ലിവർപൂൾ ‘ലിമ’യുടെ ഓണാഘോഷം സംഘടിപ്പിച്ചു
Mail This Article
ലിവർപൂൾ ∙ ലിവർപൂൾ മലയാളി അസോസിയേഷൻ ഓണാഘോഷം ലിവർപൂൾ കാർഡിനൻ ഹീനൻ സ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. ഇത്തവണത്തെ ആഘോഷത്തോട് അനുബന്ധിച്ചു നടന്ന ഓണ സദ്യയിൽ വിദേശികളും പങ്കെടുത്തു. വില്ലടിച്ചാംപാട്ടും കഥാ പ്രസംഗവും തിരുവാതിര കളിയും നൃത്തങ്ങളും കോമഡി സ്കിറ്റും, ഫിഗർ ഷോയും, കോർത്തിണക്കിയായിരുന്നു കലാപരിപാടികൾ. 12 ഓളം ബ്രാഹ്മണ വേഷധാരികൾ മന്ത്രധ്വനികൾ ഉരുവിട്ട് കൊണ്ട് മഹാബലി മന്നനെ സ്വീകരിച്ചു. ലിവർപൂൾ,നോസിലി മേയർ മേയർ കെൻ മക് ഗൾഷൻ ലിമയുടെ ഓണാഘോഷങ്ങളുടെ മുഖ്യാതിഥിയായിരുന്നു.
ചടങ്ങിൽ അതിഥിയായി സിനിമ താരം പ്രിയ ലാൽ പങ്കെടുത്തു. 12 മണിക്ക് ആരംഭിച്ച 28 ഓളം വിഭവങ്ങൾ കൊണ്ട് സമ്പന്നമായ ഓണ സദ്യ ഗണപതിക്ക് സമർപ്പിച്ചു കൊണ്ടാണ് ആരംഭിച്ചത്. നാട്ടിൽ നിന്നും മക്കളെ സന്ദർശിക്കാൻ എത്തിയ ഇടുക്കി തടിയംപാട് സ്വദേശി മേരി ജോസഫ് കൊച്ചുപറമ്പിലാണ് ഗണപതിക്ക് സദ്യ നിവേദിച്ചത്. അതിന് ശേഷമാണ് ഓണസദ്യ ആരംഭിച്ചത്.
ഓണസദ്യക്കു ശേഷം വാശിയേറിയ പുരുഷ, വനിതാ വടംവലി മത്സരം നടന്നു. വിജയികൾക്ക് ക്യാഷ് അവാർഡുകൾ സമ്മാനിച്ചു. ലിമയുടെ ഓണം ആഘോഷങ്ങൾക്ക് സ്വാഗതം ആശംസിച്ചത് ലിമയുടെ സെക്രട്ടറി ആതിര ശ്രീജിത്ത് ആയിരുന്നു. ഓണ സന്ദേശം ലിമയുടെ പ്രസിഡന്‍റ് സെബാസ്റ്റ്യൻ ജോസഫ് നൽകി.