ഓക്സ്ഫഡിന്റെ ചാൻസിലറാകാൻ പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻഖാൻ; മത്സരം ജയിലിൽ കിടന്ന്
Mail This Article
ലണ്ടൻ ∙ ലോകത്തിലെ മുൻനിര സർവകലാശാലകളിൽ ഒന്നായ ഓക്സ്ഫഡിന്റെ ചാൻസിലറാകാൻ പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും. ക്രിക്കറ്റിൽനിന്നും രാഷ്ട്രീയത്തിലെത്തി പ്രധാനമന്ത്രിയായ ഇമ്രാന് ഒക്ടോബർ 28ന് നടക്കുന്ന മത്സരത്തിൽ വിജയിക്കാനാകുമോ എന്നാണ് ക്രിക്കറ്റ് ആരാധകരും രാഷ്ട്രീയ അനുയായികളും ആകാംഷയോടെ കാത്തിരിക്കുന്നത്. പാക്കിസ്ഥാനെ ലോകകപ്പ് ക്രിക്കറ്റ് വിജയത്തിലേക്ക് നയിച്ച നായകന് ഓക്സ്ഫഡിലേക്കുള്ള ഈ പരീക്ഷ അത്ര എളുപ്പമല്ലെന്നാണ് വിദ്യാഭ്യാസ രംഗത്തുള്ളവരുടെ വിലയിരുത്തൽ.
ഇമ്രാൻ ഖാനെ ഈ മത്സരത്തിലേക്ക് നാമനിർദേശം ചെയ്തത് കൺസർവേറ്റീവ് പാർട്ടി അംഗമായ ലോർഡ് ഡാനിയേൻ ഹനാനാണ്. ഇക്കാര്യം അദ്ദേഹം സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചതോടെ ഇമ്രാനെ അനുകൂലിച്ചും പ്രതികൂലിച്ചും ആയിരക്കണക്കിന് ആളുകളാണ് രംഗത്തെത്തിയത്.
രാഷ്ട്രീയ പ്രേരിതമായ കേസുകളുടെ 14 വർഷത്തേക്ക് പാക്കിസ്ഥാനിലെ ജയിലിൽ കഴിയുന്ന ഇമ്രാൻ ഖാൻ ജയിലിൽ കിടന്നാകും ഈ സ്ഥാനത്തേക്ക് മത്സരിക്കുക. ജയിൽ മോചനത്തിനായുള്ള കുറുക്കുവഴിയാണ് ഓക്സ്ഫഡ് ചാൻസിലറാകാനുള്ള മത്സരമെന്നും വിമർശനമുണ്ട്. രാഷ്ട്രീയ എതിരാളികൾ കരുതിക്കൂട്ടി ഉണ്ടാക്കിയ കേസിലാണ് ഇമ്രാൻ ജയിലിൽ ആയതെന്നാണ് അനുയായികളുടെ വാദം. ഇതിനെതിരായ പോരാട്ടത്തിന് പിന്തുണ ലഭിക്കാൻ ഓക്സ്ഫെഡിലെ സ്ഥാനാർഥിത്വം സഹായിക്കുമെന്നും പഫയുന്നു.
ബ്രിട്ടനിലെ ബ്രാഡ്ഫോർഡ്ഷെയർ യൂണിവേഴ്സിറ്റിയിൽ നേരത്ത ഇമ്രാൻ ഖാൻ ചാൻസിലർ പദവി അലങ്കരിച്ചിട്ടുണ്ട്. അന്ന് തന്റെ ഉത്തരവാദിത്വങ്ങൾ കൃത്യമായി നിറവേറ്റുന്നതിൽ ഇമ്രാൻ പരാജയപ്പെട്ടു എന്നാണ് വിമർശകർ ഉന്നയിക്കുന്ന പ്രധാന ആരോപണം. അങ്ങനെയൊരു വ്യക്തിക്ക് ലോകോത്തര സർവകലാശാലയായ ഓക്സ്ഫെഡിനെ എങ്ങനെ നയിക്കാനാകും എന്ന പ്രസക്തമായ ചോദ്യവും അവർ ഉന്നയിക്കുന്നു. മത്സരത്തിൽ ജയിച്ചാലും രാഷ്ട്രീയ കേസിൽ കുറ്റവിമുക്തനാകാതെ ജയിലിൽ തന്നെ കിടക്കേണ്ട സാഹചര്യമുണ്ടായാൽ യൂണിവേഴ്സിറ്റിയിലെ ഉത്തരവാദിത്വങ്ങൾ അദ്ദേഹത്തിന് എങ്ങനെ നിറവേറ്റാനാകും എന്ന ചോദ്യവും വിമർശകർ ഉന്നയിക്കുന്നു.
ലോക നിലവാര പട്ടികയിൽ ആദ്യ പത്തിൽ സ്ഥാനം പിടിച്ച രണ്ട് യുകെ സർലവകലാശാലകളാണ് ഓക്സ്ഫെഡും കേംബ്രിജും. ഇമ്രാൻ ഖാന്റെ ആഗോള പ്രശസ്തി സർവകലാശാലയ്ക്ക് മുതൽകൂട്ടാകും എന്നാണ് ഡാനിയേൽ ഹന്നാന്റെ വാദം. 14 വർഷത്തെ ജയിൽശിക്ഷയിൽ ഒരുവർഷം മാത്രം പൂർത്തിയാക്കിയ ഇമ്രാനെ തിരഞ്ഞെടുത്താൽ ചാൻസിലറുടെ കസേരയിൽ ക്രിക്കറ്റ് ബാറ്റ് വച്ച് ചടങ്ങുകൾ നടത്തേണ്ടിവരുമെന്ന പരിഹാസവും വിമർശകർ ഉന്നയിക്കുന്നുണ്ട്. യൂണിവേഴ്സിറ്റിയിലെ പൂർവവിദ്യാർഥികളും ബിരുദ്ധ വിദ്യാർഥികളും അധ്യാപകരും വിദ്യാഭ്യാസ വിദഗ്ധരും ഒക്കെ ഉൾപ്പെടുന്ന രണ്ടര ലക്ഷത്തോളം വോട്ടർമാർ ഓൺലൈൻ വോട്ടെടുപ്പിലൂടെ ഒക്ടോബർ 28നാണ് പുതിയ ചാൻസിലറെ തിരഞ്ഞെടുക്കുന്നത്.
നിലവിലുണ്ടായിരുന്ന ചാൻസിലർ ക്രിസ് പാറ്റേൺ രാജിവച്ച ഒഴിവിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. മുൻ വിദേശകാര്യ സെക്രട്ടറി വില്യം ഹേഗ്, എല്ലിഷ് അൻജിയോലിനി, പീറ്റർ മാൻഡേൽസൺ, ഡൊമിനിക് ഗ്രീവ്, മേജർ ജനറൽ അലിസ്റ്റർ ബ്രൂസ് എന്നിവരാണ് ഇമ്രാൻ ഖാനൊപ്പം ചാൻസിലർ പദവിയിലേക്ക് മത്സരിക്കുന്നത്.