പാബ്ലോ എസ്കോബാറിന്‍റെ ജെറ്റ് വിമാനത്തിന് രൂപമാറ്റം; ചിറകുകളും എൻജിനുമില്ല, ഇനി ആഡംബര എയർബിഎൻബി

Mail This Article
ബ്രിസ്റ്റോൾ ∙ കുപ്രശസ്ത ലഹരി മാഫിയ തലവൻ പാബ്ലോ എസ്കോബാറിന്‍റെ ഉടമസ്ഥതയിലുണ്ടായിരുന്ന പഴയ ജെറ്റ് വിമാനം ആഡംബര എയർബിഎൻബിയായി മാറ്റിയെടുത്തു. ബ്രിസ്റ്റോളിലെ ഒരു എസ്റ്റേറ്റിലാണ് ഈ വിമാനം നിലവിൽ സ്ഥിതി ചെയ്യുന്നത്.
ഹോട്ട് ടബ്, സ്റ്റീം ബാത്ത് തുടങ്ങിയ സൗകര്യങ്ങളും ഇവിടെയുണ്ട്. ഒരു രാത്രിക്ക് 850 പൗണ്ട് വരെയാണ് താമസത്തിനുള്ള നിരക്ക്. 1968ൽ നിർമിച്ച ഈ വിമാനം 1981ൽ സ്വകാര്യ ജെറ്റായി രൂപമാറ്റം ചെയ്തു. 2012 വരെ ഇത് സർവീസ് നടത്തിയിരുന്നു.

സൗത്ത് ഗ്ലൗസെസ്റ്റർഷയറിലെ ഫിൽട്ടൺ എയർഫീൽഡിലേക്കായിരുന്നു അവസാന യാത്ര. വാൽനട്ട് പാനലിങ്, ലെതർ സീറ്റുകൾ, സ്വർണം പൂശിയ ഷവർ, ടോയ്‌ലറ്റ് തുടങ്ങിയവയാണ് വിമാനത്തിലെ സൗകര്യങ്ങൾ. എൻ-സ്യൂട്ട് ടോയ്‌ലറ്റുകളും ഷവറുകളും ഉള്ള രണ്ട് ഡബിൾ ബെഡ്‌റൂമുകളും കിടക്കകളാക്കി മാറ്റാൻ കഴിയുന്ന സീറ്റുകളും ഇതിലുണ്ട്.

41കാരനായ വ്യവസായി ജോണി പാമറാണ് ഈ പദ്ധതിക്ക് പിന്നിൽ. ബ്രിസ്റ്റോൾ സിറ്റി കൗൺസിലിൽ നിന്ന് അദ്ദേഹം ഇതിനായി അനുമതി നേടിയിരുന്നു. "1968ൽ ജപ്പാൻ എയർലൈൻസിനായി നിർമിച്ചതാണ് ഈ വിമാനം.
1981ൽ ഇത് ഒരു സ്വകാര്യ ജെറ്റായി രൂപമാറ്റം ചെയ്തു. പല ഉടമകളും ഇതിനുണ്ടായിരുന്നു. ഒടുവിൽ 2012ൽ ഇത് ഡീകമ്മീഷൻ ചെയ്തു" പാമർ പറഞ്ഞു. നിലവിൽ വിമാനത്തിന് ചിറകുകളോ എൻജിനുകളോ ഇല്ലെങ്കിലും, എയർസ്റ്റെയർ, ലൈറ്റിങ്, മൂന്ന് ടോയ്‌ലറ്റുകൾ, ഷവർ, അടുക്കള, റഫ്രിജറേറ്റർ, കോക്ക്പിറ്റ് ലൈറ്റുകൾ എന്നിവ പ്രവർത്തിക്കുന്നുണ്ട്.

കലാകാരന്മാർക്ക് സംഗീത വിഡിയോകളോ ഫോട്ടോഷൂട്ടുകളോ നടത്താൻ ജെറ്റ് സൗജന്യമായി വാടകയ്ക്ക് നൽകുമെന്ന് പാമർ പറഞ്ഞു. "ഇതൊരു സ്വകാര്യ ഇടമാണ് എന്നതാണ് ഇതിന്‍റെ ആകെത്തുക.

അവർ അങ്ങനെ ചെയ്താലും ഞാൻ പറയില്ല, കാരണം അതിഥികളുടെ സ്വകാര്യതയെ ബഹുമാനിക്കുന്നത് വളരെ പ്രധാനമാണ്," എയർബിഎൻബിയിൽ സെലിബ്രിറ്റികൾ താമസിച്ചിരുന്നോ എന്ന ചോദ്യത്തിന് മറുപടിയായി പാമർ പറഞ്ഞു.