ADVERTISEMENT

ബര്‍ലിന്‍ ∙ യുകെയിൽ പ്രവേശിക്കാൻ യൂറോപ്യൻ യൂണിയനിൽ (ഇയു) ഉൾപ്പെടാത്ത യാത്രക്കാർ 10 പൗണ്ട് അല്ലെങ്കിൽ 12 യൂറോ ഇടിഎ ഫീസായി നൽകണമെന്ന പുതിയ ചട്ടം ജനുവരി 8 മുതൽ പ്രാബല്യത്തിലായി. യൂറോപ്പിലുടനീളം താമസിക്കുന്ന ഇയു ഇതര പൗരന്മാര്‍ ഇനി മുതൽ യുകെയില്‍ പ്രവേശിക്കുന്നതിന് ഇലക്ട്രോണിക് ട്രാവല്‍ ഓതറൈസേഷന് (ഇടിഎ) ഫീസ് നല്‍കണം. യൂറോപ്യന്‍ യൂണിയന്‍ പൗരന്മാരും ഉടന്‍ തന്നെ 10 പൗണ്ട് (12 യൂറോ) ഫീസ് അടയ്ക്കേണ്ടി വരുമെന്നാണ് വിവരം.

∙ എന്താണ് ഇടിഎ?
വിനോദസഞ്ചാരികളെ പോലുള്ള വീസ രഹിത യാത്രക്കാര്‍ യുകെയിലേക്കുള്ള  യാത്രയ്ക്ക് മുൻപ് ഓണ്‍ലൈനായി അപേക്ഷിക്കേണ്ട എന്‍ട്രി അനുമതിയാണിത്.  10 പൗണ്ട് ആണ് ഫീസ് നൽകേണ്ടത്. 2 വർഷമാണ് കാലാവധി. ഇക്കാലയളവിൽ യുകെയിലേയ്ക്ക് ഒന്നിലധികം തവണ പ്രവേശിക്കാം. യുഎസ്എയുടെ ഇഎസ്​ടിഎ  വീസ ഒഴിവാക്കലിന്റെ മാതൃകയിലാണ്, കൂടാതെ ടൂറിസം, ഹ്രസ്വകാല താമസങ്ങള്‍, കുടുംബ അവധികള്‍ എന്നിവയുള്‍പ്പെടെ എല്ലാത്തരം യാത്രകള്‍ക്കും ഇത് ആവശ്യമാണ്.

∙ ആർക്കൊക്കെ ബാധകം
യുകെയുടെ ഇടിഎ മൂന്ന് ഘട്ടങ്ങളിലായാണ് അവതരിപ്പിച്ചത്; ബഹ്റൈന്‍, കുവൈറ്റ്, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്നീ രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് ഇടിഎ ആവശ്യമാണ്. 2025 ജനുവരി 8  മുതല്‍, അമേരിക്കക്കാര്‍, ഇന്ത്യക്കാര്‍, കാനഡക്കാര്‍, ഓസ്ട്രേലിയക്കാര്‍, ന്യൂസിലന്‍ഡുകാര്‍ എന്നിവരുള്‍പ്പെടെ എല്ലാ ഇയു ഇതര അല്ലെങ്കില്‍ ഇഇഎ ഇതര രാജ്യങ്ങളിലെ പൗരന്മാര്‍ക്കും  ഇടിഎ ആവശ്യമാണ്.

ഇയുവില്‍ താമസിക്കുന്നുണ്ടെങ്കിലും ഇയു ഇതര പൗരനാണെങ്കില്‍ പോലും ഇയു പാസ്പോര്‍ട്ട് ഇല്ലെങ്കില്‍ ഇനി മുതൽ  ഇടിഎ ആവശ്യമാണ്. അവസാന ഘട്ടത്തില്‍ ഇയു, ഇഇഎ രാജ്യങ്ങള്‍ ഉള്‍പ്പെടുന്നു. അന്‍ഡോറ, ഓസ്ട്രിയ, ബെല്‍ജിയം, ബള്‍ഗേറിയ, ക്രൊയേഷ്യ, സൈപ്രസ്, ചെക്കിയ, ഡെന്‍മാര്‍ക്ക്, എസ്തോണിയ, ഫിന്‍ലാന്‍ഡ്, ഫ്രാന്‍സ്, ജര്‍മ്മനി, ഗ്രീസ്, ഹംഗറി, ഐസ്​ലൻഡ്,ഇറ്റലി, ലാത്വിയ, ലിച്ചെന്‍സ്റൈ്റന്‍, ലിത്വാനിയ, മക്സാല്‍റ്റാന്‍, മൊണാക്കോ, നെതര്‍ലൻഡ്, നോര്‍വേ, പോളണ്ട്, പോര്‍ച്ചുഗല്‍, റൊമാനിയ, സാന്‍ മറിനോ, സ്ളൊവാക്യ, സ്ളോവേനിയ, സ്പെയിന്‍, സ്വീഡന്‍, സ്വിറ്റ്സര്‍ലന്‍ഡ്, വത്തിക്കാന്‍ സിറ്റി എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാര്‍ക്ക് ഏപ്രില്‍ 2 മുതല്‍ ഇടിഎ ആവശ്യമാണ്.

