സ്വീഡനിൽ നൃത്തം വിസ്മയം തീർത്ത് തരംഗ് സ്കൂൾ ഓഫ് ഇന്ത്യൻ ഡാൻസ് ആൻഡ് മ്യൂസിക്
Mail This Article
സ്റ്റോക്ക്ഹോം ∙ സ്വീഡനിൽ സ്വീഡിഷ് പൗരന്മാരെയും ഇന്ത്യക്കാരെയും ഒന്നിപ്പിച്ച് ഇന്ത്യൻ കലകൾക്ക് ഒരു പുത്തൻ തരംഗം സൃഷ്ടിച്ചിരിക്കുകയാണ് തരംഗ് സ്കൂൾ ഓഫ് ഇന്ത്യൻ ഡാൻസ് ആൻഡ് മ്യൂസിക്. ഇന്ത്യൻ എംബസി, ഇന്ത്യ അൺലിമിറ്റഡ് എന്നിവരുടെ സഹകരണത്തോടെ നടന്ന നമസ്‌തെ സ്റ്റോക്ക്‌ഹോം പരിപാടിയിൽ വച്ച് ഈ വർഷം ഇവർ അവതരിപ്പിച്ച കലാവിരുന്ന് പ്രേക്ഷകരെ ത്രസിപ്പിച്ചു.
‘തരംഗ് കാത്വത്വ’ അഥവാ ‘പഞ്ചഭൂത’ എന്ന തീമാണ് ഇത്തവണത്തെ പ്രകടനത്തിന്‍റെ ആശയം. ഭൂമി, ജലം, അഗ്നി, വായു, ആകാശം എന്നീ അഞ്ചു ഭൂതങ്ങളെ പ്രതിനിധീകരിച്ച് വിവിധ ഇന്ത്യൻ നൃത്തരൂപങ്ങൾ അവതരിപ്പിച്ചു. ഭൂമിയെ പ്രതിനിധീകരിച്ച് ഭരതനാട്യവും കുച്ചിപ്പുടിയും, ജലത്തെ പ്രതിനിധീകരിച്ച് വള്ളംകളി നൃത്ത രൂപത്തിലും, അഗ്നിയെ പ്രതിനിധീകരിച്ച് ബിബോജാന് എന്ന ധീരവനിതയുടെ രാജ്യസ്നേഹത്തെ കഥകിലും, വായുവിനെ പ്രതിനിധീകരിച്ച് ബോളിവുഡ് ഹിപ്‌ഹോപ്പും, ആകാശത്തെ പ്രതിനിധീകരിച്ച് ഐഎസ്ആർഒയുടെ വിക്ഷേപണവും നൃത്ത രൂപത്തിൽ ആവിഷ്കരിച്ചു.
കേവലം 16 വിദ്യാർഥികളുമായി തുടങ്ങിയ തരംഗ് സ്കൂൾ ഓഫ് ഇന്ത്യൻ ഡാൻസ് ആൻഡ് മ്യൂസിക് ഒരു വർഷം കൊണ്ട് 250-ലധികം വിദ്യാർഥികളെ ഇന്ത്യൻ നൃത്തം പഠിപ്പിക്കുന്ന നിലയിലേക്ക് വളർന്നു. കലാശ കോട്ടായി ഒരു ദേശഭക്‌തി ഗാനത്തിനോടൊപ്പം 53 ഡാൻസേർസ് ചേർന്ന് നൃത്തം ആടി. സ്വാതി അനിഷ്, അദ്രിജ പി മേനോൻ, ദീപിക നാരായൺ വിനായക് എന്നിവർ ആണ് ഈ നടന വിസ്മയത്തിന്‍റെ സാരഥികൾ ആയി പ്രവർത്തിച്ചത്
കഴിഞ്ഞ 8 വർഷമായി നടന്നുവരുന്ന നമസ്‌തെ സ്റ്റോക്ക്‌ഹോം പരിപാടിയിൽ ആദ്യ വർഷം തന്നെ ഈ സ്കൂൾ പങ്കെടുത്തിരുന്നു. എന്നാൽ ഈ വർഷം അവതരിപ്പിച്ച പരിപാടി പ്രേക്ഷകരുടെ മനസ്സിൽ അടയാളപ്പെടുത്തപ്പെട്ടു. 10000-ലധികം പേർ പങ്കെടുത്ത ഈ പരിപാടിയിൽ തരംഗ് സ്കൂളിന്‍റെ പ്രകടനം വലിയ കയ്യടികൾ നേടി.