‘ഞങ്ങൾ നിങ്ങളെ കണ്ടെത്തും', യുകെയിൽ കലാപകാരികൾക്ക് മുന്നറിയിപ്പ് നൽകി പൊലീസ്; അപലപിച്ച് പ്രധാനമന്ത്രി
Mail This Article
ലണ്ടൻ ∙ യുകെയിലെ വിവിധ പ്രദേശങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ നടന്ന കുടിയേറ്റ വിരുദ്ധ കലാപത്തിൽ പങ്കെടുത്തവരെ കണ്ടെത്താൻ ശ്രമം നടത്തുന്നതായി പൊലീസ് അറിയിച്ചു. ‘നിങ്ങൾ അവിടെ ഉണ്ടായിരുന്നെങ്കിൽ, ഞങ്ങൾ നിങ്ങളെ കണ്ടെത്തും’ എന്നാണ് പൊലീസ് നൽകിയ മുന്നറിയിപ്പ്. യുകെയിൽ അഭയാർഥികളായി എത്തിയ അനധികൃത കുടിയേറ്റക്കരെ പാർപ്പിച്ചിരുന്ന റോതർഹാമിലെ ഹോട്ടലിന് നേരെ കലാപകാരികൾ അക്രമം നടത്തിയിരുന്നു.
യുകെയിൽ ഇപ്പോൾ നടക്കുന്ന കലാപങ്ങളെ തീവ്ര വലതുപക്ഷ കൊള്ളയായി മാത്രമെ കാണുവാൻ കഴിയുകയുള്ളുവെന്ന് പ്രധാനമന്ത്രി കിയേർ സ്റ്റാർമർ വിശേഷിപ്പിച്ചു. അക്രമാസക്തമായ പ്രതിഷേധങ്ങളെ നേരിടാൻ സ്പെഷ്യലിസ്റ്റ് പൊലീസ് ഓഫിസർമാരുടെ ഒരു സ്റ്റാൻഡിങ് ആർമിയെ കിയേർ സ്റ്റാർമർ പ്രഖ്യാപിച്ചിട്ടുണ്ട്.
മിഡിൽസ്ബറോ, ലിവർപൂൾ, ബെൽഫാസ്റ്റ് എന്നിവിടങ്ങളിൽ നടന്ന അക്രമങ്ങളിൽ പങ്കെടുത്ത കലാപകാരികളുടെ കണക്കെടുപ്പ് ഉണ്ടാകുമെന്ന് ഹോം സെക്രട്ടറി യെവെറ്റ് കൂപ്പർ നേരത്തെ പറഞ്ഞിരുന്നു. അക്രമത്തെ മുൻ പ്രധാനമന്ത്രി ഋഷി സുനകും പ്രതിപക്ഷ നിരയിലെ വിവിധ നേതാക്കളും അപലപിച്ചു. കലാപകാരികൾക്ക് നേരെ ശക്തമായ നടപടി സ്വീകരിക്കാൻ സർക്കാരിനൊപ്പം പ്രതിപക്ഷവും ഉണ്ടാകുമെന്നാണ് ഋഷി സുനക് അറിയിച്ചത്. അക്രമങ്ങൾക്ക് കാരണമായി ആരോപിക്കപ്പെടുന്ന വസ്തുതകൾക്ക് യഥാർത്ഥ സംഭവങ്ങളുമായി ബന്ധമുള്ളതായി കരുതുന്നില്ലന്നും ഋഷി സുനക് കൂട്ടിച്ചേർത്തു. കഴിഞ്ഞയാഴ്ച സൗത്ത്‌പോർട്ടിൽ നൃത്ത ക്ലാസിൽ പങ്കെടുക്കാനെത്തിയ മൂന്ന് കുട്ടികൾ കത്തിയാക്രമണത്തെ തുടർന്ന് കൊല്ലപ്പെട്ടതിനെ തുടർന്നാണ് കുടിയേറ്റ വിരുദ്ധ കലാപം ഉണ്ടായത്.