ഓണം ആഘോഷിച്ച് ന്യൂഹാം മലയാളി കമ്മ്യൂണിറ്റി
Mail This Article
ലണ്ടൻ ∙ ലണ്ടനിലെ പ്രമുഖ മലയാളി സംഘടനയായ ന്യൂഹാം മലയാളി കമ്മ്യൂണിറ്റി തുടർച്ചയായ പതിനെട്ടാം വർഷവും ഓണം ആഘാഷിച്ചു. പതിവുപോലെ രണ്ടു വാരാന്ത്യങ്ങളിലായിരുന്നു ഇത്തവണയും എൻഎംസിയുടെ ഓണാഘോഷം സെപ്റ്റംബർ എട്ടിന് പോർട്ടേഴ്സ് അവന്യൂ മൈതാനത്ത് നടന്ന കായിക മൽസരങ്ങളോടെയായിരുന്നു ആഘോഷങ്ങൾക്ക് തുടക്കം.
വടംവലി, ഷോട്ട്പുട്ട്, കുളംകര, കുട്ടികൾക്കും മുതിർന്നവർക്കുമായുള്ള വിവിധ അത്ലറ്റിക് മൽസരങ്ങൾ, വാട്ടർ ബലൂൺ കാച്ചിംങ് തുടങ്ങിയ മൽസരങ്ങളോടെ നടന്ന സ്പോർട്സ് ഡേ ആയിരുന്നു ആഘോഷത്തിന്റെ ഒന്നാംഘട്ടം. 21ന് ശനിയാഴ്ച കലാ-സാസ്കാരിക പരിപാടികളും ഓണസദ്യയുമായി ആഘോഷങ്ങൾ സമാപിച്ചു.
ശനിയാഴ്ച രാവിലെ 11ന് ആരംഭിച്ച ആഘോഷപരിപാടികൾ രാത്രി വൈകി ഫ്ലാഷ് മോബോടെയാണ് സമാപിച്ചത്. സന്ദർശക വിസയിൽ നാട്ടിൽനിന്നും കുടുംബാംഗങ്ങളെ സന്ദർശിക്കാനെത്തിയ മാതാപിതാക്കൾ ചേർന്ന് തിരിതെളിച്ചാണ് സാസ്കാരിക പരിപാടികൾ ഉദ്ഘാടനം ചെയ്തത്. അത്തപ്പൂക്കളമൊരുക്കിയും മാവേലി മന്നനെ വരവേറ്റും അംഗങ്ങൾ ആഘോഷത്തിന് ആവേശം പകർന്നു.
ഓണസദ്യയ്ക്കു ശേഷം വിവിധ തിരുവാതിരകളി സ്കിറ്റ്, നാടോടി നൃത്തം, സംഗീത-നൃത്താവതരണങ്ങൾ തുടങ്ങിയ കലാപരിപാടികളും കസേരകളി, ഊരാക്കുടുക്ക്, തുടങ്ങി നിരവധി മൽസരങ്ങളും ആഘോഷങ്ങളുടെ ഭാഗമായി. രാത്രി ഫ്ളാഷ് മോബോടെ ആഘോഷങ്ങൾ സമാപിച്ചു.