ഗുരു ദർശനം ലോകത്തെ അറിയിക്കാൻ ഓരോ മലയാളിയും പ്രതിജ്ഞാബദ്ധരാകണമെന്ന് അഡ്വ. ബൈജു തിട്ടാല
Mail This Article
ലണ്ടൻ ∙ ശ്രീനാരായണ ഗുരു ദർശനം ലോകത്തെ അറിയിക്കാൻ ഓരോ മലയാളിയും പ്രതിജ്ഞാബദ്ധർ ആകണമെന്ന് കേംബ്രിജ് മേയർ അഡ്വ. ബൈജു തിട്ടാല. സേവനം യുകെയുടെ നേതൃത്വത്തിൽ യുകെയിലെ ശിവഗിരി ആശ്രമത്തിൽ നടന്ന ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു ബൈജു തിട്ടാല. സേവനം യുകെ ചെയർമാൻ ബൈജു പാലയ്ക്കൽ അധ്യക്ഷത വഹിച്ചു. ശാസ്ത്രജ്ഞനും കോട്ടയം ഗുരുനാരായണ സേവനികേതൻ ട്രസ്റ്റിയുമായ സി.എ.ശിവരാമൻ മുഖ്യപ്രഭാഷണം നടത്തി. ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ഘോഷയാത്രയും നടത്തി.
യൂണിവേഴ്‌സിറ്റി ഒഫ് ലണ്ടൻ റിട്ട. പ്രഫസർ അലക്‌സ് ഗ്യാത്, എസ്എൻഡിപി യോഗം ഇൻസ്‌പെക്ടിങ് ഓഫിസർ രവീന്ദ്രൻ എസ്. എഴുമറ്റൂർ, യോഗം ചാലക്കുടി ഖന്നനഗർ ശാഖാ പ്രസിഡന്‍റ് സുന്ദർലാൽ, ശിവഗിരി ആശ്രമം മാനേജിങ് ട്രസ്റ്റി ഡോ. ബിജു പെരിങ്ങത്തറ, സേവനം യുകെ കുടുംബ യൂണിറ്റ് കൺവീനർ ഗണേഷ് ശിവൻ തുടങ്ങിയവർ പങ്കെടുത്തു. മികച്ച വിജയം നേടിയ വിദ്യാർത്ഥികളെയും, ശിവഗിരി ആശ്രമം യുകെയുടെ പ്രവർത്തനങ്ങളിൽ സമഗ്ര സംഭാവന നൽകിയ ദിനേശ് കക്കലാക്കുടിലിൽ, അനീഷ് അശോകൻ തുടങ്ങിയവരെയും ആദരിച്ചു. സജീഷ് ദാമോദരൻ സ്വാഗതവും കല ജയൻ നന്ദിയും പറഞ്ഞു.