ADVERTISEMENT

ലണ്ടൻ∙ ബ്രിട്ടനിൽ ഒരാഴ്ചയായി തുടരുന്ന കുടിയേറ്റ വിരുദ്ധ കലാപത്തിനെതിരേ കൈകോർത്ത് തെരുവിലിറങ്ങി ജനലക്ഷങ്ങൾ. സമാധാനപ്രിയരായ ജനങ്ങൾ ഒന്നിച്ച് തെരുവിലിറങ്ങി അക്രമികൾക്ക് മുന്നറിയിപ്പു നൽകിയതോടെ ഇന്നലെ രാത്രി അഴിഞ്ഞാടാനൊരുങ്ങിയ അക്രമികൾ മാളത്തിലൊളിച്ചു. ലണ്ടനിലെ റോംഫോർഡിലും വാൾത്തംസ്റ്റോവിലും ഹാരോയിലും ബർമിങ്ഹാം, ബ്രിസ്റ്റോൾ, നോർത്താംപ്റ്റൺ, സൗത്താംപ്റ്റൺ,  ലിവർപൂൾ. ഷെഫീൽഡ്, അൾഡർഷോട്ട്, ന്യൂകാസിൽ  തുടങ്ങിയ സിറ്റികളിലുമെല്ലാം സമാധാന ആഹ്വനവുമായി തെരുവിൽ തടിച്ചുകൂടിയത് പതിനായിരങ്ങളാണ്. 

ഇതോടെ ഇന്നലെ രാത്രി എട്ടുമണിക്ക് രാജ്യത്തെ 38 സ്ഥലങ്ങളിൽ പ്രതിഷേധ പ്രകടനങ്ങളുണ്ടാകുമെന്ന് മുന്നറിയിപ്പു നൽകിയ കലാപകാരികൾ മാളത്തിലൊളിച്ചു. അപൂർവം സ്ഥലങ്ങളിൽ ഒറ്റപ്പെട്ട ചെറിയ സംഭവങ്ങൾ ഉണ്ടായതൊഴിച്ചാൽ ഇന്നലെ കാര്യമായ കലാപങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടില്ല. പോട്സ്മോത്തിൽ മാത്രമാണ് കുടിയേറ്റ വിരുദ്ധ പ്രതിഷേധക്കാർക്ക് മുൻനിശ്ചയപ്രകാരം പ്രകടനവും മറ്റും നടത്താനായത്. 

കെന്റിലെ ചാത്തമിൽ കുടിയേറ്റവിരുദ്ധരും സമാധന പ്രകടനക്കാരും ഇരുവശത്തായി അണിനിരന്നത് പൊലീസിന് തലവേദനയായി. ഒടുവിൽ ഇരുകൂട്ടരെയും പൊലീസ് സമാധാനപരമായി പിരിച്ചുവിട്ടു. 

കലാപകാരികൾക്കെതിരേ അതിശക്തമായ നടപടികളുമായി സർക്കാർ മുന്നോട്ടു പോകുകയാണ്. ഇതിനോടകം മൂന്നുപേർക്ക് കോടതി ശിക്ഷ വിധിച്ചു. ഭീകര വിരുദ്ധനിയപ്രകാരം കേസെടുത്താണ് അക്രമികളെ കൈകാര്യം ചെയ്യുന്നത്. ജയിലിലായ ഒരാൾക്ക് മൂന്നുവർഷവും മറ്റു രണ്ടുപേർക്ക് മുപ്പതും ഇരുപതും മാസവുമാണ് കോടതി തടവുശിക്ഷ വിധിച്ചത്. അക്രമികളെ നേരിടാൻ പൊലീസും കോടതിയും സുസജ്ജമായിരിക്കുയാണെന്ന് ഡപ്യൂട്ടി പ്രധാനമന്ത്രി എയ്ഞ്ജല റെയ്നർ മുന്നറിയിപ്പ് നൽകിയിരുന്നു. 

