബാധിതർക്ക് നൽകാൻ തീരുമാനിച്ചു. ദുരിത ബാധിതരെ സഹായിക്കാൻ ഫണ്ട് ശേഖരണം യുക്മ ചാരിറ്റിയുടെ നേതൃത്വത്തിൽ ആരംഭിക്കും.
യുക്മ ചാരിറ്റി ഫൗണ്ടേഷന്‍റെ ആഭിമുഖ്യത്തിൽ നടത്തുന്ന ഫണ്ട് ശേഖരണത്തിൽ യുക്മ റീജനൽ കമ്മിറ്റികളുടെയും അംഗ അസോസിയേഷനുകളുടേയും യുകെ മലയാളികളുടേയും മറ്റെല്ലാ സുമനസുകളുടേയും സഹകരണം തേടിക്കൊണ്ട് ഫണ്ട് ശേഖരിക്കാനാണ് ദേശീയ സമിതി യോഗം തീരുമാനിച്ചത്. യുക്മ ആരംഭിച്ചിരിക്കുന്ന ഫണ്ട് ശേഖരത്തിൽ സഹകരിക്കുവാൻ താല്പര്യമുള്ളവർ താഴെ കൊടുത്തിരിക്കുന്ന ലിങ്കിലൂടെ പണം അയക്കാവുന്നതാണെന്ന് പ്രസിഡന്‍റ് ഡോ.ബിജു പെരിങ്ങത്തറ, സെക്രട്ടറി കുര്യൻ ജോർജ് എന്നിവർ അറിയിച്ചു.