ADVERTISEMENT

കല്ലൂർ ( തൃശൂർ)∙ റഷ്യൻ അധിനിവേശ യുക്രെയ്‌നിൽ യുദ്ധത്തിനിടെ കൊല്ലപ്പെട്ട സന്ദീപ് ചന്ദ്രന്റെ ചേതനയറ്റ ശരീരം അവസാനമായി ഒരുനോക്കു കാണാൻ സന്തോഷും റെനിലും എത്തി. സന്ദീപിനൊപ്പം റഷ്യയിലുണ്ടായിരുന്നവരാണ് കൊടകര കനകമല കാട്ടുങ്ങൽ സന്തോഷും (40) എറണാകുളം കുറമ്പശേരി പുന്നയ്ക്കൽ റെനിനും (43). രണ്ടാഴ്ച മുൻപാണ് ഇവർ നാട്ടിലേക്ക് തിരിച്ചെത്തിയത്.

റഷ്യൻ സൈനിക ക്യാംപിലെ കന്റീനിലെ ജോലിക്കെന്നു പറഞ്ഞിട്ടാണ് ചാലക്കുടിയിലെ ഏജന്റ് സന്ദീപ് ഉൾപ്പെടെ 6 പേരെ റഷ്യയിലേക്ക് അയച്ചത്. പോയവരെല്ലാം പല സംഘങ്ങളിലായി ചിതറി. സന്ദീപ് ഉൾപ്പെട്ട സംഘത്തിൽ മറ്റു മലയാളികൾ ഉണ്ടാകാതിരുന്നതിനാൽ വിവരങ്ങൾ കാര്യമായി അറിഞ്ഞിരുന്നില്ലെന്ന് ഇവർ പറയുന്നു.

ആദ്യഘട്ടത്തിൽ കന്റീനിലെ ജോലി തന്നെയായിരുന്നു. പിന്നീട് റഷ്യൻ പാസ്‌പോർട്ട് നൽകുകയും പരിശീലനത്തിൽ ഉൾപ്പെടുത്തുകയുമായിരുന്നു. തിരിച്ച് പ്രതികരിക്കാവുന്ന സ്ഥിതിയായിരുന്നില്ലെന്നും ഇവർ പറയുന്നു.

യുദ്ധം മുറുകിയപ്പോൾ ആയുധങ്ങളും നൽകി സേനക്കൊപ്പം എല്ലാവരെയും അയയ്ക്കുകയായിരുന്നു. സന്ദീപ് കൊല്ലപ്പെട്ടത് ഇന്ത്യയിൽ വലിയ വാർത്തയായതോടെ റഷ്യയിലെ സംഭവവികാസങ്ങൾ തൽക്കാലത്തേക്ക് ആരോടും പറയേണ്ടെന്ന് റഷ്യയിലെ ഏജന്റ് നിർദേശിച്ചിരുന്നു. വിവരങ്ങൾ നാട്ടിലേക്ക് അറിയിച്ചെന്ന് അറിഞ്ഞാൽ യുദ്ധത്തിൽ അപകടസാധ്യത കൂടുതലുള്ള മുൻനിരയിലേക്ക് റഷ്യക്കാർ തങ്ങളെ മാറ്റുമെന്നായിരുന്നു ഭീഷണി. 

യുദ്ധം രൂക്ഷമായ അതിർത്തി ഭാഗത്തേക്ക് തങ്ങളെ വിന്യസിക്കാനുള്ള ശ്രമത്തിനിടെയാണ് എംബസിയുടെ ഇടപെടലുണ്ടായത്. ഇതോടെയാണ് സന്തോഷ്, റെനിൽ, കൊല്ലം മേയന്നൂർ കണ്ണംകര പുത്തൻ വീട്ടിൽ സിബി (27) എന്നിവരെ സംഘത്തിൽ നിന്ന് ഒഴിവാക്കിയതായി അറിയിപ്പ് ലഭിച്ചത്.

മരണമുഖത്തുനിന്നു കരകയറി വരാനായതിന്റെ ആശ്വാസത്തിലായിരുന്നു ഇവർ. ചാലക്കുടിയിലെ ഏജന്റ് വഴി റഷ്യയിലെത്തിയ സംഘത്തിലെ കുട്ടനെല്ലൂർ സ്വദേശി ബിനിൽ, കുറാഞ്ചേരി സ്വദേശി ജെയിൻ എന്നിവരെ യുദ്ധനിരയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെങ്കിലും നാട്ടിലേക്ക് തിരിച്ചുവരാനായിട്ടില്ല. ഇവരുടെ ബന്ധുക്കളും ഇന്നലെ കല്ലൂരിലെത്തിയിരുന്നു.

English Summary:

Santhosh and Renil escaped from Russia to see Sandeep one last time.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com