Image Credit:X/AamerAnwar
Image Credit:X/AamerAnwar

ലിവർപൂളിലെ സൗത്ത് പോർട്ടിൽ മൂന്നു കുട്ടികളുടെ ദാരുണമായ കൊലപാതകത്തെത്തുടർന്ന് പൊട്ടിപ്പുറപ്പെട്ട ജനരോഷം കുടിയേറ്റവിരുദ്ധ കലാപമായി ബ്രിട്ടനിലെങ്ങും ആളിപ്പടരുകയായിരുന്നു.  പൊലീസ് അതിശക്തമായ നടപടികൾ തുടരുമ്പോഴും അക്രമം പൂർണമായും നിയന്ത്രിക്കാൻ കഴിയുന്ന സാഹചര്യം ആയിരുന്നില്ല ഇന്നലെ വരെ.  തിങ്കളാഴ്ചയും പ്ലിമത്തിലും മറ്റും   കുടിയേറ്റക്കാർക്കുനേരെയും അവരുടെ വീടുകൾക്കും കാറുകൾക്കും നേരെയും അക്രമമുണ്ടായി. ഇതേത്തുടർന്ന്  ബ്രിട്ടനിൽ താമസിക്കുന്നവരും  വിവിധ ആവശ്യങ്ങൾക്കായി ബ്രിട്ടനിലേക്ക് യാത്രചെയ്യുന്നവരും ജാഗ്രത പാലിക്കണമെന്ന് ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മിഷൻ മുന്നറിയിപ്പു നൽകി. 

സമാനമായ രീതിയിൽ മറ്റു രാജ്യങ്ങളും അവരുടെ പൗരന്മാർക്ക് സുരക്ഷാ മുന്നറിയിപ്പുകൾ നൽകി.  വിദ്യാർഥികൾ ഉൾപ്പെടെയള്ളവർ ഒറ്റയ്ക്ക് യാത്ര ചെയ്യുന്നത് ഒഴിവാക്കണമെന്നും പ്രകടനക്കാരെ പ്രകോപിപ്പിക്കുന്ന നടപടികൾ ഒഴിവാക്കണമെന്നും മലായാളി അസോസിയേഷനുകളുടെ മാതൃസംഘടനയായ യുക്മയും മുന്നറിയിപ്പു നൽകിയിരുന്നു. 

ബ്രിട്ടനിലെ കലാപ വാർത്തകൾ ലോകമാധ്യമങ്ങൾ ഏറ്റെടുത്തതോടെ സർക്കാർ ഉണർന്നു. അതിശക്തമായ നടപടികളുമായി പൊലീസ് രംഗത്തെത്തി. ഇതിനിടെ സമാധാനപ്രിയരായ ജനങ്ങൾ കൂട്ടത്തോടെ തെരുവിലിറങ്ങിയതോടെ  തങ്ങൾക്ക് ജനപിന്തുണയില്ലെന്നു മനസിലാക്കി അക്രമികൾ പിന്മാറുന്ന കാഴ്ചയാണ് കാണുന്നത്.   

പലസ്ഥലങ്ങളിലും അഭയാർഥി ക്യാംപുകൾക്കു മുന്നിൽ തടിച്ചുകൂടി അക്രമികൾ മുദ്രാവാക്യം മുഴക്കി. അനധികൃത ബോട്ടുകളിലൂടെ ഇംഗ്ലിഷ് ചാനൽകടന്ന് അഭയാർഥി സ്റ്റാറ്റസിനായി കാത്തിരിക്കുന്ന ഒന്നുമില്ലാത്ത പാവങ്ങൾക്കുനേരേയാണ് പ്രതിഷേധക്കാരുടെ ഏറ്റവും വലിയ രോഷപ്രകടനം. റോതർഹാമിൽ ഇത്തരത്തിൽ അഭയാർഥികളെ താമസിപ്പിച്ചിരിക്കുന്ന ഹോളിഡേ ഇൻ ഹോട്ടലിന്റെ ജനൽചില്ലുകളും മറ്റും അടിച്ചുതകർത്ത അക്രമികൾ വാഹനങ്ങൾ കത്തിച്ചും മറ്റും പ്രതിഷേധം ശക്തമാക്കി. അക്രമികളെ ബലംപ്രയോഗിച്ച് നീക്കം ചെയ്താണ് പൊലീസ് തീയണച്ചത്. 

