വയനാടിന്റെ കണ്ണീരൊപ്പാൻ ആകാശച്ചാട്ടം നടത്തി 16 വയസ്സുകാരൻ; സമാഹരിച്ച തുക മാതാപിതാക്കളെ നഷ്ടമായ വിദ്യാർഥികൾക്ക്
Mail This Article
ആൾട്രിഹാം ∙ വയനാട് ദുരന്തത്തിൽ മാതാപിതാക്കളെ നഷ്ടമായ വിദ്യാർഥികൾക്ക് കൈത്താങ്ങാവാൻ സ്കൈ ഡൈവിങ് നടത്തി 16 വയസ്സുകാരൻ നോയൽ സാബു. യുകെയിലെ പ്രധാന സ്കൈ ഡൈവിങ് സ്‌പോർടായ നോട്ടിങ്ങാമിലെ ലാങർ എയർ ഫീൽഡിൽ ഇന്നലെയായിരുന്നു സ്‌കൈ ഡൈവിങ്. ചെറുവിമാനത്തിൽ പരിശീലകനൊപ്പം പറന്നുയർന്ന നോയൽ പതിനയ്യായിരം അടി ഉയരത്തിൽ എത്തിയപ്പോൾ വിമാനത്തിന്റെ വാതിലുകൾ തുറന്ന് ആകാശച്ചാട്ടം നടത്തുകയായിരുന്നു.
ആദ്യഘട്ടത്തിൽ പാരച്ചൂട്ട് തുറക്കാതെയുള്ള ഫ്രീ ഫാളായിരുന്നു. പിന്നീട് യാത്ര അയ്യായിരം അടി മാത്രം ശേഷിക്കെ പാരച്ചൂട്ട് തുറന്ന് ആകാശകാഴ്ചകൾ കണ്ടു സാവധാനം ലാൻഡ് ചെയ്യുകയുമായിരുന്നു. പാരച്ചൂട്ട് യാത്രക്കിടയിൽ പലതവണ കരണം മറിയുകയും പാരച്ചൂട്ടിന്റെ പൂർണ നിയന്ത്രണം ഏറ്റെടുത്തുമാണ് നോയൽ തന്റെ ധൗത്യം പൂർത്തിയാക്കിയത്. യുകെയിൽ സ്കൈ ഡൈവിങ് നടത്താനുള്ള പ്രായപരിധി 16 വയസ്സാണ്. ഇതുവഴി മൂന്നുലക്ഷത്തിലധികം തുക നോയൽ സമാഹരിച്ചു.
നോയലിനെ കൂടാതെ 28 പേര് കൂടെ വയനാടിന് വേണ്ടി കൈകോർത്തപ്പോൾ, അറുപതുലക്ഷത്തിൽ അധികം തുക വയനാട്ടിലെ മാതാപിതാക്കൾ നഷ്ടമായ വിദ്യാർഥികൾക്കായി സമാഹരിച്ചുകഴിഞ്ഞു. ഫണ്ട് ശേഖരണം ഇപ്പോഴും തുടരുകയാണ്, ഒരുകോടിയാണ് ലക്ഷ്യം.
വയനാട് ഉണ്ടായ പ്രകൃതി ദുരന്തത്തിന്റെ ആഴം തന്റെ പിതാവിൽ നിന്നും മനസ്സിലാക്കിയ നോയൽ, വാർത്തകളിലൂടെ ദുരന്തത്തിന്റെ ഭീകരത മനസ്സിലാക്കുകയും അവർക്കായി എന്തെങ്കിലും ചെയ്യണമെന്ന് തീരുമാനിക്കുകയുമായിരുന്നു. മുൻപ് സ്‌കൈ ഡൈവിങ് നടത്തിയിട്ടുള്ള തന്റെ പിതാവിൽ നിന്നും കാര്യങ്ങൾ മനസ്സിലാക്കി നോയൽ ഏറെ സാഹസികത നിറഞ്ഞ ഉദ്യമത്തിന് ഇറങ്ങുകയായിരുന്നു.
മാഞ്ചസ്റ്ററിൽ വർഷങ്ങളായി താമസിക്കുന്ന സാബു ചുണ്ടക്കാട്ടിലിന്റെയും സ്മിതയുടെയും രണ്ടു മക്കളിൽ മൂത്തയാളാണ് നോയൽ. ആൾട്രിഹാം സെന്റ് ആംബ്രോസ് കോളേജിലെ ഒന്നാം വർഷ എ ലെവൽ വിദ്യാർഥിയാണ്. പഠനത്തിനൊപ്പം ഒട്ടേറെ ചാരിറ്റി പ്രവർത്തനങ്ങൾ നടത്തുന്ന നോയൽ പാർക്ക് റൺ ഉൾപ്പെടെ നിരവധി ചാരിറ്റി പ്രവർത്തനങ്ങളിൽ പങ്കാളിയായിട്ടുണ്ട്. ഇതേ സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിയായി എഡ്വിനാണ് സഹോദരൻ. കോട്ടയം അതിരമ്പുഴ ചുണ്ടക്കാട്ടിൽ കുടുംബാംഗമാണ്.