വയനാടിനായി കൈകോര്‍ത്ത് പ്രവാസി കുരുന്നുകള്‍; സ്വരൂപിച്ചത് അരക്കോടി രൂപ
Mail This Article
ബര്‍ലിന്‍ ∙ ലോകമെമ്പാടുമുള്ള മലയാളം മിഷന്‍ ചാപ്റ്ററുകളിലെ കുരുന്നുകള്‍ മാതൃ നാടിനായി കൈകോര്‍ത്തുകൊണ്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അരക്കോടി രൂപ സംഭാവന ചെയ്തു.സഹജീവി സ്നേഹവും മാതൃദേശത്തിനോടുള്ള പ്രതിബദ്ധതയും പ്രവാസി കുട്ടികളില്‍ വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് മലയാളം മിഷന്‍ " വയനാടിനൊരു ഡോളര്‍" എന്ന പദ്ധതി ആവിഷ്കരിച്ചത്.
മലയാളം മിഷനിലെ എല്ലാ കുട്ടികളും പങ്കാളികളായി.ഒപ്പം മലയാളം മിഷന്‍ ചാപ്റ്ററുകളിലെ മാതൃഭാഷാ സ്നേഹികളായ ഭാരവാഹികളും അധ്യാപകരും കൂടി കൈകോര്‍ത്തപ്പോള്‍ വയനാടിനായി അരക്കോടി രൂപ(52,50677) അവര്‍ കണ്ടെത്തി. ഓരോ ചാപ്റ്ററുകളില്‍ നിന്നും കണ്ടെത്തുന്ന തുകകള്‍ അത് ചാപ്റ്ററുകള്‍ തന്നെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നേരിട്ട് അയയ്ക്കുന്ന രീതിയിലാണ് മലയാളം മിഷന്‍ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.
എല്ലാ ചാപ്റ്ററുകളില്‍ നിന്നും അയക്കുന്ന തുകകള്‍ ക്രോഡീകരിച്ചരേഖ മലയാളം മിഷന്‍ ഡയറക്ടര്‍ മുരുകന്‍ കട്ടാക്കടയും ചാപ്റ്റര്‍ പ്രതിനിധികളും ജീവനക്കാരും ചേര്‍ന്ന് 29ന് മുഖ്യമന്ത്രിക്ക് കൈമാറി.മലയാളം മിഷന്റെ 105 ചാപ്റ്ററില്‍ നിന്നുള്ള അന്‍പതിനായിരം വിദ്യാര്‍ഥികളാണ് ക്യാമ്പയിനിന്റെ ഭാഗമായത്.