ജര്‍മനിയിലെ സംസ്ഥാന തിരഞ്ഞെടുപ്പിൽ കുടിയേറ്റ വിരുദ്ധപാര്ട്ടിക്ക് ജയം
Mail This Article
ബര്‍ലിന്‍ ∙ ഞായറാഴ്ച ജര്‍മനിയിലെ രണ്ടു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പില്‍ തുരിംഗന്‍ സംസ്ഥാനത്തില്‍ കുടിയേറ്റ വിരുദ്ധ പാര്‍ട്ടിയായ തീവ്ര വലതുപക്ഷ എഎഫ്ഡി (ജര്‍മ്മനിക്ക് ബദല്‍) പാര്‍ട്ടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി വിജയിച്ചു.
88 അംഗ അസംബ്ളിയില്‍ 32 അംഗങ്ങളുമായി 30.5 മുതല്‍ 33.5 ശതമാനം വരെ വോട്ടുകള്‍ നേടിയത് ചാന്‍സലര്‍ ഷോള്‍സിന്റെ ട്രാഫിക് ലൈറ്റ് മുന്നണിയെയും പ്രതിപക്ഷമായ ക്രിസ്ററ്യന്‍ ഡമോക്രാറ്റിക് യൂണിയനെയും (സിഡിയു) ഒരുപോലെ ഞെട്ടിച്ചു. അതേസമയം ജര്‍മനിയിലെ വിദേശികളുടെ പ്രത്യേകിച്ച് തൂരിംഗന്‍ സംസ്ഥാനത്തിലെ വിദേശികളുടെ ചങ്കിടിപ്പ് കൂട്ടുകയും ചെയ്തു.
എഎഫ്ഡി പാര്‍ട്ടി അധികാരത്തില്‍ വന്നാല്‍ എന്താണു സംഭവിയ്ക്കുക എന്ന് ആര്‍ക്കും ഇപ്പോള്‍ പ്രവചിക്കാനാവില്ല. എങ്കിലും വിദേശികളുടെ ചങ്കിടിപ്പ് ഇപ്പോള്‍ കൂടിയിരിയ്ക്കെയാണ്. എക്സിറ്റ് പോള്‍ ഫലങ്ങളെത്തുടര്‍ന്ന് ജര്‍മ്മനിയുടെ തീവ്ര വലതുപക്ഷ ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മ്മനിയുടെ (എഎഫ്ഡി) സഹ നേതാവ് ആലീസ് വീഡല്‍ ഈ വിജയത്തെ 'ചരിത്രപരമായ വിജയം' എന്ന് പ്രശംസിച്ചു.
അതേസമയം മുന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കലിന്റെ പാര്‍ട്ടിയായ സിഡിയു തുരിംഗിയയില്‍ 24.5 ശതമാനവുമായി രണ്ടാം സ്ഥാനത്തും, 14.5 മുതല്‍ 16.0 ശതമാനം വരെ വോട്ടുകളോടെ പുതിയ ഇടതുപക്ഷ പാര്‍ട്ടിയായ സാഹ്റ വാഗെന്ക്നെക്റ്റ് ന്റെ (ബിഎസ്ഡബ്ള്യു) സഖ്യം തൊട്ടുപിന്നാലെയുമുണ്ട്. എന്നാല്‍ ഇവിടെ ഭരണത്തിലിരുന്ന മുഖ്യമന്ത്രി ബോഡോ റാമെലോയുടെ ഇടതുപക്ഷ പാര്‍ട്ടിക്ക് 11.5 മുതല്‍ 12.5 ശതമാനം വരെ വോട്ടു മാത്രമാണ് നേടാന്‍ കഴിഞ്ഞത്. പിന്നിലാക്കി.
എഎഫ്ഡി സംസ്ഥാന ഭരണത്തില്‍ ഏറുമെന്നാണ് നേതാവ് ബിജോണ്‍ ഹോക്കെ പറയുന്നത്. 9.45 വോട്ട് ശതമാനമാണ് എഎഫ്ഡിയ്ക്ക് സംസ്ഥാനത്ത് വര്‍ദ്ധിച്ചത്. സിഡിയുവിന് 1.95 നഷ്ടമായി. ബിഎസ്ഡബ്ള്യുവിന് 15.8% വോട്ടു ശതമാനം കൂടി. മറ്റുള്ള എല്ലാവര്ക്കും നഷ്ടമാണ് ഉണ്ടായത്.
അതേസമയം സാക്സണ്‍ സംസ്ഥനത്തു നടന്ന തിരഞ്ഞെടുപ്പില്‍ തീവ്ര വലതുപക്ഷ എഎഫ്ഡി, യാഥാസ്ഥിതിക സിഡിയുവുമായി ഏറ്റുമുട്ടിയപ്പോള്‍ ക്രിസ്ററ്യന്‍ ഡമാേക്രാറ്റിക് പാര്‍ട്ടി സിഡിയു ഒന്നാം സ്ഥാനത്തെത്തി. ഇവിടെ സിഡിയു 31.9 ശതമാനം വോട്ടു നേടി. എഎഫ്ഡി 30.6 ശതമാനം വോട്ടുകളുമായി തൊട്ടുപിന്നിലുണ്ട്. ബിഎസ്ഡബ്ള്യു 11.8% ഉം, നേടി. ഗ്രീന്‍ 5.1%,ദി ലിങ്കെ 4.5%, എഫ് ഡബ്ള്യു 2.3%, എഫ്ഡിപി 09% ഉം നേടി.
അതേസമയം, ചാന്‍സലര്‍ ഒലാഫ് ഷോള്‍സിന്റെ സോഷ്യല്‍ ഡെമോക്രാറ്റുകള്‍ (എസ്പിഡി) ഇരുസംസ്ഥാനങ്ങളിലും (സാക്സന്‍ 7.3%), (തൂരിംഗന്‍ 6.5) നിരാശാജനകമായ ഫലമാണ് നേടിയത്. ആകെയുള്ള 120 സീറ്റില്‍ നിയമസഭയിലെ അംഗബലം സിഡിയു 42, എഎഫ്ഡി 41, ബിഎസ്ഡബ്ള്യു 15,എസ്പിഡി 10,ഗ്രീന്‍സ് 7,ദി ലിങ്കെ 6, എഫ് ഡബ്ള്യു 1 എന്നിങ്ങനെയാണ്.