ജര്‍മനിയിലെ സിറോ മലങ്കര കത്തോലിക്കാ സമൂഹം 94ാം പുനരൈക്യ വാര്‍ഷികം ആഘോഷിച്ചു

Mail This Article
ബര്‍ലിന്‍ ∙ മലങ്കര കത്തോലിക്കാസഭയുടെ 94ാം പുനരൈക്യ വാര്‍ഷികം ജര്‍മനിയിൽ സെപ്റ്റംബര്‍ 28ന് രാവിലെ 10 മണിക്ക് മാന്‍ഹൈം ഷോണാവു നല്ലയിടയന്‍ ദേവാലയത്തില്‍ സമൂഹബലിയോടെ ആരംഭിച്ചു. മലങ്കര കത്തോലിക്കാസഭയുടെ ഖാട്ക്കി, പുണെ രൂപതാദ്ധ്യക്ഷന്‍ ഡോ. മാത്യൂസ് മാര്‍ പക്കോമിയോസ് പിതാവിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിച്ച സമൂഹബലിയില്‍ ഗുഡ് ഷെപ്പേര്‍ഡ് ഇടവക വികാരി ഫാ. ഫ്രാന്‍സിസ് ഷ്മെര്‍ബെക്ക്, ജര്‍മനിയിലെ മലങ്കര സഭയുടെ കോഓര്‍ഡിനേറ്റര്‍ ഫാ.സന്തോഷ് തോമസ് കോയിക്കല്‍ തുടങ്ങി ജര്‍മനിയില്‍ സേവനം ചെയ്യുന്ന മലങ്കര സഭ അംഗങ്ങളായ 15 ഓളം വൈദികര്‍ സഹകാര്‍മ്മികരായി.

സമൂഹബലിയുടെ ആരംഭത്തില്‍ തന്നെ ജര്‍മനിയില്‍ തിയോളജിയില്‍ ഉപരിപഠനം നടത്തുന്ന ഫാ.എല്‍ദോ വരച്ച മാര്‍ ഇവാനിയോസ് പിതാവിന്റെ ഛായചിത്രം പക്കോമിയോസ് പിതാവ് അനാച്ഛാദനം ചെയ്തു. മലങ്കര കത്തോലിക്കാ സഭ 2030ല്‍ പുനരൈക്യ ശതാബ്ദി ആഘോഷത്തിന്റെ ഒരുക്കമായി ഇപ്പോള്‍ ആചരിയ്ക്കുന്ന വചന വര്‍ഷം സംബന്ധിച്ച് വിശദമായി സംസാരിച്ചു.

ജര്‍മനിയിലെ 5 മലങ്കര കത്തോലിക്കാ ഇടവകകള്‍ക്കും 5 മിഷന്‍ സെന്ററുകള്‍ക്കും കുർബാനയ്ക്ക് ശേഷം വി.വേദപുസ്തകം നല്‍കി ഉദ്ഘാടനം ചെയ്തു. സ്നേഹവിരുന്നിനു ശേഷം പാരിഷ് ഹാളില്‍ പുനരൈക്യ വാര്‍ഷിക സമ്മേളനം പിതാവും വിശിഷ്ടാതിഥികളും ചേര്‍ന്ന് ഭദ്രദീപം കൊളുത്തി ആരംഭിച്ചു.

ഫാ.സന്തോഷ് സ്വാഗതം ആശംസിച്ചു. പക്കോമിയോസ് പിതാവ് അദ്ധ്യക്ഷപ്രസംഗം നടത്തി. വിശിഷ്ടാതിഥികളായ വികാരി ഫാ. ഫ്രാന്‍സിസ് ഷ്മെര്‍ബെക്ക്, റെജീന ഹെര്‍ലിന്‍ (കാരിത്താസ് അസോസിയേഷന്‍ മാന്‍ഹൈമിന്റെ അധ്യക്ഷ), ജര്‍മനിയിലെ മലങ്കര കത്തോലിക്കാ വൈദികരെ പ്രതിനിധീകരിച്ച് ഫാ. ജോണ്‍ ഇലവിനാക്കുഴിയില്‍ ഒഐസി, ജര്‍മനിയില്‍ സേവനം അനുഷ്ടിക്കുന്ന ബെഥനി, ഡോട്ടേഴ്സ് ഓഫ് മേരി, ഹോളി സ്പിരിറ്റ് സിസ്റേറഴ്സ് എന്നിവരെ പ്രതിനിധീകരിച്ച് സി. ടെസ് ഒഎസ്എസ്, അന്റമായരുടെ പ്രതിനിധിയായി പാസ്റ്ററല്‍ കൗണ്‍സില്‍ വൈസ് പ്രസിഡന്റ് അനൂപ് മുണ്ടേത്ത് എന്നിവര്‍ ആശംസാപ്രസംഗം നടത്തി.

വിവിധ ഇടവകകളില്‍ നിന്നും മിഷന്‍ സെന്ററുകളില്‍ നിന്നുള്ള യുവജനങ്ങളും, മുതിര്‍ന്നവരും വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. ഈ വര്‍ഷത്തെ പുനരൈക്യ വാര്‍ഷികത്തിന് ആതിഥേയത്വം വഹിച്ച സെന്റ് പീറ്റര്‍ ആൻഡ് സെന്റ് പോള്‍ സിറോ മലങ്കര കാത്തലിക് സ്ററുട്ട്ഗാര്‍ട്ട് / ഹൈഡല്‍ബര്‍ഗ് ഇടവക സെക്രട്ടറി ജോമോന്‍ ചെറിയാന്‍ നന്ദി പറഞ്ഞു. 5 മണിയോടെ പരിപാടികള്‍ സമാപിച്ചു. ജര്‍മനിയിലെ വിവിധ സ്ഥലങ്ങളില്‍ നിന്നും ഏകദേശം 300 ഓളം വിശ്വാസികള്‍ പരിപാടികളില്‍ പങ്കെടുത്തു.