പോർട്‌സ്മൗത്തിൽ ഗ്രേറ്റ് ബ്രിട്ടൻ രൂപതയ്ക്ക് അഞ്ചാമത്തെ ഇടവക ദേവാലയം; ഔദ്യോഗിക പ്രഖ്യാപനം എട്ടാം തീയതി
Mail This Article
ബർമിങ്ഹാം∙ ഗ്രേറ്റ് ബ്രിട്ടനിലെ സിറോ മലബാർ കത്തോലിക്കാ രൂപത രൂപീകൃതമായി എട്ട് വർഷം പൂർത്തിയാകുന്നതിന്‍റെ ഭാഗമായി, അഞ്ചാമത്തെ ഇടവകയായി പോർട്‌സ്മൗത്തിൽ 'ഔർ ലേഡി ഓഫ് ദി നേറ്റിവിറ്റി ആൻഡ് സെന്‍റ് പോൾസ്' സിറോ മലബാർ മിഷൻ പ്രഖ്യാപിക്കപ്പെടുന്നു.
സെപ്റ്റംബർ 8 ന്, രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പുതിയ ഇടവകയുടെ ഉദ്ഘാടനം നിർവഹിക്കും. മാർ ഫിലിപ്പ് ഈഗന്‍റെ സാനിധ്യത്തിലാണ് ഈ ചടങ്ങുകൾ നടക്കുക. പോർട്‌സ്മൗത്തിലെ വിശ്വാസി സമൂഹത്തിന്‍റെയും, രൂപതയുടെ വികാരി ജനറൽ ഫാ. ജിനോ അരീക്കാട്ടിന്‍റെയും പ്രയത്നങ്ങളുടെ ഫലമാണ് പുതിയ ഇടവക.
പരിശുദ്ധ അമ്മയുടെ നാമധേയത്തിൽ സ്ഥാപിതമായ ഈ മിഷനിൽ, അമ്മയുടെ ജനനതിരുനാൾ ദിനമായ സെപ്റ്റംബർ 8 ന് ഇടവക പ്രഖ്യാപനം നടക്കുന്നത് പ്രത്യേകതയാണ്. സെപ്റ്റംബർ 1 മുതൽ തിരുനാൾ ആഘോഷങ്ങൾ ആരംഭിച്ചിട്ടുണ്ട്. ദൈനംദിന വിശുദ്ധ കുർബാന, നൊവേന, നേർച്ച, കുടുംബ കൂട്ടായ്മകൾ എന്നിവ തിരുനാളിന്‍റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്.
സെപ്റ്റംബർ 8 ന് രാവിലെ ഒൻപത് മണിക്ക് നടക്കുന്ന പ്രധാന കർമ്മത്തിൽ, മാർ ജോസഫ് സ്രാമ്പിക്കൽ വിശുദ്ധ കുർബാന അർപ്പിക്കുകയും ഇടവക പ്രഖ്യാപനം നടത്തുകയും ചെയ്യും. തുടർന്ന് ആഘോഷമായ തിരുന്നാൾ പ്രദക്ഷിണം, ലദീഞ്ഞ്, സ്നേഹവിരുന്ന് എന്നിവയും ഉണ്ടാകും. മിഷൻ ഡയറക്ടർ ഫാ. ജിനോ അരീക്കാട്ട്, കൈക്കാരന്മാരായ ബൈജു മാണി, മോനിച്ചൻ തോമസ്, ജിതിൻ ജോൺ എന്നിവർ എല്ലാവരെയും തിരുനാൾ ആഘോഷങ്ങളിൽ പങ്കെടുക്കാൻ ക്ഷണിച്ചു.