ലെസ്റ്റർ സെന്റ് അൽഫോൻസാ മിഷനിൽ എട്ട് നോയമ്പ് ആചരണം
Mail This Article
ലെസ്റ്റർ ∙ ലെസ്റ്റർ സെന്റ് അൽഫോൻസാ മിഷനിൽ പരിശുദ്ധ ജനന തിരുനാളിന് ഒരുക്കമായുള്ള എട്ട് നോയമ്പ് ആചരണത്തിന് ഭക്തി നിർഭരമായി തുടക്കം കുറിച്ചു. എട്ട് ദിവസത്തെ തിരുന്നാൾ ആഘോഷം ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് കോടിയേറ്റ് കർമ്മത്തോടെ ആരംഭിച്ചു.
മിഷൻ ഡയറക്ടർ റവ. ഫാ. ഹാൻസ് പുതിയാകുളങ്ങര കോടിയേറ്റുകയും ദിവ്യബലി അർപ്പിച്ചു തിരുന്നാൾ സന്ദേശം നൽകുകയും ചെയ്തു. തിരുന്നാൾ കുർബ്ബാനയുടെ ആരംഭത്തിൽ പ്രസുദേന്തി വാഴ്ച നടത്തപ്പെട്ടു. കുര്‍ബ്ബാനക്ക് ശേഷം ലദീഞ്ഞും വാഹനങ്ങളുടെ വെഞ്ചിരിപ്പും ഉണ്ടായിരുന്നു. തുടര്‍ന്നുള്ള ദിനങ്ങളില്‍ ഇംഗ്ലീഷിലും മലയാളത്തിലും വിശുദ്ധ കുര്‍ബാനയും ദിവ്യകാരുണ്യ ആരാധനയും ദിവ്യകാരുണ്യത്തിന്റെവാഴ്‌വും ലദീഞ്ഞും ഉണ്ടായിരിക്കുന്നതാണ്. സെപ്റ്റംബര്‍ ഏഴിന് വൈകുന്നേരം 5:30ന് വിശുദ്ധ കുര്‍ബാനയും ഏഴു മണിക്ക് ജപമാല പ്രദിക്ഷണവും തുടര്‍ന്ന് ഉത്പന്നലേലവും സ്നേഹവിരുന്നും നടക്കും. സെപ്റ്റംബര്‍ എട്ടിന് ഞായറാഴ്ച ഇടവക തിരുന്നാള്‍ ദിനത്തില്‍ തിരുന്നാള്‍ കുര്‍ബാനയും ശേഷം 2024 ലെസ്റ്റര്‍ ഇടവക തിരുന്നാളിന് സമാപനം കുറിച്ചുകൊണ്ട് തിരുന്നാള്‍ മഹാമഹം എന്ന സ്റ്റേജ് ഷോയും നടക്കും.