ഇന്ത്യൻ അംബാസിഡറുമായി അലിക് ഇറ്റലി പ്രതിനിധികൾ കൂടിക്കാഴ്ച്ച നടത്തി
Mail This Article
റോം ∙ ഇറ്റലിയിലെ ഇന്ത്യൻ അംബാസിഡർ വാണി റാവുവിനെയും ഫസ്റ്റ് സെക്രട്ടറി സുഭാഷിണി ശങ്കരനെയും അലിക് ഇറ്റലിയുടെ പ്രതിനിധികൾ സന്ദർശിച്ചു. ഇറ്റലിയിലെ മലയാളി സംഘടനയായ അലിക് ഇറ്റലിയുടെ പ്രസിഡന്‍റ് ഷൈൻ റോബർട്ട് ലോപ്പസും കൗൺസിലർമാരായ സിറിയക് ജോസ്, ജെജി മാന്നാർ, നിശാന്ത് ശശിധരൻ എന്നിവർ ഇന്ത്യൻ എംബസിയിലെ അംബാസിഡറിന്‍റെ ചേംബറിൽ നടന്ന കൂടികാഴ്ചയിൽ പങ്കെടുത്തു.
മലയാളി സമൂഹത്തെ സംബന്ധിച്ച നിരവധി പ്രശ്‌നങ്ങളും ആവശ്യങ്ങളും അംബാസിഡറിന്‍റെ അലിക് ഇറ്റലി പ്രതിനിധികൾ ശ്രദ്ധയിൽപ്പെടുത്തി. ഇറ്റലിയിലെ മലയാളികളുടെ ജീവിതം, ജോലി, പഠനം തുടങ്ങിയ വിഷയങ്ങളിൽ അംബാസിഡർ ആഴത്തിൽ താൽപര്യം പ്രകടിപ്പിച്ചു. പ്രത്യേകിച്ച്, ഇറ്റലിയിലെ നഴ്‌സുമാർക്ക് ജോലി സാധ്യതകൾ വർധിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് അംബാസിഡർ ഉറപ്പ് നൽകി.
മലയാളി സമൂഹത്തിന്‍റെ സാംസ്കാരിക പരിപാടികളിലും അംബാസിഡർ താൽപര്യം കാണിച്ചു. അലിക് ഇറ്റലിയുടെ ഓണാഘോഷത്തിൽ പങ്കെടുക്കാൻ അംബാസിഡറിനെയും കുടുംബത്തെയും ഇന്ത്യൻ എംബസിയിലെ എല്ലാ ഉദ്യോഗസ്ഥരെയും ക്ഷണിച്ചു. ബസിയിൽ വച്ച് ഓണോഘോഷം നടത്തുന്നതിനെ കുറിച്ച് ആശയം അംബാസിഡർ അറിയിച്ചത് മലയാളി സമൂഹത്തിന് വലിയ പ്രോത്സാഹനമായി. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരെ സഹായിക്കുന്നതിനും, ഗുരുതരമായ രോഗികളെ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിനും, ജോലി അന്വേഷിക്കുന്നവർക്ക് സഹായം നൽകുന്നതിനും അലിക് ഇറ്റലി ചെയ്യുന്ന പ്രവർത്തനങ്ങൾക്കും ക്രിസ്മസ്, ഓണം, പുതുവത്സരം തുടങ്ങിയ ഉത്സവങ്ങൾ ആഘോഷിക്കുന്നതിലൂടെ മലയാളി സമൂഹം തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനും അലിക് ഇറ്റലി നൽകുന്ന സംഭാവനകളെയും അംബാസിഡർ പ്രശംസിച്ചു.