അബദ്ധത്തിൽ നായയെ ചവിട്ടി; കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ജർമൻ വനിതയ്ക്ക് കടിയേറ്റു
Mail This Article
കോഴിക്കോട് / തൃശൂർ ∙ റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിൽ ജർമൻ വിനോദ സഞ്ചാരിക്കു തെരുവുനായയുടെ കടിയേറ്റു. ഇന്നലെ വൈകിട്ട് 4.20നു കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ മൂന്നാം പ്ലാറ്റ്ഫോമിലാണു സംഭവം.
കോഴിക്കോട് നിന്നു കൊച്ചിയിലേക്കു പോവുകയായിരുന്ന 14 അംഗ സംഘത്തിലെ ആസ്ട്രിഡ് ഹ്യൂക്കെലിന്റെ (60) വലതു കാലിനാണു തെരുവു നായയുടെ കടിയേറ്റത്. തുടർന്ന് ഇവർ തൃശൂർ സ്റ്റേഷനിൽ ഇറങ്ങിയെന്നു റെയിൽവേ പൊലീസ് സ്ഥിരീകരിച്ചെങ്കിലും ചികിത്സ തേടിയതായി വിവരമില്ല.
കാസർകോട് – തിരുവനന്തപുരം വന്ദേഭാരത് എക്സ്പ്രസിലെ (20633) യാത്രയ്ക്കായി കോഴിക്കോടു സ്റ്റേഷനിലെത്തിയതായിരുന്നു സംഘം. മൂന്നാം പ്ലാറ്റ്ഫോമിലൂടെ സഞ്ചരിക്കുന്നതിനിടെ അബദ്ധത്തിൽ നായയെ ചവിട്ടിയപ്പോഴാണു കടിയേറ്റത്. ആർപിഎഫ് ഉടൻ സ്ഥലത്തെത്തി. റെയിൽവേ സംഘം വൈദ്യസഹായവുമെത്തിച്ചു. സമീപത്തെ ആർപിഎഫ് കേന്ദ്രത്തിലെത്തിച്ച് സോപ്പ് ഉപയോഗിച്ച് മുറിവു കഴുകിയശേഷം കെട്ടി. തുടർ ചികിത്സയ്ക്കു ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു പോകാൻ ഡോക്ടർ നിർദേശിച്ചെങ്കിലും സംഘം യാത്ര തുടരുകയായിരുന്നു. കോഴിക്കോട്ടു നിന്ന് എറണാകുളത്തേക്കാണു സംഘം ടിക്കറ്റെടുത്തിരുന്നത്.
∙ നേരിൽ കണ്ട അനുഭവം പങ്കിട്ട് സാദിഖലി തങ്ങൾ
മലപ്പുറം ∙ തെരുവുനായശല്യം നേരിൽ കണ്ട അനുഭവം പങ്കുവച്ചു മുസ്‍ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ ഫെയ്സ്ബുക് കുറിപ്പ്:
‘തെരുവുനായകളുടെ സ്വൈരവിഹാരം സ്കൂൾ, മദ്രസ വിദ്യാർഥികളായ പിഞ്ചുകുഞ്ഞുങ്ങളടക്കമുള്ള പൊതുജനങ്ങളുടെ ജീവനു ഭീഷണിയാകുന്ന വാർത്തകൾ അനുദിനം നാം കേൾക്കാറുണ്ട്. ഇത്തരത്തിലൊരു ദൗർഭാഗ്യകരമായ അനുഭവത്തിന് ഇന്ന് ദൃക്‌സാക്ഷിയായി. റെയിൽവേ സ്റ്റേഷനിൽ 4.30നുള്ള വന്ദേഭാരതിനായി കാത്തിരിക്കുകയായിരുന്നു. അതിനിടെയാണ് വലിയ ബഹളം കേൾക്കുന്നത്. റെയിൽവേ സ്റ്റേഷനിലുണ്ടായിരുന്ന വിദേശ വനിതയെ തെരുവുനായ ആക്രമിക്കുകയായിരുന്നു. റെയിൽവേ സ്റ്റേഷൻ പോലുള്ള പൊതു ഇടങ്ങളിൽ തെരുവുനായ്ക്കൾ സ്വൈരവിഹാരം നടത്തുന്നുവെന്നത് വളരെ അപകടകരവുമാണ്. സുരക്ഷിത യാത്ര ഉറപ്പുവരുത്താൻ അധികൃതർ തയാറാവണം. ഇത്തരം സംഭവങ്ങൾ ഒഴിവാക്കേണ്ടതാണ്.’