ഒരേയൊരു അപവാദം ഐറിഷ് പാസ്പോര്‍ട്ടില്‍ യാത്ര ചെയ്യുന്ന ആളുകള്‍ മാത്രമാണ് (യുകെയ്ക്കും അയര്‍ലണ്ടിനും ഇടയിലുള്ള കോമണ്‍ ട്രാവല്‍ ഏരിയ കാരണം). യുകെ ഇരട്ട പൗരത്വമുള്ളവർക്ക് അവരുടെ യുകെ പാസ്പോര്‍ട്ട് ഉപയോഗിച്ചുള്ള യാത്രകളിൽ ഇടിഎ ആവശ്യമില്ല.  എന്നാൽ ബ്രിട്ടീഷ് പങ്കാളിയുള്ള യൂറോപ്യന്‍ യൂണിയന്‍ ഇതര, യൂറോപ്യന്‍ യൂണിയന്‍ പൗരന്മാര്‍ക്ക് ഇപ്പോഴും ഇടിഎ ആവശ്യമാണ്.

യുകെ വീസ ഉടമകൾ അല്ലെങ്കിൽ  യുകെയില്‍ റെസിഡന്‍സി സ്റ്റേറ്റസുള്ള  ആരെങ്കിലും (ഉദാഹരണത്തിന് ബ്രെക്സിറ്റിന് മുമ്പ് താമസം മാറിയവരും സെറ്റില്‍ഡ് അല്ലെങ്കില്‍ പ്രീ-സെറ്റില്‍ഡ് സ്റ്റേറ്റസുള്ളവരുമായ ഇയു പൗരന്മാര്‍) ഒഴിവാക്കപ്പെട്ടിട്ടുണ്ട്. അയര്‍ലന്‍ഡില്‍ താമസിക്കുകയും അയര്‍ലന്‍ഡ്, ഗുര്‍ന്‍സി, ജഴ്സി അല്ലെങ്കില്‍ ഐല്‍ ഓഫ് മാന്‍ എന്നിവിടങ്ങളില്‍ നിന്ന് യാത്ര ചെയ്യുന്നവരുമെങ്കിൽ  ഇടിഎ ആവശ്യമില്ല. അല്ലാത്തപക്ഷം എല്ലാവര്‍ക്കും ആവശ്യമാണ്.

കുട്ടികളോ കുഞ്ഞുങ്ങളോ ഉള്‍പ്പെടെ, ബ്രിട്ടീഷ് പങ്കാളിയുള്ള യൂറോപ്യന്‍ യൂണിയന്‍ പൗരന്മാര്‍, യുകെയിലൂടെ കേവലം യാത്ര ചെയ്യുന്ന എയര്‍ലൈന്‍ യാത്രക്കാര്‍. അവധി ദിനങ്ങളും കുടുംബ താമസവും പോലുള്ള ഹ്രസ്വ സന്ദര്‍ശനങ്ങള്‍ക്കാണ് ഇടിഎ ഉദ്ദേശിക്കുന്നത് - ഇത് ആളുകളെ 180 ദിവസത്തില്‍ കൂടുതല്‍ യുകെയില്‍ താമസിക്കാനോ യുകെയില്‍ ജോലി ചെയ്യാനോ അനുവദിക്കുന്നില്ല.

∙എങ്ങനെ അപേക്ഷിക്കാം?
യാത്രയ്ക്ക് മുൻപായി ഓണ്‍ലൈനിലോ യുകെ ഇടിഎ ആപ്പിലോ അപേക്ഷിക്കണം. സാധാരണയായി മൂന്ന് പ്രവൃത്തി ദിവസങ്ങള്‍ക്കുള്ളില്‍ അപേക്ഷകളിന്മേൽ നടപടിയുണ്ടാകുമെന്നാണ് യുകെ സര്‍ക്കാര്‍ പറയുന്നതെങ്കിലും ചിലപ്പോൾ കാലതാമസം വന്നേക്കാം. ഇടിഎ അനുമതി ലഭിച്ച ശേഷമേ  യുകെയില്‍ പ്രവേശിക്കാന്‍ കഴിയൂ. ഇടിഎ ലഭിച്ചാൽ  യുകെയിലേക്ക് ഒന്നിലധികം യാത്രകള്‍ നടത്താം. ഇക്കാലയളവില്‍ പാസ്പോര്‍ട്ട് പുതുക്കിയിട്ടുണ്ടെങ്കില്‍ വീണ്ടും പുതിയ ഇടിഎയ്ക്ക് അപേക്ഷിക്കണം. ഗ്രൂപ്പായി അപേക്ഷകൾ ചെയ്യാൻ കഴിയില്ല. ഓരോ വ്യക്തികൾക്കും പ്രത്യേകമായി ഇടിഎ നിർബന്ധമാണ്. എന്നാൽ മറ്റൊരാൾക്കു വേണ്ടി  അപേക്ഷിക്കാം.

English Summary:

ETA fee of £10 must be paid to enter the UK

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com