ഓസ്ട്രിയയില്‍ തീവ്ര വലതുപക്ഷം പിടിമുറുക്കി
Mail This Article
ബര്‍ലിന്‍ ∙ ഓസ്ട്രിയയിലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍, തീവ്ര വലതുപക്ഷ ഫ്രീഡം പാര്‍ട്ടി പാര്‍ലമെന്റിലെ ഏറ്റവും ശക്തമായ വിഭാഗമായി. ചരിത്രത്തിലാദ്യമായി യാഥാസ്ഥിതിക പാര്‍ട്ടിയെ തോല്‍പ്പിച്ചു. തീവ്ര വലതുപക്ഷ ഫ്രീഡം പാര്‍ട്ടിയുടെ ചരിത്രവിജയത്തില്‍ യൂറോപ്പ് വീണ്ടും ഞെട്ടി.
ഔദ്യോഗിക ഫലം അനുസരിച്ച്, തീവ്ര വലതുപക്ഷ ഫ്രീഡം പാര്‍ട്ടി 29.2% വോട്ടുകള്‍ നേടി, ചാന്‍സലര്‍ കാള്‍ നെഹാമറിന്റെ മധ്യ വലത് യാഥാസ്ഥിതിക പാര്‍ട്ടി നേടിയത് 26.48% വോട്ടാണ്. ഫലമനുസരിച്ച്, മധ്യ ഇടതുപക്ഷ സോഷ്യല്‍ ഡെമോക്രാറ്റുകള്‍ക്ക് 21.05% വോട്ടുകള്‍ ലഭിച്ചു. കണ്‍സര്‍വേറ്റീവുകളുമായുള്ള നിലവിലെ ഭരണസഖ്യത്തിന്റെ ഭാഗമായ ഗ്രീന്‍സ് 8.03% പിന്തുണ നേടി.
തിരഞ്ഞെടുപ്പ് ഫലം വന്നതിന്റെ പിന്നാലെ ഞായറാഴ്ച രാത്രി , തീവ്ര വലതുപക്ഷ ഫ്രീഡം പാര്‍ട്ടി നേതാവ് ഹെര്‍ബര്‍ട്ട് കിക്ക് തന്റെ പാര്‍ട്ടി മറ്റ് രാഷ്ട്രീയ ശക്തികളുമായി ചര്‍ച്ചയ്ക്ക് തയാറാണെന്ന് പറഞ്ഞു. അതേസമയം ഓസ്ട്രിയന്‍ പ്രസിഡന്റ് അലക്സാണ്ടര്‍ വാന്‍ ഡെര്‍ ബെല്ലന്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ചര്‍ച്ചകള്‍ നടത്താന്‍ രാഷ്ട്രീയ പാര്‍ട്ടികളോട് ആവശ്യപ്പെട്ടു. ഞായറാഴ്ച വൈകുന്നേരത്തോടെ ചാന്‍സലര്‍ നെഹാമര്‍ തോല്‍വി സമ്മതിച്ചു.