വാടകയ്ക്ക് നൽകിയത് നിലവാരമില്ലാത്ത ഫ്ലാറ്റുകൾ: പരാതിക്കാർ ഒഴിയണമെന്ന് ഭീഷണി; കുരുക്കിലായി ഇന്ത്യൻ വംശജനായ എംപി
Mail This Article
ലണ്ടൻ ∙ നിലവാരമില്ലാത്ത ഫ്ലാറ്റുകൾ വാടകയ്ക്കു നൽകി കുരുക്കിലായി ലണ്ടനിലെ ഇന്ത്യൻ വംശജനായ പാർലമെന്റ് അംഗം ജാസ് അത്വാൾ. ഇൽഫോർഡ് സൗത്ത് മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ലേബർ എംപിയാണ് പൂപ്പലും ഉറുമ്പുകളുടെ ശല്യവും ഉള്ള കെട്ടിടം വാടകയ്ക്ക് നൽകി കുരുക്കിലായത്.
ഇതേക്കുറിച്ച് പരാതിപ്പെട്ടാൽ വീടൊഴിഞ്ഞുപോകാം എന്ന ഭീഷണിയും എംപി ഉയർത്തുന്നതായി വാടകക്കാർ പറയുന്നു. റെഡ്ബ്രിഡ്ജ് കൗൺസിലിൽ 15 ഫ്ലാറ്റുകളാണ് എംപി വാടകയ്ക്ക് നൽകിയിരിക്കുന്നത്. എന്നാൽ എല്ലാ നിയമവശങ്ങളും പാലിച്ചാണ് കെട്ടിട സമുച്ഛയം വാടകയ്ക്ക് നൽകിയിട്ടുള്ളതെന്നും വാടകക്കാരുടെ പരാതിയെക്കുറിച്ച് തനിക്ക് അറിയില്ലെന്നുമാണ് എംപിയുടെ വാദം.
ലെറ്റിങ് ഏജന്റുവഴിയാണ് കെട്ടിടം വാടകയ്ക്ക് നൽകിയിരിക്കുന്നത്. താമസക്കാരുടെ ബുദ്ധിമുട്ടുകൾ അറിഞ്ഞപ്പോൾ താൻ ഞെട്ടിപ്പോയെന്നും ലെറ്റിങ് ഏജന്റുമായി സംസാരിച്ച് പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാക്കുമെന്നും ജാസ് അത്വാൾ വ്യക്തമാക്കി.
കൺസർവേറ്റീവ് നേതാക്കൾ ഉൾപ്പെടെയുള്ളവർ ഫ്ലാറ്റ് സന്ദർശിച്ച് താമസക്കാരോട് വിവരങ്ങൾ അന്വേഷിക്കുകയും പിന്തുണ അറിയിക്കുകയും ചെയ്തതോടെ വിഷയം രാഷ്ട്രീയ ചർച്ചയായി മാറിക്കഴിഞ്ഞു. ഹൗസ് ഓഫ് കോമൺസിലെ ഏറ്റവും വലിയ ഭൂവുടമയാണ് ജാസ് അത്വാൾ.