വിവധ സ്ഥലങ്ങളിൽനിന്നായി അഞ്ഞൂറോളം അക്രമികളെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.  കുടിയേറ്റക്കാർക്കെതിരേ ഉയരുന്ന ശക്തമായ പ്രതിഷേധത്തിലും അക്രമസംഭവങ്ങളിലും ബ്രിട്ടനിലെ മലയാളി സമൂഹം കനത്ത ആശങ്കയിലാണ്. രാത്രി വൈകിയും മറ്റും ജോലികഴിഞ്ഞ് വീടുകളിലേക്ക് മടങ്ങുന്ന ആരോഗ്യ പ്രവർത്തകരും ഡെലിവറി ജോലികളിൽ ഏർപ്പെട്ടിരിക്കുന്ന മലയാളികളുമാണ്  ഏറെ ശ്രദ്ധ പുലർത്തേണ്ടത്. ആരോഗ്യ പ്രവർത്തകരും വിദ്യാർഥികളും അവരുടെ കുടുംബാംഗങ്ങളുമായി ബ്രിട്ടണിലെ ഓരോ ചെറു പട്ടണങ്ങളിലും നൂറുകണക്കിന് മലയാളികളാണുള്ളത്. 

കഴിഞ്ഞദിവസം ലിവർപൂളിനു സമീപമുള്ള തുറമുഖ പട്ടണമായ സൗത്ത് പോർട്ടിൽ യുവാവായ അക്രമിയുടെ കുത്തേറ്റ് മൂന്നു പിഞ്ചുകുട്ടികൾ മരിച്ച സംഭവത്തിനു തൊട്ടുപിന്നാലെയാണ് സൗത്ത് പോർട്ടിൽ ഒരു ആരാധനയലത്തിന് പുറത്ത് തടിച്ചുകൂടി തീവ്രവലതുപക്ഷക്കാരായ ഏതാനും ആളുകൾ അക്രമണം അഴിച്ചുവിട്ടത്.   സൗത്ത് പോർട്ടിലെ ഹാർട്ട് സ്ട്രീറ്റിൽ കുട്ടികൾക്കായി നടത്തുന്ന ഡാൻസ്- യോഗാ ക്ലാസിലേക്ക് ഓടിക്കയറിയ അക്രമിയാണ് പത്തുവയസ്സിനു താഴെമാത്രം പ്രായമുള്ള പതിനൊന്നു കുഞ്ഞുങ്ങളെ കുത്തിവീഴ്ത്തിയത്. അക്രമം തടയാൻ ശ്രമിച്ച ഡാൻസ് ടീച്ചർക്കും സഹായിക്കും ഗുരുതരമായി കുത്തേറ്റു. 

ഇതിനിടെ സൗത്ത്പോർട്ടിലെ കലാപം രാജ്യം മുഴുവൻ ആളിപ്പടർന്നു.  കുടിയേറ്റ വിരുദ്ധ വികാരം പരസ്യമാക്കി തീവ്രവലതുപക്ഷ നിലപാടുകാർ നിരത്തിലിറങ്ങി. ആരാധനയലയങ്ങൾക്ക് നേരേ അക്രമം അഴിച്ചുവിടാനും വഴിയാത്രക്കാർ ഉൾപ്പെടെയുള്ളവരെ ആക്രമിക്കാനും തുടങ്ങിയതോടെ പ്രതിഷേധക്കാർക്കുനേരെ പ്രതിരോധവുമായി കുടിയേറ്റക്കാരും പലയിടങ്ങളിലും സംഘടിച്ചു. മുഖം പരിപൂർണമായും മറയ്ക്കുന്ന മാസ്ക് ധരിച്ചാണ് പലയിടത്തും അക്രമികൾ അഴിഞ്ഞാടിയത്. 

English Summary:

Millions marched in protest against anti-immigrant riots.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com