ജര്‍മനിയിലെ 1.3 ദശലക്ഷത്തിലധികം പെന്‍ഷന്‍കാര്‍ വീണ്ടും ജോലിക്ക് പോകുന്നു
Mail This Article
ബര്‍ലിന്‍ ∙ ജര്‍മനിയിലെ 1.3 ദശലക്ഷത്തിലധികം പെന്‍ഷന്‍കാര്‍ ജോലിക്ക് പോകുന്നതായി വെളിപ്പെടുത്തല്‍. അതായത് ദാരിദ്യ്രം സഹിക്ക വയ്യാതെ 1.3 ദശലക്ഷത്തിലധികം ആളുകള്‍ വാര്‍ദ്ധക്യത്തിലും ജോലിക്കു പോകാന്‍ നിര്‍ബന്ധിതരാവുന്നതായിട്ടാണ് വെളിപ്പെടുത്തല്‍. ഔദ്യോഗികമായി ജോലിയില്‍ നിന്ന് വിരമിച്ചെങ്കിലും ജര്‍മനിയില്‍ പലരും ഇപ്പോഴും ജോലിക്ക് പോകുന്ന സാഹചര്യമാണുള്ളത്.
പല വാര്‍ദ്ധക്യകാല പെന്‍ഷന്‍കാരും അവരുടെ പെന്‍ഷനു പുറമേ എന്തെങ്കിലും മിച്ചം വയ്ക്കാനുള്ള ശ്രമത്തിലാണ്. ജര്‍മ്മനിയിലെ 18.6 ദശലക്ഷം പെന്‍ഷന്‍കാരില്‍ 1.3 ദശലക്ഷത്തിലധികം പേരും ജോലി ചെയ്യുന്നുണ്ട്. ഫെഡറല്‍ ഗവണ്‍മെന്റിന്റെ വെളിപ്പെടുത്തലാണ് ഇത്.
വാര്‍ദ്ധക്യത്തില്‍ ജോലി ചെയ്യാനുള്ള കാരണങ്ങള്‍ പലതാണ്. ജര്‍മനിയില്‍ പെന്‍ഷന്‍ ശരാശരി വളരെ കുറവാണ്. ജര്‍മന്‍ പെന്‍ഷന്‍ ഇന്‍ഷുറന്‍സ് പ്രകാരം, കുറഞ്ഞത് 35 വര്‍ഷത്തെ ഇന്‍ഷുറന്‍സിന് ശേഷം, ജര്‍മനിയിലെ വാര്‍ദ്ധക്യ പെന്‍ഷന്‍കാര്‍ക്ക് 2022 ല്‍ ശരാശരി 1,400 യൂറോ പെന്‍ഷന്‍ ലഭിച്ചു. പെന്‍ഷന്‍ തുക എപ്പോഴും വ്യക്തിഗതമാണ്. കൂടാതെ ജോലി ചെയ്യുന്ന സമയത്തെ വരുമാനത്തെയും പെന്‍ഷന്‍ ഫണ്ടിലേക്കുള്ള അനുബന്ധ പേയ്മെന്റുകളെയും ആശ്രയിച്ചിരിക്കുന്നു.