ജർമനിയിൽ വീസ നിയമങ്ങൾ ലഘൂകരിക്കണമെന്ന് സ്റ്റാർട്ട്-അപ്പ് അസോസിയേഷൻ
Mail This Article
ബര്‍ലിന്‍ ∙ വീസ നിയമങ്ങൾ ലഘൂകരിക്കണമെന്നും രാജ്യാന്തര ജീവനക്കാരുടെ പ്രോസസ്സിങ് സമയം കുറയ്ക്കണമെന്നും ജർമനിയിലെ സ്റ്റാർട്ട്-അപ്പ് അസോസിയേഷൻ ആവശ്യപ്പെട്ടു. രാജ്യാന്തര നിയമനങ്ങൾക്കുള്ള നിയമങ്ങൾ സർക്കാർ ലഘൂകരിക്കണമെന്നും അസോസിയേഷൻ അഭ്യർഥിച്ചു.
വീസ നിയന്ത്രണങ്ങൾ ലഘൂകരിക്കുകയും അപേക്ഷാ പ്രോസസ്സിങ് സമയം കുറയ്ക്കുകയും വേണം. പോസിറ്റീവ് സാമ്പത്തിക വളർച്ച നിലനിർത്താൻ ജർമനിക്ക് വിദേശത്ത് നിന്ന് 280,000 തൊഴിലാളികൾ ആവശ്യമാണ്. ജോലിക്കായി രാജ്യത്തേക്ക് വരാൻ ആഗ്രഹിക്കുന്നവർക്ക് ഭരണപരമായ നടപടിക്രമങ്ങൾ ലളിതമാക്കണം.
ജർമനിയിലേക്ക് ജോലിക്ക് വരാൻ ആഗ്രഹിക്കുന്ന കുടിയേറ്റ തൊഴിലാളികൾ പലപ്പോഴും അഭിമുഖീകരിക്കുന്ന പ്രധാന തടസ്സങ്ങളാണ് വീസ നിയന്ത്രണങ്ങളും അപേക്ഷാ പ്രക്രിയയുടെ സമയദൈർഘ്യവും. വീസകൾ നൽകുന്നതിൽ ജർമൻ സംവിധാനം കൂടുതൽ മെച്ചപ്പെട്ടതും വേഗതയേറിയതും സങ്കീർണ്ണമല്ലാത്തതുമായിരിക്കണം.
വിദേശ തൊഴിലാളികളെ സ്വാഗതം ചെയ്യാനുള്ള സർക്കാർ ശ്രമങ്ങളിൽ ജർമൻ കമ്പനികൾ അത്ര തൃപ്തരല്ല. രാജ്യത്തെ 1,859 സ്റ്റാർട്ടപ്പുകളിൽ നിന്ന് വിവരങ്ങൾ ശേഖരിച്ച ജർമൻ സ്റ്റാർട്ട്-അപ്പ് മോണിറ്റർ 2024 അനുസരിച്ച്, 17 ശതമാനം കമ്പനികൾ മാത്രമാണ് വിദേശ നിയമനങ്ങളിൽ സംതൃപ്തരായിട്ടുള്ളത്.
കുടിയേറ്റക്കാരെ ഉൾക്കൊള്ളുന്നതിനും അവർക്ക് തൊഴിൽ അവസരങ്ങൾ നൽകുന്നതിനുമുള്ള ശ്രമങ്ങളുടെ അഭാവം ജർമനിയുടെ പ്രശസ്തിയെ ബാധിച്ചേക്കാം. രാജ്യം ഇതിനകം “അത്ര സൗഹൃദപരമല്ല” എന്ന് കണക്കാക്കപ്പെട്ടിട്ടുണ്ട്. തങ്ങൾ പലപ്പോഴും വംശീയത അനുഭവിക്കുന്നതായി അവിടെ താമസിക്കുന്ന ചില കുടിയേറ്റക്കാർ പറയുന്നതായും അസോസിയേഷൻ കൂട്ടിച്ചേർത്തു.
അടിസ്ഥാന ജർമൻ ഭാഷാ വൈദഗ്ധ്യം അല്ലെങ്കിൽ ഇംഗ്ലിഷിലെ ഇന്‍റർമീഡിയറ്റ് വൈദഗ്ധ്യം, അംഗീകൃത യോഗ്യത, സാമ്പത്തികമായി സുരക്ഷിതരാണെന്നതിന്‍റെ തെളിവ് എന്നിവ പോലുള്ള ചില ആവശ്യകതകൾ മാത്രമേ ചാൻസൻകാർട്ടെ നേടുന്നതിന് പാലിക്കേണ്ടതുള്ളൂ.
ഇന്ത്യൻ തൊഴിലാളികൾക്കും ജർമൻ വിപണിക്കും പരസ്പരമുള്ള നേട്ടങ്ങൾ ലക്ഷ്യമിട്ട് ഇന്ത്യയിൽ നിന്ന് വിദഗ്ധ തൊഴിലാളികളെ ജർമനിയിലേക്ക് കൊണ്ടുവരുന്നതിനുള്ള കരാറുകളും കഴിഞ്ഞ വർഷം ഒപ്പുവച്ചിരുന്നു.