ബ്രിട്ടനിൽ ആദ്യമായി എത്തിയ മുത്തപ്പൻ വെള്ളാട്ടം; കാണാന്‍ നൂറുകണക്കിനാളുകള്‍, വൈറലായി ചിത്രങ്ങൾ
Mail This Article
ലെസ്റ്റർ/കെന്‍റ്∙ ബ്രിട്ടനിൽ ആദ്യമായി എത്തിയ മുത്തപ്പൻ വെള്ളാട്ടം കാണുവാൻ വിവിധ കേന്ദ്രങ്ങളിൽ നൂറുകണക്കിന് ആളുകൾ ഒപ്പം ചിത്രങ്ങൾ വൈറലും. കെന്‍റ്, ലെസ്റ്റർ എന്നിവിടങ്ങളിലാണ് മുത്തപ്പൻ വെള്ളാട്ടം നടന്നത്. ലെസ്റ്ററിൽ നിന്ന് യുകെ മലയാളിയും ബെറ്റർഫ്രെയിംസ് സ്റ്റുഡിയോ ഫൊട്ടോഗ്രഫറും ആയ സാജു അത്താണി പകർത്തിയ ചിത്രങ്ങളാണ് ഇതിനോടകം സമൂഹ മാധ്യമങ്ങളിൽ വൈറലായത്. ഏതാനം ദിവസങ്ങൾക്ക് മുൻപ് കേരളത്തില്‍ നിന്നും ഗാട്വിക്ക് എയർപോർട്ടിൽ എത്തിയ ദിലീപ് പെരുവണ്ണാന്‍, സതീഷ് പെരുവണ്ണാന്‍, സജില്‍ മടയൻ, വിനോദ് പണിക്കര്‍, അനീഷ്, മനോഹരൻ എന്നിവർ ഉൾപ്പെടുന്ന സംഘമാണ് മുത്തപ്പൻ വെള്ളാട്ടം നടത്തി വരുന്നത്.
ഹൈന്ദവ വിശ്വാസ പ്രകാരം കിരാത മൂര്‍ത്തിയാണ് മുത്തപ്പന്‍. ജാതിമതഭേദമന്യേ മുത്തപ്പന്‍ സകലര്‍ക്കും സമാദരണീയ കാഴ്ചയും അനുഗ്രഹവും ആണെന്ന് വിശ്വാസികൾ സാക്ഷ്യപ്പെടുത്തുന്നു. മലബാർ മേഖലയിലാണ് മുത്തപ്പൻ വെള്ളാട്ടം കൂടുതലായി കണ്ടുവരുന്നത്. മുത്തപ്പന്‍ ഒരുങ്ങിയിറങ്ങി തന്നെ കാണാന്‍ എത്തിയ ഭക്തരെ കൈനീട്ടി വിളിക്കുന്ന കാഴ്ചകളാണ് ഓരോ കേന്ദ്രങ്ങളിലും കാണാനാവുക. ഇതിനോടകം ലെസ്റ്റർ, കെന്‍റ് തുടങ്ങിയ സ്ഥലങ്ങളിൽ വെള്ളാട്ട മഹോത്സവം ഭക്തിസാന്ദമായി നടന്നു. നൂറുകണക്കിനാളുകളാണ് ഇരുസ്ഥലങ്ങളിലും പങ്കെടുത്തത്.
വിവിധ സ്ഥലങ്ങളിൽ മുത്തപ്പൻ സേവാസമിതി, ഹിന്ദു സമാജങ്ങൾ എന്നിവയാണ് വെള്ളാട്ടം സംഘടിപ്പിക്കുന്നത്. ഇനി മാഞ്ചസ്റ്റർ, യോവിൽ എന്നിവിടങ്ങൾ ഉൾപ്പടെയുള്ള സ്ഥലങ്ങളിലാണ് മുത്തപ്പൻ വെള്ളാട്ടം നടക്കുക.