52 വർഷം മുൻപ് കാണാതായ 16 വയസ്സുകാരിയുടെ ചിത്രം തുമ്പായി ; ഷീല തിരോധനത്തിന്‍റെ ചുരുൾ അഴിച്ച് പൊലീസ്

Mail This Article
വെസ്റ്റ് മിഡ്‌ലാൻഡ്‌സ്∙ അരനൂറ്റാണ്ടു മുൻപ് കാണാതായ ഷീല ഫോക്‌സിന്‍റെ അവ്യക്തമായ ചിത്രം തുമ്പായി. നീണ്ട 52 വർഷത്തെ അന്വേഷണത്തിന് വിരാമിട്ടാണ് ഈ ചിത്രം ഷീല ഫോക്‌സ് തിരോധനത്തിന്‍റെ ചുരുൾ അഴിച്ചത്. കോൾഡ് കേസ് വീണ്ടും പരിശോധിക്കുന്നതിനുള്ള നീക്കത്തിന്‍റെ ഭാഗമായി പൊലീസ് സമൂഹ മാധ്യമങ്ങളിലും ഔദ്യോഗിക വെബ്‌സൈറ്റിലും അവ്യക്തമായ ചിത്രം പങ്ക് വച്ച് വിവരം തേടുകയായിരുന്നു. പൊതുജനങ്ങളിൽ നിന്ന് അതിവേഗമാണ് പ്രതികരണം ലഭിച്ചത്.
ഈ ലീഡ് പിന്തുടർന്ന് പൊലീസ് ഷീല ഫോക്‌സിനെ കണ്ടെത്തുകയായിരുന്നു. 1972ൽ പതിനാറുകാരിയായിരുന്ന ഷീല കോവെൻട്രിയിൽ നിന്ന് അപ്രത്യക്ഷയായത് വെസ്റ്റ് മിഡ്‌ലാൻഡ്‌സ് പൊലീസിനെ കുഴപ്പിച്ച സംഭവമായിരുന്നു.
കുടുംബത്തോടൊപ്പം താമസിച്ചിരുന്ന ഷീല പ്രായമായ ഒരാളുമായി പ്രണയത്തിലായിരുന്നു എന്ന ഊഹാപോഹങ്ങൾ ഉണ്ടായിരുന്നെങ്കിലും തെളിവുകളൊന്നും ലഭിച്ചിരുന്നില്ല. ഷീലയുടെ പഴയൊരു ഫോട്ടോ പുറത്തുവിട്ട പൊലീസിന് ഇത്തവണ മണിക്കൂറുകൾക്കുള്ളിൽ നിർണായക വിവരങ്ങൾ ലഭിച്ചു.
ഷീല സുരക്ഷിതയാണെന്നും രാജ്യത്തിന്‍റെ മറ്റൊരു ഭാഗത്ത് താമസിക്കുന്നുണ്ടെന്നും പൊലീസ് സ്ഥിരീകരിച്ചു. "കാണാതായ ഓരോ വ്യക്തിക്കും ഒരു കഥയുണ്ട്. അവരുടെ കുടുംബങ്ങളും സുഹൃത്തുക്കളും അവർക്ക് എന്താണ് സംഭവിച്ചതെന്ന് അറിയാൻ അർഹതയുണ്ട്," ഡിറ്റക്റ്റീവ് സാർജന്റ് ജെന്ന ഷാ പറഞ്ഞു.
പഴയ കേസുകൾ പുനഃപരിശോധിക്കുന്നതിനും അന്വേഷിക്കുന്നതിനും പ്രത്യേക പൊലീസ് സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഫോറൻസിക്‌സിലെയും സാങ്കേതികവിദ്യയിലെയും പുരോഗതി ഈ സംഘത്തിന് ഏറെ സഹായകരമാണ്.